
തിരുവനന്തപുരം: കെട്ടിടത്തിൽനിന്ന് വീണു മരിച്ച കണ്ണൂർ ഡെന്റൽ കോളജ് ഒന്നാംവർഷ ബിഡിഎസ് വിദ്യാർഥി തിരുവനന്തപുരം സ്വദേശി ആർ.എൽ. നിധിൻരാജിന്റെ മരണത്തിന് പിന്നിൽ അധ്യാപകരുടെ അധിക്ഷേപമാണെന്ന് ബന്ധുക്കൾ ആരോപണം ഉയർത്തിയതിന് പിന്നാലെ, നിധിന്റേതെന്ന് കരുതുന്ന ഓഡിയോ സന്ദേശം പുറത്ത്.
‘ഞാൻ സ്റ്റാഫ് റൂമിൽ നിന്ന് ഇറങ്ങിയല്ലോ, അതിനുശേഷം എന്റെ അടുത്ത് യു ആർ ഇഡിയറ്റ് എന്ന് പറഞ്ഞു, അപ്പോൾ ഞാൻ സെയിം ടു യൂ എന്ന് മുഖത്ത് നോക്കി തന്നെ പറഞ്ഞു. പിന്നെ മറ്റേ കൂട്ടത്തോട് ആക്രമിക്കുന്ന സ്ഥലം ഉണ്ടല്ലോ നമ്മുടെ സ്റ്റാഫ് റൂം, എല്ലാം ഒന്നിനൊന്ന് മെച്ചമാണ്. എന്തെല്ലമാണ് അവിടെനിന്ന് എന്നോട് പറഞ്ഞതെന്ന് അറിയാമോ.. നീ ഗെയ്റ്റിന് പുറത്തിറങ്ങിയാൽ കൈയും കാലും വെട്ടും. കൈയില്ലാതെ ജീവിക്കേണ്ടി വരുമെന്നൊക്കെ പറഞ്ഞു.
എന്നാൽ സാറെ, അതൊന്ന് കാണണെന്ന് ഞാൻ പറഞ്ഞു. അപ്പോൾ സംഗീത മാം അടക്കമുള്ളവരെ എന്നെ തന്നെ നോക്കിനിൽക്കുകയാണ്. അജീഷ മാം പറഞ്ഞു, നിതിൻ കൂൾ എന്ന്, ഇന്നലെത്തോടെ അയാളുടെ വിലയെല്ലാം പോയിട്ടുണ്ട്. എന്നെ കുറേ പേർ വിളിച്ച് അഭിനന്ദിച്ചു. കുറേ പേരെ പച്ചയ്ക്ക് അപമാനിച്ചിട്ടുണ്ട്.
സത്യത്തിൽ ഞാൻ പേരെടുക്കാൻ പോയതല്ല. ശരിക്കും നിങ്ങൾ തന്നെ കണ്ടില്ലേ, ഞാൻ അയാളുടെ ക്ലാസ് ശ്രദ്ധിച്ച് അയാൾ പറയുന്ന കാര്യങ്ങൾ നോക്കിക്കൊണ്ടിരിക്കുയായിരുന്നു. എന്നെ വെറുതെ എണീപ്പിച്ച് നിർത്തിയിട്ട് അമ്മയേയും കളിയാക്കി അമ്മയുടെ സർജറിയെയും കളിയാക്കി. അതിനുശേഷം പറയുകയാണ്, എന്റെ മൂന്ന് മാർക്ക് കുറച്ചെന്ന്, പേരന്റ്സിന് പോയി സർപ്രൈസ് കൊടുക്കാനും പറഞ്ഞു. അതുപോലെ ഇൻസൾട്ട്, ഒരുപരിധി വരെ ഞാൻ ക്ഷമിച്ചു, അങ്ങയേറ്റം ക്ഷമിച്ചു’ – ഓഡിയോ സന്ദേശത്തിൽ പറയുന്നു.
നിധിൻരാജിന്റെ മരണത്തിൽ അധ്യാപകർക്കും സീനിയർ വിദ്യാർഥികൾക്കുമെതിരെ ഗുരുതര ആരോപണവുമായി കുടുംബം രംഗത്തെത്തിയിരുന്നു. നിധിൻ ജീവനൊടുക്കില്ലെന്നും കാമ്പസിൽ നിന്ന് ക്രൂരമായ പീഡനം നേരിട്ടിരുന്നതായും കുടുംബം ആരോപിക്കുന്നുണ്ട്. കോളജിലെ അധ്യാപകർക്കെതിരെയാണ് കുടുംബത്തിന്റെ ഗുരുതര ആരോപണങ്ങൾ.
ഡെന്റൽ അനാട്ടമി വിഭാഗം മേധാവിയും അധ്യാപകരും നിധിനെ ക്രൂരമായി ഉപദ്രവിച്ചെന്ന് കുടുംബം പറയുന്നു. നിധിനെ മാനസികമായി തളർത്തി. ജാതി പറഞ്ഞും സാമ്പത്തികം പറഞ്ഞും അധിക്ഷേപിച്ചു. എച്ച്ഒഡിക്ക് എതിരെ നിധിൻ പരാതി നൽകിയതിൽ വൈരാഗ്യം ഉണ്ടായിരുന്നതായും കുടുംബം ആരോപിക്കുന്നു.
സീനിയർ വിദ്യാർഥികൾ നിധിനെ റാഗ് ചെയ്തിരുന്നതായും കുടുംബം പറയുന്നു. തിരുവനന്തപുരം ഉഴമലയ്ക്കൽ സ്വദേശിയായ നിധിൻ മെറിറ്റ് സീറ്റിൽ ആണ് ഈ വർഷം അഡ്മിഷൻ എടുത്തത്. തിരുവനന്തപുരം ചാലക്കടവ് സ്വദേശി വൈ.എൽ. രാജൻ-സി.ആർ. ലത ദന്പതികളുടെ മകനാണ്.
കഴിഞ്ഞ ദിവസം കോളജ് കെട്ടിടത്തിൽ നിന്ന് വീണ നിലയിലാണ് നിധിനെ കണ്ടെത്തിയത്. നിധിൻരാജ് ലിഫ്റ്റിൽ കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. പോലീസ് മൊബൈൽ ഫോൺ ഉൾപ്പടെയുള്ളവയിലെ വിവരങ്ങൾ പരിശോധിക്കുന്നുണ്ട്.
