ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്ന ചീര പാചകം ചെയ്ത് കഴിച്ചു; താമരശ്ശേരിയില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് ഭക്ഷ്യവിഷബാധ

ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്ന ചീര പാചകം ചെയ്ത് കഴിച്ചു; താമരശ്ശേരിയില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് ഭക്ഷ്യവിഷബാധ



താമരശ്ശേരി: ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്ന ചീര പാചകംചെയ്ത് കഴിച്ചതിനുപിന്നാലെ ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് ഭക്ഷ്യവിഷബാധ. താമരശ്ശേരി അമ്പലമുക്ക് ഹരിശ്രീനിലയത്തില്‍ ശാന്തകുമാരി (68), മകള്‍ ശ്രീജ (43), മരുമകന്‍ സുധീര്‍ (47), സുധീര്‍-ശ്രീജ ദമ്പതിമാരുടെ മകള്‍ ആര്‍ദ്ര (20) എന്നിവര്‍ക്കാണ് ചീര കഴിച്ചതിന് പിന്നാലെ അസ്വസ്ഥതകള്‍ ഉണ്ടായത്.

വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവം. ചോറിനൊപ്പം ചീരകൊണ്ടുള്ള ഉപ്പേരി കഴിച്ചതിനുപിന്നാലെ തലകറക്കവും, പിച്ചും പേയും പറയുന്നതരത്തിലുള്ള ശാരീരികാസ്വസ്ഥതകളും അനുഭവപ്പെട്ടു. ഉടന്‍ തന്നെ ഇവരെ ആദ്യം താമരശ്ശേരിയിലെ സംസ്ഥാനപാതയോരത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് അരയിടത്തുപാലത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഒബ്സര്‍വേഷന്‍ ഐ.സി.യു.വില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ച നാലുപേരെയും നില ഭേദമായതോടെ വെള്ളിയാഴ്ച മുറികളിലേക്കുമാറ്റി.

ഇവര്‍ക്കുപുറമേ ശ്രീജയുടെ ബി.എസ്.എന്‍.എലിലെ സഹപ്രവര്‍ത്തകയായ ഒരു താമരശ്ശേരി സ്വദേശിനിയും ചെറിയതോതില്‍ ചീരകഴിച്ചിരുന്നു. അസ്വസ്ഥത തോന്നിയതിനെത്തുടര്‍ന്ന് ഇവര്‍ താമരശ്ശേരിയിലെ ആശുപത്രിയില്‍ ചികിത്സതേടിയെങ്കിലും പിന്നീട് നില ഭേദപ്പെട്ട് മടങ്ങി.

അയല്‍വാസി കൃഷിചെയ്ത ചീര വാങ്ങി ബുധനാഴ്ചയാണ് ഫ്രിഡ്ജില്‍ സൂക്ഷിച്ചതെന്നും, ഇതിനൊപ്പം വ്യാഴാഴ്ച രാവിലെ തങ്ങളുടെ സ്വന്തം വീട്ടുപറമ്പില്‍നിന്ന് പറിച്ചെടുത്ത ചീരയും ചേര്‍ത്താണ് അന്ന് ഉച്ചയ്ക്ക് ഉപ്പേരി പാചകംചെയ്തതെന്നും വീട്ടുകാര്‍ പറയുന്നു. ചീരയുപ്പേരി കഴിച്ചതിനുപിന്നാലെയായിരുന്നു ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രകടമാക്കിയതും തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സതേടിയതും.