ഹോര്‍മുസില്‍ കപ്പല്‍ തടഞ്ഞ ഇറാന്റെ നടപടിയോടെ വീണ്ടും ആശങ്കകള്‍; 'ഞങ്ങള്‍ക്ക് കഴിയുന്നില്ലെങ്കില്‍ മറ്റുള്ളവരെ കടത്തിവിടുന്നത് അസാധ്യം'; യു.എസ് ഉപരോധം നീക്കാതെ ഒരു വിട്ടുവീഴ്ചക്കും തയാറല്ലെന്ന് ഇറാന്‍; രണ്ടാഴ്ചത്തെ താല്‍ക്കാലിക വെടിനിര്‍ത്തല്‍ നീട്ടാനുള്ള അനുരഞ്ജന ചര്‍ച്ചകളും അനിശ്ചിതത്വത്തില്‍

ഹോര്‍മുസില്‍ കപ്പല്‍ തടഞ്ഞ ഇറാന്റെ നടപടിയോടെ വീണ്ടും ആശങ്കകള്‍; 'ഞങ്ങള്‍ക്ക് കഴിയുന്നില്ലെങ്കില്‍ മറ്റുള്ളവരെ കടത്തിവിടുന്നത് അസാധ്യം'; യു.എസ് ഉപരോധം നീക്കാതെ ഒരു വിട്ടുവീഴ്ചക്കും തയാറല്ലെന്ന് ഇറാന്‍; രണ്ടാഴ്ചത്തെ താല്‍ക്കാലിക വെടിനിര്‍ത്തല്‍ നീട്ടാനുള്ള അനുരഞ്ജന ചര്‍ച്ചകളും അനിശ്ചിതത്വത്തില്‍

ടെഹ്‌റാന്‍: പേര്‍ഷ്യന്‍ കടലിടുക്കിലെ തന്ത്രപ്രധാനമായ ഹോര്‍മുസില്‍ ഇറാന്‍ നിലപാട് കടുപ്പിച്ചതോടെ രാജ്യാന്തര വിപണിയും നയതന്ത്ര ലോകവും ഒരുപോലെ വിറങ്ങലിച്ചു നില്‍ക്കുകയാണ്. തങ്ങളുടെ എണ്ണക്കപ്പലുകളെയും തുറമുഖങ്ങളെയും അമേരിക്കന്‍ ഉപരോധം വരിഞ്ഞുമുറുക്കുമ്പോള്‍, മറ്റാരെയും ഈ വഴി കടത്തിവിടില്ലെന്ന പ്രഖ്യാപനവുമായി ഇറാന്‍ രംഗത്തുവന്നു.

'ഞങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയുന്നില്ലെങ്കില്‍ മറ്റുള്ളവരെ കടത്തിവിടുന്നത് അസാധ്യമാണ്' - ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഖിര്‍ ഖാലിബാഫിന്റെ ഈ വാക്കുകള്‍ കേവലം ഒരു മുന്നറിയിപ്പല്ല, മറിച്ച് യുദ്ധപ്രഖ്യാപനമായാണ് ഗള്‍ഫ് മേഖല കാണുന്നത്. ഉപരോധം പിന്‍വലിക്കാതെ ഒരു വിട്ടുവീഴ്ചയുമില്ലെന്ന് ഖാലിബാഫ് വ്യക്തമാക്കിയതോടെ, പാകിസ്താന്റെ മധ്യസ്ഥതയില്‍ നടന്നുവന്ന സമാധാന ചര്‍ച്ചകള്‍ പാതിവഴിയില്‍ നിലച്ചു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കടുംപിടുത്തത്തെ 'വിഡ്ഢിത്തം' എന്നാണ് ഇറാന്‍ വിശേഷിപ്പിച്ചത്.

തങ്ങളുടെ തുറമുഖങ്ങള്‍ക്ക് മേല്‍ അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിക്കാതെ ഹുര്‍മുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം പുനഃസ്ഥാപിക്കാനാകില്ലെന്ന നിലപാട് കടുപ്പിക്കുകയാണ് ഇറാന്‍ ചെയ്തത്. 'ഞങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയുന്നില്ലെങ്കില്‍ മറ്റുള്ളവരെ കടത്തിവിടുന്നത് അസാധ്യമാണ്,' എന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഖിര്‍ ഖാലിബാഫ് വ്യക്തമാക്കി.

ഇറാന്‍ സമാധാനമാണ് ആഗ്രഹിക്കുന്നതെങ്കിലും അമേരിക്കയുടെ 'മാക്‌സിമലിസ്റ്റ്' നിലപാടുകള്‍ ചര്‍ച്ചകള്‍ക്ക് തടസ്സമാണെന്ന് ഇറാന്‍ വിദേശകാര്യ വക്താവ് സഈദ് ഖത്തീബ്‌സാദെ പറഞ്ഞു. തങ്ങളുടെ കൈവശമുള്ള സമ്പുഷ്ടീകരിച്ച യുറേനിയം അമേരിക്കയ്ക്ക് കൈമാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാക്കിസ്താന്‍ സൈനിക മേധാവിയുടെ സന്ദര്‍ശനത്തെത്തുടര്‍ന്ന് അമേരിക്ക പുതിയ നിര്‍ദേശങ്ങള്‍ അംഗീകരിക്കാന്‍ ഉതകുന്നതല്ലെന്നും, ഉപരോധം നീക്കാതെ പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് ഇറാന്റെ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍.

