വാഷിംഗ്ടണ്‍: ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്റെ ചരക്കുകപ്പല്‍ അമേരിക്കന്‍ നാവികസേന വെടിവെച്ച് പിടിച്ചെടുത്തതോടെ പശ്ചിമേഷ്യയില്‍ സംഘര്‍ഷം മൂര്‍ച്ഛിക്കുന്നു. രണ്ടാഴ്ചത്തെ താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാര്‍ നിലനില്‍ക്കെ അമേരിക്കന്‍ നാവികസേന നടത്തിയ നീക്കം സായുധ കവര്‍ച്ചയാണെന്ന് ഇറാന്‍ കുറ്റപ്പെടുത്തി. സംഭവത്തിന് വൈകാതെ തന്നെ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്റെ സൈനിക ആസ്ഥാനമായ ഹസ്രത്ത് ഖാതം അല്‍-അന്‍ബിയ പ്രസ്താവനയില്‍ അറിയിച്ചു. സംഭവത്തെത്തുടര്‍ന്ന് അമേരിക്കയുമായി നിശ്ചയിച്ചിരുന്ന രണ്ടാം വട്ട സമാധാന ചര്‍ച്ചകളില്‍ നിന്ന് ഇറാന്‍ പിന്മാറി.
ഒമാന്‍ ഉള്‍ക്കടലില്‍ വെച്ചാണ് ആക്രമണം നടന്നതെന്ന് ഇറാന്റെ സൈനിക കേന്ദ്രങ്ങള്‍ സ്ഥിരീകരിച്ചു. ചരക്കുകപ്പലിന് നേരെ വെടിയുതിര്‍ത്ത ശേഷം ഹെലികോപ്റ്ററുകള്‍ വഴിയാണ് അമേരിക്കന്‍ സൈന്യം കപ്പലില്‍ ഇറങ്ങിയത്. വെടിനിര്‍ത്തല്‍ ലംഘിച്ചുള്ള ഈ പ്രകോപനത്തിന് ഇറാന്റെ സായുധ സേന തക്കതായ മറുപടി നല്‍കുമെന്ന് ഇറാന്‍ ആവര്‍ത്തിച്ചു.നിലവില്‍ ഹോര്‍മുസ് കടലിടുക്കില്‍ യു.എസ് നാവികസേന ശക്തമായ നിരീക്ഷണം തുടരുകയാണ്. യു.എസ്.എസ് റഷ്‌മോര്‍ ഉള്‍പ്പെടെയുള്ള യുദ്ധക്കപ്പലുകള്‍ അറബിക്കടലില്‍ നിലയുറപ്പിച്ചിട്ടുണ്ട്. ഇറാന്റെ പ്രത്യാക്രമണ സാധ്യത കണക്കിലെടുത്ത് മേഖലയില്‍ കനത്ത ജാഗ്രതയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വരും ദിവസങ്ങളില്‍ പശ്ചിമേഷ്യന്‍ രാഷ്ട്രീയം കൂടുതല്‍ പ്രക്ഷുബ്ധമാകാനാണ് സാധ്യത.
ഇറാന്റെ പതാകയേന്തിയ 'തൂസ്‌ക' എന്ന ചരക്കുകപ്പലാണ് അമേരിക്കന്‍ ഡിസ്‌ട്രോയറായ യു.എസ്.എസ് സ്പ്രൂവന്‍സ് ആക്രമിച്ചത്. ആറ് മണിക്കൂര്‍ നീണ്ട മുന്നറിയിപ്പുകള്‍ അവഗണിച്ചതിനെത്തുടര്‍ന്ന് കപ്പലിന്റെ എന്‍ജിന്‍ റൂമിലേക്ക് നാവികസേന വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് അമേരിക്കന്‍ മറീനുകള്‍ കപ്പലില്‍ അതിക്രമിച്ചു കയറുകയും നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തു. കപ്പലിന്റെ ഗതാഗത സംവിധാനങ്ങള്‍ തകര്‍ത്തതായും റിപ്പോര്‍ട്ടുകളുണ്ട്.
അമേരിക്കയുടേത് കടല്‍ക്കൊള്ളയ്ക്ക് തുല്യമായ നടപടിയാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. ബന്ദര്‍ അബ്ബാസ് തുറമുഖത്തേക്ക് വരികയായിരുന്ന വാണിജ്യ കപ്പലിനെയാണ് അമേരിക്കന്‍ ഭീകരവാദികള്‍ ആക്രമിച്ചതെന്ന് ഇറാന്റെ തസ്‌നിം വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അന്താരാഷ്ട്ര നിയമങ്ങളുടെയും നിലവിലുള്ള വെടിനിര്‍ത്തല്‍ കരാറിന്റെയും ലംഘനമാണിതെന്നും ഇറാന്‍ ആരോപിച്ചു.
