റാഗിങ് നിരോധന നിയമ ഭേദഗതി: മന്ത്രിസഭാ അംഗീകാരത്തിന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ പച്ചക്കൊടി

റാഗിങ് നിരോധന നിയമ ഭേദഗതി: മന്ത്രിസഭാ അംഗീകാരത്തിന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ പച്ചക്കൊടി 

കൊച്ചി: സംസ്ഥാനത്തെ റാഗിങ് നിരോധന നിയമ ഭേദഗതിക്ക് മന്ത്രിസഭയുടെ അംഗീകാരം നൽകുന്നതിൽ തടസമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ ഹൈക്കോടതിയെ അറിയിച്ചു (Kerala Ragging Prohibition Act Amendment). നിലവിൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ഭേദഗതിക്ക് അനുമതി നൽകാൻ മന്ത്രിസഭാ യോഗം ചേരുന്നതിന് ഇളവ് വേണോ എന്ന കാര്യത്തിൽ കോടതി നേരത്തെ വ്യക്തത തേടിയിരുന്നു. നിയമം അടിയന്തരമായി നടപ്പാക്കേണ്ടതിന്റെ പ്രാധാന്യം കണക്കിലെടുത്താണ് തിരഞ്ഞെടുപ്പ് കമ്മിഷൻ അനുകൂല നിലപാട് സ്വീകരിച്ചത്.

ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് സി. ജയചന്ദ്രൻ എന്നിവരടങ്ങിയ പ്രത്യേക ബെഞ്ചാണ് വിഷയം പരിഗണിച്ചത്. റാഗിങ് നിരോധന നിയമഭേദഗതിയുമായി ബന്ധപ്പെട്ട എല്ലാ ഔദ്യോഗിക നടപടികളും പൂർത്തിയായതായി സർക്കാർ കോടതിയെ ബോധിപ്പിച്ചു. മന്ത്രിസഭയുടെ അന്തിമ അംഗീകാരം ലഭിക്കാത്ത സാഹചര്യത്തിലാണ് ഹൈക്കോടതി വിഷയത്തിൽ ഇടപെട്ടത്. കമ്മിഷന്റെ വിശദീകരണം ലഭിച്ചതോടെ ഭേദഗതിയുമായി ബന്ധപ്പെട്ട തുടർനടപടികൾ സ്വീകരിക്കാൻ കോടതി നിർദ്ദേശം നൽകി.

കേരള ലീഗൽ സർവീസ് അതോറിറ്റി സമർപ്പിച്ച ഹർജിയിലാണ് ഈ നിർണ്ണായക നീക്കം ഉണ്ടായിരിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കൂടുതൽ കർശനമായ റാഗിങ് നിരോധന നിയമങ്ങൾ നടപ്പാക്കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. മന്ത്രിസഭയുടെ അംഗീകാരം കൂടി ലഭിക്കുന്നതോടെ പുതിയ നിയമം പ്രാബല്യത്തിൽ വരും. ഹൈക്കോടതി ഈ കേസ് ജൂൺ പത്തിന് വീണ്ടും പരിഗണിക്കും