അമ്മയോടൊപ്പം റോഡ് മുറിച്ചുകടക്കവേ ബൈക്കിടിച്ച് നാലുവയസ്സുകാരിക്ക് ദാരുണാന്ത്യം

അമ്മയോടൊപ്പം റോഡ് മുറിച്ചുകടക്കവേ ബൈക്കിടിച്ച് നാലുവയസ്സുകാരിക്ക് ദാരുണാന്ത്യം 

പാങ്ങോട്: വിവാഹത്തിൽ പങ്കെടുത്തു മടങ്ങിയെത്തിയ നാലുവയസ്സുകാരി ബൈക്കിടിച്ച് മരിച്ചു (Pangode Road Accident Death). പാങ്ങോട് കൊച്ചാലുംമൂട് ഷെഫീക്ക് മൻസിലിൽ മുഹമ്മദ് ഷെഹീറിന്റെയും അമാനയുടെയും മകൾ സനാ മെഹ്‌റിൻ (4) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ വീടിന് മുന്നിലായിരുന്നു അപകടം. അമ്മയോടൊപ്പം ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം ഓട്ടോറിക്ഷയിൽ വീടിന് മുന്നിൽ മടങ്ങിയെത്തിയതായിരുന്നു സന. ഓട്ടോയിൽ നിന്നിറങ്ങി റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ ബൈക്ക് കുട്ടിയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സനയെ ഉടൻതന്നെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും വെള്ളിയാഴ്ചയോടെ മരണം സംഭവിക്കുകയായിരുന്നു.

പാങ്ങോട് ഗവൺമെന്റ് എൽ.പി സ്കൂളിലെ എൽകെജി വിദ്യാർത്ഥിനിയായിരുന്നു സന. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ശനിയാഴ്ച കൊച്ചാലുംമൂട് കബറിസ്ഥാനിൽ കബറടക്കം നടത്തും. പിതാവ് മുഹമ്മദ് ഷെഹീർ വിദേശത്താണ്.

അമിതവേഗത്തിലെത്തുന്ന വാഹനങ്ങൾ ജനവാസ മേഖലകളിൽ വലിയ ഭീഷണിയാകുന്നു എന്ന പരാതി നാട്ടുകാർക്കിടയിൽ ശക്തമാണ്. സംഭവത്തിൽ പാങ്ങോട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു