ശ്രീലേഖയുടേത് 'കടന്ന കൈ'; പരസ്യമായി തള്ളി ഡിജിപി റവാഡ ചന്ദ്രശേഖര്‍; മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സേനയോട് അനുഭാവം കാട്ടണം'; മുന്‍ ഡിജിപിക്ക് എതിരായ കേസില്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും പൊലീസ് മേധാവി; വട്ടിയൂര്‍ക്കാവിലെ 'പോടാ പുല്ലേ' വിളിയില്‍ പോലീസ് തലപ്പത്ത് അതൃപ്തി പുകയുന്നു

ശ്രീലേഖയുടേത് 'കടന്ന കൈ'; പരസ്യമായി തള്ളി ഡിജിപി റവാഡ ചന്ദ്രശേഖര്‍; മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സേനയോട് അനുഭാവം കാട്ടണം'; മുന്‍ ഡിജിപിക്ക് എതിരായ കേസില്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും പൊലീസ് മേധാവി; വട്ടിയൂര്‍ക്കാവിലെ 'പോടാ പുല്ലേ' വിളിയില്‍ പോലീസ് തലപ്പത്ത് അതൃപ്തി പുകയുന്നു



തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് പോലീസ് സ്റ്റേഷന്‍ മാര്‍ച്ചിനിടെ മുന്‍ ഡിജിപി ആര്‍. ശ്രീലേഖ നടത്തിയ വിവാദ മുദ്രാവാക്യം വിളിയെ തള്ളി സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍ നേരിട്ട് രംഗത്ത്. സേനയുടെ ചരിത്രത്തില്‍ തന്നെ അപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന വിധം, വിരമിച്ച ഒരു ഉന്നത ഉദ്യോഗസ്ഥയുടെ നിലപാടിനെ നിലവിലെ പോലീസ് മേധാവി പരസ്യമായി വിമര്‍ശിച്ചിരിക്കുകയാണ്.

ആര്‍. ശ്രീലേഖ കേരള പോലീസിലെ ഏറ്റവും മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍ ഒരാളായിരുന്നു. സേനയെ നയിച്ചവര്‍ വിരമിച്ച ശേഷവും സഹപ്രവര്‍ത്തകരോടും സംവിധാനത്തോടും കുറച്ചുകൂടി അനുഭാവപൂര്‍ണ്ണമായ സമീപനം പുലര്‍ത്തണമെന്നായിരുന്നു ഡിജിപിയുടെ പ്രധാന വിമര്‍ശനം. 'പോടാ പുല്ലേ പൊലീസേ' എന്ന അധിക്ഷേപകരമായ മുദ്രാവാക്യം വിളി സേനയുടെ മനോവീര്യത്തെ ബാധിക്കുമെന്നും, ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്നവര്‍ ഇത്തരത്തില്‍ പെരുമാറുന്നത് ശരിയല്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ശ്രീലേഖയെ പ്രതിചേര്‍ത്ത നടപടിയെ പരോക്ഷമായി പിന്തുണച്ച ഡിജിപി, അവര്‍ക്കെതിരെയുള്ള കേസ് തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും നിയമം അതിന്റെ വഴിക്കു പോകുമെന്നും വ്യക്തമാക്കി.

ഐപിഎസ് അസോസിയേഷനിലും അമര്‍ഷം

കേരളത്തിലെ ആദ്യ വനിതാ ഡിജിപി എന്ന പദവി അലങ്കരിച്ച ഒരാളില്‍ നിന്ന് ഇത്തരമൊരു പരാമര്‍ശം പ്രതീക്ഷിച്ചതല്ലെന്നാണ് ഐപിഎസ് അസോസിയേഷന്റെ നിലപാട്. വിരമിച്ച ഡിജിപിമാരായ ടി.പി. സെന്‍കുമാറും ആര്‍. ശ്രീലേഖയും ഒരേപോലെ പോലീസിനെതിരെ തിരിയുന്നത് ഗൗരവകരമാണെന്ന് സംഘടന വിലയിരുത്തുന്നു.

രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് പിന്നാലെ നടപടി

തുടക്കത്തില്‍ ശ്രീലേഖയെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ പോലീസ് മടിച്ചിരുന്നു. എന്നാല്‍ 'വിരമിച്ചവരുടെ വാക്ക് കേട്ടാണോ പോലീസ് പ്രവര്‍ത്തിക്കുന്നത്?' എന്ന വി.കെ. പ്രശാന്ത് എംഎല്‍എയുടെ പരസ്യമായ ചോദ്യവും, രാഷ്ട്രീയ നേതൃത്വത്തിന്റെ കടുത്ത സമ്മര്‍ദ്ദവുമാണ് ഡിജിപിയെയും പോലീസിനെയും കര്‍ശന നിലപാടിലേക്ക് നയിച്ചത്.

തിരിച്ചടിച്ച് ശ്രീലേഖ

ഡിജിപിയുടെ വിമര്‍ശനങ്ങളും പോലീസ് നടപടിയും തന്നെ തളര്‍ത്തില്ലെന്നാണ് ശ്രീലേഖയുടെ നിലപാട്. സര്‍വീസിലിരുന്നപ്പോഴും തെറ്റായ പ്രവണതകളെ താന്‍ ഇതേ ഭാഷയില്‍ നേരിട്ടിട്ടുണ്ടെന്നും, അഴിമതിക്കാരെ സംരക്ഷിക്കുന്നവര്‍ക്ക് മാത്രമേ ഇപ്പോള്‍ പൊള്ളുകയുള്ളൂ എന്നും അവര്‍ തിരിച്ചടിച്ചു