543 സീറ്റുകളില്‍ ആദ്യം വനിത സംവരണം നടപ്പാക്കൂ; ബി.ജെ.പിയുടെ വനിത പ്രാതിനിധ്യം പ്രതിപക്ഷ പാര്‍ട്ടികളേക്കാള്‍ കുറവ്; 240 അംഗങ്ങളുള്ള ബി.ജെ.പിയുടെ വനിത അംഗങ്ങളുടെ എണ്ണം 31 മാത്രം; കണക്കുകള്‍ നിരത്തി മഹുവ മൊയ്ത്രയുടെ വിമര്‍ശനം

543 സീറ്റുകളില്‍ ആദ്യം വനിത സംവരണം നടപ്പാക്കൂ; ബി.ജെ.പിയുടെ വനിത പ്രാതിനിധ്യം പ്രതിപക്ഷ പാര്‍ട്ടികളേക്കാള്‍ കുറവ്; 240 അംഗങ്ങളുള്ള ബി.ജെ.പിയുടെ വനിത അംഗങ്ങളുടെ എണ്ണം 31 മാത്രം; കണക്കുകള്‍ നിരത്തി മഹുവ മൊയ്ത്രയുടെ വിമര്‍ശനം



ന്യൂഡല്‍ഹി: വനിതാ സംവരണത്തിന്റെ പേരില്‍ പ്രതിപക്ഷത്തെ അടിക്കാനിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കും അതേ നാണയത്തില്‍ തിരിച്ചടി നല്‍കി തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര. വനിതാ സംവരണ ബില്ലിനെ ചൊല്ലി ബിജെപി ഉയര്‍ത്തുന്ന അവകാശവാദങ്ങള്‍ വെറും പൊള്ളയാണെന്നാണ് മഹുവയുടെ വാദം. സ്വന്തം പാര്‍ട്ടിയില്‍ സ്ത്രീകള്‍ക്ക് ഇടം നല്‍കാത്തവരാണ് വലിയ വര്‍ത്തമാനം പറയുന്നതെന്നും മഹുവ കണക്കുകള്‍ നിരത്തി തുറന്നുകാട്ടി.

ലോക്‌സഭയിലെ സ്ത്രീ പ്രാതിനിധ്യത്തിന്റെ കണക്കുകള്‍ പരിശോധിച്ചാല്‍ ബിജെപിയാണ് പട്ടികയില്‍ ഏറ്റവും പിന്നിലെന്നാണ് മഹുവയുടെ കണ്ടെത്തല്‍. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിലൂടെയാണ് മഹുവയുടെ വിലയിരുത്തല്‍. നിലവില്‍ 543 അംഗങ്ങളുള്ള ലോക്‌സഭയില്‍ സ്ത്രീ പ്രാതിനിധ്യം ഏറ്റവും കുറഞ്ഞ രാഷ്ട്രീയ പാര്‍ട്ടി ബി.ജെ.പിയാണെന്ന കണക്കുകള്‍ പുറത്തുവിട്ടാണ് മഹുവയുടെ മറുപടി.

ലോക്‌സഭയില്‍ 240 അംഗങ്ങളുള്ള ബി.ജെ.പിയുടെ വനിത അംഗങ്ങളുടെ എണ്ണം 31 മാത്രമാണ്. അതായത് 12.90 ശതമാനം മാത്രം. മറ്റു പാര്‍ട്ടികളുടെ അംഗങ്ങളുടെ എണ്ണവും പ്രാതിനിധ്യവുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും കുറവ് വനിത അംഗങ്ങളുള്ള പാര്‍ട്ടിയാണ് ബി.ജെ.പിയെന്ന് മഹുവ മൊയ്ത്ര തുറന്നുകാട്ടുന്നു.

98 അംഗങ്ങളുള്ള ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസില്‍ വനിത എം.പിമാരുടെ എണ്ണം 14ആണ്. അതായത് 14.30 ശതമാനം. 29 അംഗങ്ങളുള്ള തൃണമൂല്‍ കോണ്‍ഗ്രസില്‍ 14 ആണ് (37.90 ശതമാനം) വനിത അംഗങ്ങളുടെ എണ്ണം. 37 അംഗങ്ങളുള്ള എസ്.പിയില്‍ അഞ്ച് വനിത അംഗങ്ങള്‍ (13.50 ശതമാനം). 22 അംഗങ്ങളുള്ള ഡി.എം.എയില്‍ മൂന്ന് വനിത എം.പിമാര്‍ (13.60 ശതമാനം). 12 എം.പിമാരുള്ള ജെ.ഡി.യുവിന് രണ്ട് വനിത എം.പിമാര്‍ (16.70 ശതമാനം). അഞ്ച് അംഗങ്ങളുള്ള എല്‍.ജെ.പിയില്‍ 2 വനിത അംഗങ്ങള്‍ (40 ശതമാനം)... എന്നിങ്ങനെയാണ് മഹുവ മൊയ്ത്ര പങ്കുവെച്ച കണക്കുകള്‍. പ്രതിപക്ഷ പാര്‍ട്ടികളേക്കാള്‍ കുറഞ്ഞ പ്രാതനിധ്യമാണ് വനിതകള്‍ക്ക് ബി.ജെ.പിയിലെന്ന് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നു.

'പ്രിയ നരേന്ദ്രമോദി, ലോക്‌സഭയിലെ മറ്റു പാര്‍ട്ടികളെ അപേക്ഷിച്ചുനോക്കുമ്പോള്‍ ഏറ്റവും കുറഞ്ഞ വനിത പ്രാതിനിധ്യം നിങ്ങളുടെ പാര്‍ട്ടിയിലാണ്. 543 സീറ്റുകളുടെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ വനിത സംവരണം നടപ്പാക്കുക -അതിന് നിങ്ങളെ തടയുന്നതെന്താണ്' -കണക്കുകള്‍ നിരത്തി മഹുവ മൊയ്ത്ര സമൂഹമാധ്യമമായ എക്‌സില്‍ കുറിച്ചു.