ചൂടായതിനാല്‍ കുടുംബം ഉറങ്ങാന്‍ കിടന്നത് ജനല്‍തുറന്നിട്ട്; വീടിനോടുചേര്‍ന്ന് മുന്തിരിവള്ളികളും; പാമ്പ് ഇതുവഴി കയറിയെന്ന് നിഗമനം; വീടിനോട് ചേര്‍ന്ന് 300 മീറ്ററോളം റബ്ബര്‍ത്തോട്ടം, അതുകഴിഞ്ഞാല്‍ വനമേഖലയും; വനപ്രദേശമായതിനാല്‍ ഇവിടെ പാമ്പുകളെ കാണുന്നത് പതിവ് സംഭവം: പാമ്പുകടിയേറ്റുള്ള ആല്‍ജോയുടെ മരണം നാടിന് കണ്ണീരാകുമ്പോള്‍


ചൂടായതിനാല്‍ കുടുംബം ഉറങ്ങാന്‍ കിടന്നത് ജനല്‍തുറന്നിട്ട്; വീടിനോടുചേര്‍ന്ന് മുന്തിരിവള്ളികളും; പാമ്പ് ഇതുവഴി കയറിയെന്ന് നിഗമനം; വീടിനോട് ചേര്‍ന്ന് 300 മീറ്ററോളം റബ്ബര്‍ത്തോട്ടം, അതുകഴിഞ്ഞാല്‍ വനമേഖലയും; വനപ്രദേശമായതിനാല്‍ ഇവിടെ പാമ്പുകളെ കാണുന്നത് പതിവ് സംഭവം: പാമ്പുകടിയേറ്റുള്ള ആല്‍ജോയുടെ മരണം നാടിന് കണ്ണീരാകുമ്പോള്‍



തൃശൂര്‍: നാടിനെ നടുക്കിയ ഒരു ദുരന്തത്തിന്റെ നടുക്കത്തിലാണ് കൊടശ്ശേരിമലയുടെ താഴ്വാരം. ചൂടില്‍ നിന്ന് ആശ്വാസം തേടി ജനല്‍ തുറന്നിട്ട് ഉറങ്ങിയ ഒരു കുടുംബത്തിന്റെ സന്തോഷത്തിലേക്കാണ് ആ വെള്ളിക്കെട്ടന്‍ പാമ്പ് ഇഴഞ്ഞെത്തിയത്. എട്ടു വയസ്സുകാരന്‍ ആല്‍ജോയുടെ ജീവന്‍ കവര്‍ന്നെടുത്ത ആ രാത്രിയുടെ നടുക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

കടുത്ത ചൂടായതിനാല്‍ ജനലുകള്‍ തുറന്നിട്ടാണ് കുടുംബം കിടന്നുറങ്ങിയിരുന്നത്. വീടിന് മുന്നിലെ പര്‍ഗോളയില്‍ ഗ്ലാസുകള്‍ ഇട്ടിരുന്നില്ല. ഇതിനോട് ചേര്‍ന്ന് മനോഹരമായി പടര്‍ന്നുനില്‍ക്കുന്ന മുന്തിരിവള്ളികളുണ്ട്. ചുവരിലൂടെ ഇഴഞ്ഞു കയറാന്‍ വൈദഗ്ധ്യമുള്ള ഇനം പാമ്പാണ് വീടിനുള്ളില്‍ കയറിയത്. പര്‍ഗോള വഴിയോ, മുന്തിരിവള്ളികളില്‍ തൂങ്ങിയോ ആകാം പാമ്പ് അകത്തെത്തിയതെന്നാണ് പ്രാദേശിക നിഗമനം.

വീടിനോട് ചേര്‍ന്ന് 300 മീറ്ററോളം റബ്ബര്‍ത്തോട്ടമാണ്. അതുകഴിഞ്ഞാല്‍ വനമേഖലയും. കോടശ്ശേരിമല എന്നാണിതറിയപ്പെടുന്നത്. അവിടെയാണ് നാഗത്താന്‍പാറ. വനപ്രദേശമായതിനാല്‍ ഇവിടെ പാമ്പുകളെ കാണുന്നത് പതിവാണെന്നും അടുത്ത ദിവസങ്ങളില്‍ പരിസരത്ത് പാമ്പിന്‍കുട്ടികളെ കണ്ടതായും നാട്ടുകാര്‍ പറഞ്ഞു. എന്നാല്‍, ആര്‍ക്കും കടിയേറ്റതായി കേട്ടിട്ടില്ലെന്നും അവര്‍ പറഞ്ഞു. കിടന്നുറങ്ങിയ സമയത്തുണ്ടായ ദുരന്തം വിശ്വസിക്കാനാകാതെ അമ്പരപ്പിലായിരുന്നു നാട്ടുകാരെല്ലാം.

'നാളെ വരാമെന്ന് പറഞ്ഞ് പോയതാണ്...'

