ഓപ്പറേഷൻ സിന്ദൂര്‍; നിസ്കാരം തടസപ്പെടുത്താതിരിക്കാൻ ആക്രമണം വൈകിപ്പിച്ചെന്ന് കരസേനാ മേധാവി
ദില്ലി: ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് നിർണായക വെളിപ്പെടുത്തൽ നടത്തി കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. ഭീകരരുടെ താവളത്തിൽ നമസ്കാരം നടക്കുന്ന സമയത്ത് ആക്രമണം നടത്തുന്നത് ഒഴിവാക്കാൻ ഇന്ത്യൻ സൈന്യം മനഃപൂർവം ഓപ്പറേഷൻ വൈകിപ്പിച്ചു എന്നാണ് അദ്ദേഹം പറഞ്ഞത്. സൈനിക ലക്ഷ്യങ്ങൾക്കൊപ്പം മാനുഷിക പരിഗണനകൾക്കും പ്രാധാന്യം നൽകുന്നതിൻ്റെ ഭാഗമായിരുന്നു ഈ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. IIMUN-ൻ്റെ 'ബിഫോർ ഐ ബികെയിം മീ' എന്ന പോഡ്കാസ്റ്റിൽ അവതാരകനായ റിഷഭ് ഷായോടാണ് കരസേനാ മേധാവി ഇക്കാര്യം വ്യക്തമാക്കിയത്. </p><p>ഓപ്പറേഷൻ നടത്തേണ്ട സമയം മുൻകൂട്ടി നിശ്ചയിച്ചിരുന്നു. എന്നാൽ, ആക്രമിക്കാൻ ലക്ഷ്യമിട്ട സ്ഥലത്ത് ആ സമയത്ത് നമസ്കാരം നടക്കുകയാണെന്ന് കമാൻഡർമാർക്ക് വിവരം ലഭിച്ചു. ഇതോടെയാണ് ആക്രമണം അല്പസമയം കഴിഞ്ഞ് മതിയെന്ന് തീരുമാനിച്ചത്. ലക്ഷ്യങ്ങൾ തകർക്കേണ്ടിയിരുന്നത് പുലർച്ചെ രണ്ട് മണിക്കോ നാല് മണിക്കോ ആകാം. എപ്പോൾ വേണമെങ്കിലും അത് ചെയ്യാമായിരുന്നു. പക്ഷേ, മറുഭാഗത്തുള്ളവർ, അതായത് ഭീകരക്യാമ്പിലുള്ളവർ, അവരുടെ നമസ്കാരം നടത്തുന്ന സമയത്ത് ആക്രമിക്കില്ലെന്ന് ഉറപ്പുവരുത്തി. കാരണം, ‘എല്ലാവരുടെയും ദൈവം ഒന്നാണ്’, അതുകൊണ്ടുതന്നെ, പ്രാർത്ഥന നടക്കാത്ത ഒരു സമയം ആക്രമണത്തിനായി തെരഞ്ഞെടുത്തെന്നും അദ്ദേഹം പറഞ്ഞു.ഓപ്പറേഷൻ സിന്ദൂർ പോലെയുള്ള നിർണായക സൈനിക നീക്കങ്ങളിൽ തീരുമാനങ്ങൾ എങ്ങനെയായിരുന്നു എന്നതിലേക്ക് വെളിച്ചം വീശുന്നതാണ് ഈ വെളിപ്പെടുത്തൽ. സൈനിക നീക്കങ്ങൾ കേവലം തന്ത്രപരമായ കൃത്യതയിൽ ഒതുങ്ങുന്നില്ലെന്നും, സംഘർഷഭരിതമായ സാഹചര്യങ്ങളിലും മതപരമായ ആചാരങ്ങളോട് സൈന്യം സംയമനം പാലിക്കുന്നുണ്ടെന്നും ഇത് വ്യക്തമാക്കുന്നു. സൈനിക തന്ത്രങ്ങളെ ധാർമികമായ വിവേചനബുദ്ധിയുമായി സമന്വയിപ്പിക്കുന്ന ഒരു നേതൃത്വ ശൈലിയാണ് ഇതിലൂടെ വെളിവാകുന്നത്. ഇത്തരം തീരുമാനങ്ങൾ യാദൃശ്ചികമല്ലെന്നും, പ്രതിസന്ധി ഘട്ടങ്ങളിൽ സൈന്യത്തെ നയിക്കുന്ന വിശാലമായ മൂല്യവ്യവസ്ഥയുടെ ഭാഗമാണെന്നും കരസേനാ മേധാവി പറയുന്നു.തൻ്റെ നേതൃത്വ ശൈലിയെ സ്വാധീനിച്ച വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ചും ജനറൽ ദ്വിവേദി സംസാരിച്ചു. സൈന്യത്തിലെ അധികാരശ്രേണിയെയും ലിംഗസമത്വത്തെയും കുറിച്ചുള്ള തൻ്റെ കാഴ്ചപ്പാടുകൾ രൂപപ്പെടുത്തുന്നതിൽ പെൺമക്കൾക്കുള്ള പങ്കിനെക്കുറിച്ച് അദ്ദേഹം എടുത്തുപറഞ്ഞു. സൈന്യത്തിലേക്ക് സ്ത്രീകളെ ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് സംസാരിച്ചപ്പോൾ, ജോലിസ്ഥലത്തെ പെരുമാറ്റച്ചട്ടങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തൻ്റെ പെൺമക്കളാണ് ശരിയായ ദിശാബോധം നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു.'ഇപ്പോൾ നമ്മൾ സൈന്യത്തിലേക്ക് സ്ത്രീകളെ ഉൾപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. സാമൂഹികമായ മാറ്റങ്ങളും ജോലിസ്ഥലത്തെ പെരുമാറ്റച്ചട്ടങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളും വളരെ പ്രധാനമാണ്. ഈ വിഷയങ്ങളിൽ എൻ്റെ പെൺമക്കൾ അവരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും നൽകാറുണ്ട്. ഞാൻ അവരുടെ കാഴ്ചപ്പാടുകളെ വളരെ ഗൗരവത്തോടെ കാണുകയും ആവശ്യമുള്ളിടത്ത് അത് നടപ്പിലാക്കുകയും ചെയ്യാറുണ്ട്'. കരസേനാ മേധാവി പറഞ്ഞു.ഈ മാറ്റങ്ങളുമായി എങ്ങനെ ഏറ്റവും മികച്ച രീതിയിൽ പൊരുത്തപ്പെടാമെന്ന് പെൺമക്കൾ തനിക്ക് വഴികാട്ടിത്തരാറുണ്ടെന്നും കരസേനാ മേധാവി പറഞ്ഞു. 'ഏതെങ്കിലും ഒരു വ്യക്തിയുമായി സംസാരിക്കുമ്പോൾ, സ്വന്തം സ്ഥാനത്തുനിന്ന് അല്പം താഴേക്ക് ഇറങ്ങിവരണമെന്ന് അവർ എന്നെ പഠിപ്പിച്ചു. നിങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ആറടി ഉയരത്തിൽ അഥവാ അധികാര ഗർവിൽ നിൽക്കാൻ കഴിയില്ല. അവരുടെ ഈ കാഴ്ചപ്പാടാണ് സൈന്യത്തെ കൂടുതൽ ലിംഗഭേദമില്ലാത്ത, എല്ലാവർക്കും തുല്യ അവസരങ്ങളുള്ള ഒരിടമാക്കി മാറ്റാനുള്ള ശ്രമങ്ങൾക്ക് കരുത്ത് പകരുന്നത്'. അദ്ദേഹം കൂട്ടിച്ചേർത്തു.