ബൈക്ക് യാത്രികനെ ഇടിച്ചുനിർത്താതെ പോയ കാർ കണ്ടെത്തി മട്ടന്നൂർ പോലീസ്; ഒരു മാസത്തിനുള്ളിൽ അപകടം ഉണ്ടാക്കി നിർത്താതെ പോയ 4 വാഹനങ്ങൾ പിടികൂടി
മട്ടന്നൂർ: ബൈക്ക് യാത്രികനെ ഇടിച്ചു നിർത്താതെ പോയ കാർ മട്ടന്നൂർ പോലീസിന്റെ പോലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തി.
ഏപ്രിൽ 21നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
മയ്യിൽ സ്വദേശിയായ ഹരീഷ് എന്നയാൾ മട്ടന്നൂരിൽ നിന്നും മയ്യിലിലേക്ക് യാത്ര ചെയ്യുമ്പോൾ വൈകുന്നേരം 05.30 മണിയോടെ തെരൂർ പാലയോടിൽ വെച്ച് പിറകിൽ നിന്നും വന്ന കാർ ഇടിച്ചിട്ട ശേഷം നിർത്താതെ പോവുകയായിരുന്നു. വാഹനമിടിച്ച് റോഡിൽ വീണു കിടന്ന യുവാവിനെ ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് സ്വകാര്യ കാറിൽ ആശുപത്രിയിൽ എത്തിച്ചത്.
ഇടത് കൈക്കും വലതു ഷോൾഡറിനും പരിക്കേറ്റ ഹരീഷ് കണ്ണൂർ എകെജി ആശുപത്രിയിൽ ചികിത്സ തേടി വരികയാണ്. മട്ടന്നൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു നടത്തിയ അന്വേഷണത്തിലാണ് നിർത്താതെ പോയ കാർ കണ്ടെത്തിയത്. അപകടമുണ്ടാക്കിയ കർണാടക മടിക്കേരി സ്വദേശിയുടെ മാരുതി ഫ്രോൺക്സ് കാർ സ്റ്റേഷനിൽ എത്തിച്ച് അശ്രദ്ധമായി വാഹനം ഓടിച്ച് അപകടമുണ്ടാക്കിയതിനും വാഹനമിടിച്ച് നിർത്താതെ പോയതിനുമുള്ള വകുപ്പുകൾ ചേർത്ത് കേസ് രജിസ്റ്റർ ചെയ്ത് കൂടുതൽ അന്വേഷണം നടത്തി വരികയാണ്.
മട്ടന്നൂർ പോലീസ് ഇൻസ്‌പെക്ടർ എ ബിനുവിന്റെ നേതൃത്വത്തിൽ സിവിൽ പോലീസ് ഓഫീസർമാരായ കെ രതീഷ്, സി.എസ് ഷംസീർ അഹമ്മദ് എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തിയത്.
അപകടം ഉണ്ടാക്കി നിർത്താതെ പോവുന്നവർക്കെതിരെ കർശന നടപടികളെടുത്ത് പോലീസ് മട്ടന്നൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ഒരു മാസത്തിനുള്ളിൽ അപകടം ഉണ്ടാക്കി നിർത്താതെ പോയ 4 വാഹനങ്ങളാണ് മട്ടന്നൂർ പോലീസ് പിടികൂടിയത്.
മാർച്ച് 30 രാത്രി 08:30ന് പൊറോറ മുക്ക് എന്ന സ്ഥലത്തു വെച്ച് നാലാങ്കേരി സ്വദേശിയായ കാൽ നടയാത്രക്കാരനെ ഇടിച്ചു നിർത്താതെ പോയ കാറും അന്നേ ദിവസം തന്നെ മട്ടന്നൂരിൽ വെച്ച് കൂത്തുപറമ്പ് നരവൂർ സ്വദേശിയെ ഇടിച്ചു നിർത്താതെ പോയ സ്‌കൂട്ടറും മാർച്ച് 31 നു മരുതായിയിൽ വെച്ച് ബൈക്ക് യാത്രികനെ ഇടിച്ചു നിർത്താതെ പോയ ബൈക്കും നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും അപകട സ്ഥലത്തുനിന്നും ലഭിച്ച വാഹനത്തിന്റെ ഭാഗങ്ങൾ ഉപയോഗിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് വാഹനങ്ങൾ പോലീസ് കണ്ടെത്തുകയും പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് കർശന നടപടികൾ സ്വീകരിച്ചു വരികയാണ്.