നാട്ടുകാരുടെ പ്രിയങ്കരനായ ആല്‍ജോയെക്കുറിച്ച് അയല്‍വാസി സുനന്ദയ്ക്ക് പറയാനുള്ളത് നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മകളാണ്: 'മിടുക്കനായിരുന്നു അവന്‍. ശനിയാഴ്ച രാത്രി എട്ടു മണിക്ക് പള്ളിയിലെ ചടങ്ങുകള്‍ കഴിഞ്ഞ് വന്നപ്പോഴും വീട്ടില്‍ വന്നിരുന്നു. ഇന്‍സുലിനും തണുത്ത വെള്ളവും എടുത്ത്, 'നാളെ വരാം' എന്ന് പറഞ്ഞാണ് അവന്‍ പോയത്. അത് അവസാനത്തെ യാത്രയാകുമെന്ന് കരുതിയില്ല...'

ഒരു വശത്ത് പ്രിയപ്പെട്ട മകന്‍ ആല്‍ജോയുടെ മരണം, മറുവശത്ത് പാമ്പുകടിയേറ്റ മൂത്തമകന്‍ അനോഷിന്റെ ജീവനായുള്ള പോരാട്ടം. എന്തുചെയ്യണമെന്നറിയാതെ സില്‍ജോ തകര്‍ന്നു നില്‍ക്കുകയാണ്. മകന്റെ വിയോഗം താങ്ങാനാവാതെ അമ്മ ജോണ്‍സി ആശുപത്രിയില്‍ തളര്‍ന്നു വീണു. ഒന്‍പതാം ക്ലാസ്സുകാരിയായ സഹോദരി എയ്ഞ്ചല്‍ ഇപ്പോഴും ആ ഷോക്കില്‍ നിന്നും മുക്തയായിട്ടില്ല.

ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിനാണ് ബന്ധുവിന്റെ പൗരോഹിത്യജൂബിലിക്കായി കുടുംബസമേതം പോകുന്നത്. അതുവരെ ആല്‍ജോയും ജ്യേഷ്ഠന്‍ അനോഷും സുനന്ദയുടെ വീട്ടില്‍ത്തന്നെയായിരുന്നു. രാത്രി എട്ടിന് പരിപാടി കഴിഞ്ഞ് തിരിച്ചെത്തിയശേഷവും ഇവരുടെ വീട്ടിലേക്ക് വന്നു. സുനന്ദയുടെ വീട്ടിലെ ഫ്രിഡ്ജിലാണ് അച്ഛന്‍ സില്‍ജോയ്ക്കും അമ്മ ജോണ്‍സിക്കുമുള്ള ഇന്‍സുലിന്‍ സൂക്ഷിക്കുന്നത്. അതുവെച്ച് തണുത്ത വെള്ളവുമെല്ലാമെടുത്ത് കളിക്കാന്‍ നാളെ വരാമെന്ന് പറഞ്ഞാണ് ശനിയാഴ്ച രാത്രി മടങ്ങിയത്.

തൊട്ടപ്പുറത്തെ തറവാട്ടുവീട്ടില്‍ സില്‍ജോയെ എങ്ങനെ ആശ്വസിപ്പിക്കുമെന്നറിയാതെ പെടാപ്പാടുപെടുകയായിരുന്നു കൂട്ടുകാര്‍. ഒരു ഭാഗത്ത് മകന്റെ വിയോഗത്തിലെ ദുഃഖം, മറുഭാഗത്തു മൂത്തമകന്റെ ജീവന്‍ തിരിച്ചുപിടിക്കാനുള്ള പ്രാര്‍ഥനയും. പ്രതീക്ഷയ്ക്ക് വകനല്‍കി കൂട്ടുകാരൊപ്പം നല്‍ക്കുന്നതുകൊണ്ടുമാത്രം തളരാതെ നില്‍ക്കുകയായിരുന്നു സില്‍ജോ. സങ്കടം താങ്ങാനാകാതെ അമ്മ ജോണ്‍സി തളര്‍ന്നുവീണ് ആശുപത്രിയിലും ആല്‍ജോയുടെ മൂത്തസഹോദരി ഒന്‍പതാംക്ലാസുകാരി എയ്ഞ്ചല്‍ സുനന്ദയുടെ വീട്ടിലുമാണ്.

ചികിത്സയിലുള്ള അനോഷിന്റെ ഇടത്തെ ഉള്ളന്‍ കാലിലും കടിയേറ്റ പാടുണ്ട്. മൂത്തമകളായ എയ്ഞ്ചല്‍ വെള്ളിക്കുളങ്ങരയിലെ അമ്മയുടെ വീട്ടിലായിരുന്നു. കടമ്പോട് എ.എല്‍.പി.എസിലെ രണ്ടാംക്ലാസ് വിദ്യാര്‍ഥിയാണ് ആല്‍ജോ. സംസ്‌കാരം തിങ്കളാഴ്ച മൂന്നിന് കൊടുങ്ങ സെയ്ന്റ് സെബാസ്റ്റ്യന്‍ പള്ളി സെമിത്തേരിയില്‍.