ഒറ്റ കപ്പലും ഹോര്‍മുസ് കടക്കില്ല, ലോകമാകെ പ്രതിസന്ധിയിലേക്കോ; അമേരിക്കൻ ഉപരോധം തുടങ്ങി, എല്ലാ കപ്പലുകളും തടയുമെന്ന് ഭീഷണി
വാഷിങ്ടൺ: ഹോർമുസിൽ കപ്പലുകൾക്ക് അമേരിക്ക നോട്ടീസ് നൽകി തുടങ്ങിയെന്ന് റിപ്പോർട്ട്. ഉപരോധം ലംഘിക്കുന്ന കപ്പലുകൾ പിടിച്ചെടുക്കുകയോ ഇടപെടുകയോ ചെയ്യുമെന്നാണ് റിപ്പോർട്ട്. യുകെ മാരിടൈം ഏജൻസിയാണ് റിപ്പോർട്ട് ചെയ്തത്. ഇറാൻ ഹോർമുസ് തുറന്നില്ലെങ്കിൽ മുഴുവൻ ഗതാഗതവും ഉപരോധിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇറാന് നൽകിയ സമയപരിധി അവസാനിച്ചതോടെയാണ് അമേരിക്ക ഉപരോധം ആരംഭിച്ചത്.ഇറാന്‍റെ തുറമുഖങ്ങളിലേക്കും തീരപ്രദേശങ്ങളിലേക്കും എത്തുന്നതും അവിടെനിന്ന് പുറപ്പെടുന്നതുമായ എല്ലാ കപ്പലുകളെയും തടയുമെന്ന് അമേരിക്കൻ സെൻട്രൽ കമാൻഡ് അറിയിച്ചു. പാകിസ്ഥാനിൽ നടന്ന സമാധാന ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെയാണ് ഇറാനെ സാമ്പത്തികമായി തളർത്തുക എന്ന ലക്ഷ്യത്തോടെ ഡോണൾഡ് ട്രംപ് ഭരണകൂടം ഈ കടുത്ത നീക്കത്തിലേക്ക് കടന്നത്.അമേരിക്കയുടെ നീക്കത്തിനെതിരെ അതീവ ഗുരുതരമായ മുന്നറിയിപ്പുമായി ഇറാൻ സൈന്യവും റെവല്യൂഷണറി ഗാർഡ്‌സും രംഗത്തെത്തിയിട്ടുണ്ട്. തങ്ങളുടെ തുറമുഖങ്ങൾ ഭീഷണി നേരിട്ടാൽ പേർഷ്യൻ ഗൾഫിലെയും ഒമാൻ കടലിലെയും ഒരു തുറമുഖവും സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ പ്രഖ്യാപിച്ചു. 'സുരക്ഷ എല്ലാവർക്കും അല്ലെങ്കിൽ ആർക്കും വേണ്ട' എന്ന നിലപാടിലാണ് ഇറാൻ. ഇതിനകം തന്നെ മേഖലയിലെ കപ്പൽ ഗതാഗതം കുത്തനെ കുറഞ്ഞിരിക്കുകയാണ്. പ്രതിദിനം 135ഓളം കപ്പലുകൾ കടന്നുപോയിരുന്ന ഹോർമുസ് കടലിടുക്കിൽ ഇപ്പോൾ ഗതാഗതം നാമമാത്രമായി ചുരുങ്ങി.ഇന്ന് വൈകുന്നേരം ഇന്ത്യൻ സമയം രാത്രി 7:30ഓടെ ഉപരോധം പൂർണ്ണതോതിൽ നിലവിൽ വരുമെന്ന് പ്രസിഡന്‍റ് ട്രംപ് അറിയിച്ചു. ഉപരോധ വാർത്ത പുറത്തുവന്നതോടെ ആഗോള എണ്ണ വിപണിയിൽ വൻ വിലക്കയറ്റമാണ് ദൃശ്യമാകുന്നത്