ബുധനാഴ്ച വെടിനിര്‍ത്തല്‍ കാലാവധി അവസാനിക്കാനിരിക്കെ, ഹോര്‍മുസ് കടലിടുക്കുവഴി കടക്കാന്‍ ശ്രമിച്ച രണ്ട് ഇന്ത്യന്‍ കപ്പലുകള്‍ക്കുനേരെ ഇറാന്റെ ഭാഗത്തുനിന്ന് വെടിവെപ്പുണ്ടാകുകയും തുടര്‍ന്ന് കപ്പലുകള്‍ മടങ്ങുകയും ചെയ്തിരുന്നു. ഫെബ്രുവരി 28ന് ആരംഭിച്ച ഇസ്രായേല്‍-യുഎസ് സംയുക്താക്രമണത്തില്‍ ഇതുവരെ ഇറാനില്‍ 3,000ത്തോളം പേര്‍ കൊല്ലപ്പെടുകയും ചെയ്തു.

അതേസമയം യു.എസ് -ഇറാന്‍ രണ്ടാംഘട്ട ചര്‍ച്ചയുടെ സമയം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വിദേശ നേതാക്കളെ സ്വീകരിക്കാന്‍ സുരക്ഷ ശക്തമാക്കി പാക്കിസ്ഥാന്‍ പൊലീസ്. തലസ്ഥാനമായ ഇസ്ലാമാബാദിലും സമീപ നഗരമായ റാവല്‍പിണ്ടിയിലുമാണ് സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്. റാവല്‍പിണ്ടിയിലുടനീളം 10,000 ത്തിലധികം പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്നും 600 ലധികം ചെക്ക്പോസ്റ്റുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും എക്സ്പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു.

രണ്ടാം ഘട്ട ചര്‍ച്ചകള്‍ക്കു മുന്നോടിയായി പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് സൗദി അറേബ്യ, ഖത്തര്‍, തുര്‍ക്കിയ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു. വിവാദ വിഷയങ്ങളില്‍ സമവായം കണ്ടെത്താന്‍ സൈനിക മേധാവി ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീര്‍ ഇറാനില്‍ മൂന്ന് ദിവസം സന്ദര്‍ശനം നടത്തി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. റാവല്‍പിണ്ടിയിലെ നൂര്‍ ഖാന്‍ എയര്‍ബേസിനും ഇസ്ലാമാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിനും ചുറ്റുമുള്ള നിരവധി പ്രദേശങ്ങള്‍ ഞായറാഴ്ച അര്‍ധരാത്രി മുതല്‍ അടച്ചിടുമെന്ന് പാക് പൊലീസ് അറിയിച്ചു.

റാവല്‍പിണ്ടിയില്‍ ഡ്രോണ്‍ പറക്കല്‍, പ്രാവ് പറക്കല്‍, ആകാശത്ത് വെടിവയ്ക്കല്‍ എന്നിവയ്ക്ക് പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് എക്‌സ്പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു. ഉന്നതതല വിദേശ പ്രതിനിധികളുടെ വരവിനു മുന്നോടിയായുള്ള സുരക്ഷ ഉറപ്പാക്കുന്നതിനാണ് ഇതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. റാവല്‍പിണ്ടിയില്‍, പ്രത്യേകിച്ച് നൂര്‍ ഖാന്‍ എയര്‍ബേസ്, ഇസ്ലാമാബാദ് വിമാനത്താവളം എന്നിവയുടെ പരിസരത്ത് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചു.

ന്യൂ ടൗണ്‍, സാദിഖാബാദ്, ചക്ലാല പൊലീസ് സ്റ്റേഷനുകളുടെ അധികാരപരിധിയില്‍ പ്രത്യേക സുരക്ഷാ നടപടികള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഞായര്‍ അര്‍ധരാത്രി മുതല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഈ പ്രദേശങ്ങളിലെ റെസ്റ്റോറന്റുകള്‍ അടച്ചിടാന്‍ അധികൃതര്‍ ഉത്തരവിട്ടു. കൂടാതെ, പാര്‍ക്കുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍, മാര്‍ക്കറ്റുകള്‍, സ്‌നൂക്കര്‍ ക്ലബ്ബുകള്‍, ഫിറ്റ്‌നസ് സെന്ററുകള്‍, പാന്‍ ഷോപ്പുകള്‍, കിയോസ്‌ക്കുകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍, ബാങ്കുകള്‍, ബേക്കറികള്‍ എന്നിവ അടച്ചിടണം. പൊതുഗതാഗതമോ ചരക്ക് ഗതാഗതമോ നിര്‍ത്തിവെക്കുന്നത് സംബന്ധിച്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ല.