അതേസമയം, അമേരിക്കന്‍ ഏര്‍പ്പെടുത്തിയ ഉപരോധം ലംഘിക്കാന്‍ ശ്രമിച്ചതിനാലാണ് കപ്പല്‍ പിടിച്ചെടുത്തതെന്ന് യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കി. എന്‍ജിന്‍ റൂമില്‍ നിന്ന് മാറാന്‍ കപ്പല്‍ ജീവനക്കാര്‍ക്ക് കര്‍ശന മുന്നറിയിപ്പ് നല്‍കിയിരുന്നതായും ഇതിന്റെ വീഡിയോ പുറത്തുവിട്ടുകൊണ്ട് അമേരിക്ക അവകാശപ്പെട്ടു. കൃത്യമായ പ്രോട്ടോക്കോള്‍ പാലിച്ചാണ് നടപടി സ്വീകരിച്ചതെന്നാണ് വാഷിംഗ്ടണിന്റെ വാദം.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ 'ട്രൂത്ത് സോഷ്യല്‍' വഴിയാണ് കപ്പല്‍ ആക്രമിച്ച വിവരം ആദ്യം സ്ഥിരീകരിച്ചത്. ഇസ്ലാമാബാദില്‍ തിങ്കളാഴ്ച നടക്കാനിരുന്ന സമാധാന ചര്‍ച്ചകള്‍ക്ക് തൊട്ടുമുമ്പായിരുന്നു ട്രംപിന്റെ ഈ വെളിപ്പെടുത്തല്‍. ഉപരോധം ലംഘിക്കുന്നവര്‍ക്കെതിരെ വിട്ടുവീഴ്ചയുണ്ടാകില്ലെന്ന സൂചനയാണ് ഇതിലൂടെ അമേരിക്ക നല്‍കുന്നത്.
സംഭവത്തെത്തുടര്‍ന്ന് അമേരിക്കയുമായി നിശ്ചയിച്ചിരുന്ന രണ്ടാം വട്ട സമാധാന ചര്‍ച്ചകളില്‍ നിന്ന് ഇറാന്‍ പിന്മാറി. വാഷിംഗ്ടണിന്റെ അമിതമായ ആവശ്യങ്ങളും യാഥാര്‍ത്ഥ്യബോധമില്ലാത്ത പ്രതീക്ഷകളുമാണ് ചര്‍ച്ചകളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ പ്രേരിപ്പിച്ചതെന്ന് ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഇര്‍ന റിപ്പോര്‍ട്ട് ചെയ്തു. നിലപാടുകളിലെ വൈരുദ്ധ്യവും ഉപരോധം തുടരുന്നതും ചര്‍ച്ചകള്‍ അര്‍ത്ഥശൂന്യമാക്കുന്നുവെന്ന് ഇറാന്‍ ചൂണ്ടിക്കാട്ടി.
അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ് സമാധാന ചര്‍ച്ചകള്‍ക്കായി പാകിസ്ഥാനിലെത്താന്‍ ഒരു ദിവസം ബാക്കി നില്‍ക്കെയാണ് ഈ സംഭവവികാസങ്ങള്‍. ബുധനാഴ്ച അവസാനിക്കാനിരിക്കുന്ന വെടിനിര്‍ത്തല്‍ കരാര്‍ ഇതോടെ അനിശ്ചിതത്വത്തിലായി. മേഖലയിലെ സമാധാനശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണ് ഈ സൈനിക നടപടി ഉണ്ടാക്കിയിരിക്കുന്നത്.
ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി ഇഷാഖ് ദാറുമായി ഫോണില്‍ സംസാരിച്ചു. ചര്‍ച്ചകളില്‍ അമേരിക്ക പുലര്‍ത്തുന്ന ഇരട്ടത്താപ്പും ഇറാനിയന്‍ കപ്പലുകള്‍ക്ക് നേരെ ഉയര്‍ത്തുന്ന ഭീഷണികളും സമാധാനത്തോടുള്ള അവരുടെ ആത്മാര്‍ത്ഥതയില്ലായ്മയാണ് കാണിക്കുന്നതെന്ന് അരാഗ്ചി പറഞ്ഞു. പാകിസ്ഥാന്റെ മധ്യസ്ഥതയില്‍ നടക്കേണ്ടിയിരുന്ന ചര്‍ച്ചകളെയും ഇത് ബാധിച്ചേക്കും.
