ഭാര്യയുടെ സ്വഭാവത്തിൽ സംശയം, വീട്ടിൽ വഴക്ക് പതിവ്; തർക്കത്തിനിടെ 33-കാരിയുടെ കാല് കോടാലിക്ക് വെട്ടിമാറ്റി; അറുത്തെടുത്ത കാലുമായി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി ഭർത്താവ്

ഭാര്യയുടെ സ്വഭാവത്തിൽ സംശയം, വീട്ടിൽ വഴക്ക് പതിവ്; തർക്കത്തിനിടെ 33-കാരിയുടെ കാല് കോടാലിക്ക് വെട്ടിമാറ്റി; അറുത്തെടുത്ത കാലുമായി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി ഭർത്താവ്

പൽനാട്: ആന്ധ്രാപ്രദേശിലെ പൽനാട് ജില്ലയിൽ നാടിനെ നടുക്കിയ ക്രൂരത. കുടുംബകലഹത്തിനിടെ മുപ്പല്ല മണ്ഡലിലെ തൊണ്ടപ്പി ഗ്രാമത്തിൽ ഭർത്താവ് ഭാര്യയുടെ കാല് കോടാലി കൊണ്ട് വെട്ടിമാറ്റി. ആക്രമണത്തിന് ശേഷം മുറിച്ചെടുത്ത കാലുമായി പ്രതി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ലക്ഷ്മയ്യ എന്നയാളാണ് ഭാര്യ ഭൂലക്ഷ്മിയെ (33) ക്രൂരമായി ആക്രമിച്ചത്.

വ്യാഴാഴ്ചയാണ് പ്രദേശം നടുങ്ങിയ അക്രമം അരങ്ങേറിയത്. ഭൂലക്ഷ്മിയുടെ സ്വഭാവത്തിൽ ലക്ഷ്മയ്യയ്ക്ക് മാസങ്ങളായി സംശയമുണ്ടായിരുന്നുവെന്നും ഇതിനെച്ചൊല്ലി ഇരുവരും നിരന്തരം വഴക്കിടാറുണ്ടായിരുന്നുവെന്നും പോലീസ് പറയുന്നു. സംഭവദിവസം തർക്കം രൂക്ഷമായതോടെ പ്രകോപിതനായ ലക്ഷ്മയ്യ കോടാലി എടുത്ത് ഭൂലക്ഷ്മിയെ തുരുതുരെ വെട്ടുകയായിരുന്നു.

ആക്രമണത്തിനിടെ ഭൂലക്ഷ്മിയുടെ ഒരു കാൽ അറ്റുപോയി. രക്തത്തിൽ കുളിച്ചു കിടന്ന ഭാര്യയെ തിരിഞ്ഞുനോക്കാതെ, അറ്റുപോയ കാൽ കയ്യിലെടുത്ത് ലക്ഷ്മയ്യ നേരെ പോലീസ് സ്റ്റേഷനിലേക്ക് നടന്നുപോയി കീഴടങ്ങുകയായിരുന്നു. നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് രക്തത്തിൽ കുളിച്ചു കിടന്ന ഭൂലക്ഷ്മിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചത്.

അമിതമായി രക്തം വാർന്നുപോയതിനാൽ യുവതിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. സംഭവത്തിൽ ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) പ്രകാരം വധശ്രമത്തിനും മാരകമായി പരിക്കേൽപ്പിച്ചതിനും ലക്ഷ്മയ്യയ്ക്കെതിരെ പോലീസ് കേസെടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.