
ന്യൂഡല്‍ഹി: ലോക്സഭയിലെ സീറ്റുകളുടെ എണ്ണം അമ്പത് ശതമാനം വര്‍ധിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം. രാജ്യത്തെ ജനാധിപത്യ ഭൂപടം അട്ടിമറിക്കാനുള്ള നീക്കമാണിതെന്ന് ആരോപിച്ച് പ്രതിപക്ഷം ഒറ്റക്കെട്ടായി രംഗത്തെത്തിയതോടെ വനിതാ സംവരണ ബില്ലും മണ്ഡല പുനര്‍നിര്‍ണയവും സഭയില്‍ വലിയ തര്‍ക്കവിഷയമായി മാറി. നിലവിലുള്ള 543 സീറ്റുകളില്‍ തന്നെ വനിതാ സംവരണം ഉടന്‍ നടപ്പിലാക്കണമെന്നും, അതിനായി മണ്ഡല പുനര്‍നിര്‍ണയം വരെ കാത്തിരിക്കേണ്ടതില്ലെന്നുമാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആവശ്യം. എല്ലാ സംസ്ഥാനങ്ങള്‍ക്കും 50% സീറ്റ് വര്‍ധന ഏര്‍പ്പെടുത്തുമെന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നും ഇത് വെറും വാക്കാലുള്ള ഉറപ്പ് മാത്രമാണെന്നും പ്രതിപക്ഷം ആരോപിച്ചു.
2023-ല്‍ പാസാക്കിയ വനിതാ സംവരണം സംബന്ധിച്ച നിയമം തിടുക്കത്തില്‍ വിജ്ഞാപനം ചെയ്തതിനെ ചൊല്ലിയാണ് സഭയില്‍ വാദപ്രതിവാദങ്ങള്‍ തുടങ്ങിയത്. ലോക്‌സഭ തുടങ്ങിയപ്പോള്‍ കെസി വേണുഗോപാല്‍ എംപിയാണ് ഇക്കാര്യം ഉന്നയിച്ചത്. ഇതിന് പിന്നാലെ രൂക്ഷവിമര്‍ശനമുയര്‍ത്തി ഡി.എം.കെ അംഗം കനിമൊഴിയും രംഗത്തെത്തി. പ്രാബല്യത്തില്‍ വരാത്ത ഒരു നിയമത്തില്‍ ഭേദഗതി കൊണ്ടുവരുന്നതിലെ നിയമസാധുതയെ കനിമൊഴി ശക്തമായി ചോദ്യം ചെയ്തു. ചര്‍ച്ച നടക്കുന്നതിനിടെ വിജ്ഞാപനം പുറപ്പെടുവിച്ചത് സഭയോടുള്ള അനാദരവാണെന്ന് ആരോപിച്ച ഡി.എം.കെ അംഗങ്ങള്‍ കറുത്ത വസ്ത്രം ധരിച്ചാണ് പ്രതിഷേധിച്ചത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ രാഷ്ട്രീയ ശബ്ദം ഇല്ലാതാക്കാനുള്ള ബോധപൂര്‍വമായ നീക്കമാണ് സീറ്റ് വര്‍ധനയ്ക്ക് പിന്നിലെന്നും അവര്‍ ആരോപിച്ചു. ജനസംഖ്യാ നിയന്ത്രണം വിജയകരമായി നടപ്പിലാക്കിയ കേരളം, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളെ ശിക്ഷിക്കുന്നതിന് തുല്യമാണ് പുതിയ പരിഷ്‌കാരമെന്നും, ഇത് ഫെഡറല്‍ തത്വങ്ങളുടെ ലംഘനമാണെന്നും കനിമൊഴി ചൂണ്ടിക്കാട്ടി. 1976-ല്‍ ഇന്ദിര ഗാന്ധി സര്‍ക്കാരും പിന്നീട് വാജ്പേയി സര്‍ക്കാരും സീറ്റുകളുടെ എണ്ണം മരവിപ്പിച്ചത് ജനസംഖ്യാ നിയന്ത്രണം പാലിക്കുന്ന സംസ്ഥാനങ്ങളെ സംരക്ഷിക്കാനായിരുന്നു. എന്നാല്‍, പുതിയ നീക്കം ഈ വാഗ്ദാനത്തിന്റെ ലംഘനമാണെന്നും വികസിത സംസ്ഥാനങ്ങളെ ശിക്ഷിക്കുന്നതിന് തുല്യമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.
