ഭേദഗതി പ്രകാരം ലോക്‌സഭയില്‍ വര്‍ദ്ധിപ്പിക്കുന്ന 816 സീറ്റുകളില്‍ 273 എണ്ണം സ്ത്രീകള്‍ക്കായി സംവരണം ചെയ്യും; ഡി-ലിമിറ്റേഷന്‍ നിയമത്തിലും കേന്ദ്രം ഭേദഗതി കൊണ്ടുവരും; വനിതാ സംവരണം: കേരളത്തില്‍ നിയമസഭാ സീറ്റുകള്‍ 210 ആയി ഉയരും; ലോക്‌സഭയില്‍ മുപ്പതും; അടുത്ത തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ സീറ്റ് കൂടും

ഭേദഗതി പ്രകാരം ലോക്‌സഭയില്‍ വര്‍ദ്ധിപ്പിക്കുന്ന 816 സീറ്റുകളില്‍ 273 എണ്ണം സ്ത്രീകള്‍ക്കായി സംവരണം ചെയ്യും; ഡി-ലിമിറ്റേഷന്‍ നിയമത്തിലും കേന്ദ്രം ഭേദഗതി കൊണ്ടുവരും; വനിതാ സംവരണം: കേരളത്തില്‍ നിയമസഭാ സീറ്റുകള്‍ 210 ആയി ഉയരും; ലോക്‌സഭയില്‍ മുപ്പതും; അടുത്ത തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ സീറ്റ് കൂടും



ന്യൂഡല്‍ഹി: പാര്‍ലമെന്റിലും നിയമസഭകളിലും സീറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ച് സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുന്ന ചരിത്രപരമായ വനിതാസംവരണ ഭേദഗതി ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് ഈ നിര്‍ണ്ണായക തീരുമാനമെടുത്തത്. ഇതനുസരിച്ച് ലോക്‌സഭാ സീറ്റുകള്‍ നിലവിലെ 543-ല്‍ നിന്ന് 816 ആയി വര്‍ദ്ധിക്കും.

പുതിയ ഭേദഗതി നടപ്പിലാകുന്നതോടെ കേരളത്തിലെ രാഷ്ട്രീയ ഭൂപടത്തിലും വലിയ മാറ്റങ്ങളുണ്ടാകും. നിലവില്‍ 140 മണ്ഡലങ്ങളുള്ള കേരള നിയമസഭയില്‍ സീറ്റുകളുടെ എണ്ണം 210 ആയി ഉയരും. അതായത് ഇപ്പോള്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം കേരളത്തില്‍ 70 സീറ്റുകളുടെ ഉയര്‍ച്ചയുണ്ടാകും. കേരളത്തില്‍ നിന്നുള്ള ലോക്‌സഭാ സീറ്റുകളുടെ എണ്ണം നിലവിലെ 20-ല്‍ നിന്ന് 30 ആയി വര്‍ദ്ധിക്കും. ഈ മാസം 16-ന് ആരംഭിക്കുന്ന ബജറ്റ് സമ്മേളനത്തിന്റെ തുടര്‍ച്ചയില്‍ 'നാരീശക്തി വന്ദന്‍ അഭിയാന്‍' ഭേദഗതി ബില്ലും മണ്ഡല പുനര്‍നിര്‍ണ്ണയത്തിനായുള്ള പ്രത്യേക ബില്ലും പാര്‍ലമെന്റില്‍ അവതരിപ്പിക്കും.

കേരളത്തില്‍ ഇന്ന് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടക്കുകയാണ്. എന്നാല്‍, ഇപ്പോള്‍ അംഗീകാരം നല്‍കിയ പുതിയ ഭേദഗതി ഈ തിരഞ്ഞെടുപ്പിനെ ബാധിക്കില്ല. നിലവിലുള്ള 140 മണ്ഡലങ്ങളില്‍ തന്നെയാണ് ഇപ്പോള്‍ വോട്ടെടുപ്പ് നടക്കുന്നത്. 2011-ലെ സെന്‍സസ് അടിസ്ഥാനമാക്കി മണ്ഡല പുനര്‍നിര്‍ണ്ണയം പൂര്‍ത്തിയാക്കിയ ശേഷം 2029-ലെ പൊതുതിരഞ്ഞെടുപ്പ് മുതലായിരിക്കും പുതിയ സംവരണവും വര്‍ദ്ധിപ്പിച്ച സീറ്റുകളും പ്രാബല്യത്തില്‍ വരിക.

ബില്ല് പാസാക്കുന്നതിനായി ബിജെപി ഇതര പാര്‍ട്ടികളുമായി കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ട്. ബിജെഡി, ശിവസേന (ഉദ്ധവ് വിഭാഗം), എന്‍സിപി (ശരദ് പവാര്‍ വിഭാഗം) തുടങ്ങിയ പാര്‍ട്ടികള്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു. എന്നാല്‍ കോണ്‍ഗ്രസ് ഇതുവരെ ചര്‍ച്ചകളുടെ ഭാഗമായിട്ടില്ല. വനിതാ സംവരണം നടപ്പിലാക്കുന്നതിന് കൃത്യമായ കര്‍മ്മപദ്ധതി വേണമെന്നും സര്‍വ്വകക്ഷി യോഗം വിളിക്കണമെന്നുമാണ് കോണ്‍ഗ്രസ്സിന്റെ നിലപാട്.

ഭേദഗതി പ്രകാരം ലോക്‌സഭയില്‍ വര്‍ദ്ധിപ്പിക്കുന്ന 816 സീറ്റുകളില്‍ 273 എണ്ണം സ്ത്രീകള്‍ക്കായി സംവരണം ചെയ്യും. സ്ത്രീകള്‍ക്ക് സംവരണം നല്‍കുമ്പോഴും നിലവിലുള്ള എസ്സി, എസ്ടി സംവരണം മാറ്റമില്ലാതെ തുടരും. മണ്ഡല പുനര്‍നിര്‍ണ്ണയത്തിനായി ഡി-ലിമിറ്റേഷന്‍ നിയമത്തിലും കേന്ദ്രം ഭേദഗതി കൊണ്ടുവരും