'കസേരയല്ല, കോണ്‍ഗ്രസിന് ഇനി ബെഞ്ച് വേണം!' മുഖ്യമന്ത്രി മോഹികളെ പരിഹസിച്ച് എം.എം. മണി; അധികാരം കിട്ടില്ലെന്ന് മാത്രമല്ല പ്രതിപക്ഷ സ്ഥാനവും ലീഗ് കൊണ്ടുപോകുമെന്ന് മണിയാശാന്‍

'കസേരയല്ല, കോണ്‍ഗ്രസിന് ഇനി ബെഞ്ച് വേണം!' മുഖ്യമന്ത്രി മോഹികളെ പരിഹസിച്ച് എം.എം. മണി; അധികാരം കിട്ടില്ലെന്ന് മാത്രമല്ല പ്രതിപക്ഷ സ്ഥാനവും ലീഗ് കൊണ്ടുപോകുമെന്ന് മണിയാശാന്‍



ഇടുക്കി: നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോണ്‍ഗ്രസിനുള്ളില്‍ മുഖ്യമന്ത്രി പദത്തെച്ചൊല്ലി ഉയരുന്ന ചര്‍ച്ചകളെ രൂക്ഷമായ പരിഹാസത്തോടെ നേരിട്ട് മുന്‍ മന്ത്രിയും സി.പി.ഐ.എം നേതാവുമായ എം.എം. മണി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം തന്റെ സഹജമായ ശൈലിയില്‍ കോണ്‍ഗ്രസിനെ കടന്നാക്രമിച്ചത്.

കസേരയല്ല, ബെഞ്ച് വേണം

മുഖ്യമന്ത്രി പദത്തിനായി കോണ്‍ഗ്രസില്‍ നിരവധി പേര്‍ അവകാശവാദം ഉന്നയിക്കുന്ന സാഹചര്യത്തില്‍, യു.ഡി.എഫിന്റെ മുഖ്യമന്ത്രി കസേര മാറ്റി പകരം ഒരു 'ബെഞ്ച്' ഇടുന്നതിനെക്കുറിച്ച് ആലോചിക്കണമെന്നാണ് മണി പരിഹസിച്ചത്. കൂടുതല്‍ പേര്‍ക്ക് ഒരേസമയം ഇരിക്കാന്‍ വേണ്ടിയാണിത് എന്ന സൂചനയോടെ ഒരു ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്.

പ്രതിപക്ഷ സ്ഥാനവും പോകും

മെയ് 4 വരെ യു.ഡി.എഫില്‍ കലഹം ഒഴിവാക്കാന്‍ ധാരണയുണ്ടെന്ന വാര്‍ത്തകളെയും അദ്ദേഹം പരിഹസിച്ചു. മെയ് 4-ന് ശേഷം പ്രതിപക്ഷ നേതൃസ്ഥാനം പോലും മുസ്ലിം ലീഗ് കൊണ്ടുപോകാതെ നോക്കണമെന്നും അദ്ദേഹം കോണ്‍ഗ്രസ് നേതാക്കളെ ഉപദേശിച്ചു.

യു.ഡി.എഫിന് അധികാരം ലഭിക്കില്ലെന്ന് പരോക്ഷമായി പറഞ്ഞുവെക്കുന്ന മണി, കിട്ടാത്ത കസേരയ്ക്ക് വേണ്ടിയാണ് ഈ തല്ലുമാലയെന്നും കുറ്റപ്പെടുത്തുന്നു.