വനിതാ സംവരണം നടപ്പിലാക്കാന്‍ തയ്യാറാണെന്നും മണ്ഡല പുനര്‍നിര്‍ണയം നടത്താന്‍ വലിയ രീതിയിലുള്ള ചര്‍ച്ചകള്‍ നടത്തേണ്ടതുണ്ടെന്നും ശശി തരൂര്‍ എംപി പറഞ്ഞു. നോട്ട് നിരോധനത്തില്‍ കാണിച്ച വേഗതയാണ് സര്‍ക്കാര്‍ മണ്ഡലം നിര്‍ണയത്തിന് കാണിക്കുന്നത്. നിലവിലുള്ള എംപിമാര്‍ക്ക് തന്നെ സഭയില്‍ സംസാരിക്കാന്‍ സമയം കിട്ടുന്നില്ല. അപ്പോഴെങ്ങനെയാണ് 800 ലധികം പേര്‍ക്ക് സമയം ലഭിക്കുക. മണ്ഡല പുനര്‍നിര്‍ണയത്തിന്റെ പേരില്‍ വനിതാ സംവരണം വൈകുകയാണ്. നിരവധി സംസ്ഥാനങ്ങളുടെ ശബ്ദത്തെ അടിച്ചമര്‍ത്തപ്പെടും. ചെറിയ സംസ്ഥാനങ്ങളും വലിയ സംസ്ഥാനങ്ങളും തമ്മിലുള്ള അന്തരം വര്‍ദ്ധിപ്പിക്കുമെന്നും തരൂര്‍ പറഞ്ഞു.
അതേസമയം, വനിതാ സംവരണ ബില്ലിന്മേലുള്ള വോട്ടെടുപ്പ് ഇന്ന് വൈകിട്ട് നാല് മണിക്ക് നടക്കും. ബില്ല് പാസ്സാകാന്‍ 360 എംപിമാരുടെ പിന്തുണ കിട്ടണം. എന്നാല്‍ ഇപ്പോഴത്തെ നിലയ്ക്ക് ഇത് സാധ്യമല്ല. 543 സീറ്റില്‍ മൂന്നിലൊന്ന് സ്ത്രീകള്‍ക്ക് നല്‍കുന്നതേ അംഗീകരിക്കൂ എന്ന നിലപാടില്‍ പ്രതിപക്ഷം ഉറച്ച് നില്‍ക്കുകയാണ്. ഭരണഘടനാ ഭേദഗതി പാസാക്കാന്‍ ആവശ്യമായ മൂന്നില്‍ രണ്ട് ഭൂരിപക്ഷം നിലവില്‍ സര്‍ക്കാരിനില്ലാത്തതിനാല്‍ ബില്ലുകള്‍ പരാജയപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. 543 സീറ്റുകളില്‍ മൂന്നിലൊന്ന് സ്ത്രീകള്‍ക്ക് നല്‍കുന്ന വ്യവസ്ഥ മാത്രമേ അംഗീകരിക്കൂ എന്ന കര്‍ശന നിലപാടിലാണ് പ്രതിപക്ഷം. എന്നാല്‍ സ്ത്രീകളുടെ അവകാശങ്ങള്‍ ഉറപ്പാക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളെ പ്രതിപക്ഷം സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് തടയുകയാണെന്ന് പ്രധാനമന്ത്രിയും ബിജെപിയും തിരിച്ചടിക്കുന്നു. വോട്ടെടുപ്പ് നടക്കാനിരിക്കെ, മണ്ഡല പുനര്‍നിര്‍ണയത്തെ സംബന്ധിച്ച കേന്ദ്രത്തിന്റെ അന്തിമ തീരുമാനം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ രാഷ്ട്രീയ ഭാവിയെ സംബന്ധിച്ചിടത്തോളം നിര്‍ണ്ണായകമാണ്. സ്പീക്കറുടെ റൂളിംഗും വരാനിരിക്കുന്ന വോട്ടെടുപ്പുമാണ് ഇനി രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്നത്. ഡീലിമിറ്റേഷന്‍ ബില്ല് മാത്രം പാസാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെങ്കിലും ഭരണഘടനാ ഭേദഗതിയില്ലാതെ അതിന് പ്രസക്തിയില്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
