
കോഴിക്കോട്: ട്രെയിൻ യാത്രയ്ക്കിടെ വിദ്യാർത്ഥിനിക്ക് നേരെ കല്ലെറിഞ്ഞ് ക്രൂരമായി പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു (Kozhikode Train Stone Pelting). ലഹരി ഉപയോഗിച്ച ശേഷമാണ് പ്രതി കൃഷ്ണകുമാർ ട്രെയിനിന് നേരെ കല്ലെറിഞ്ഞതെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ മാസം 30-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം നടന്നത്.
ആലുവ യു.സി കോളേജിലെ ബയോ ഇൻഫർമാറ്റിക്സ് പിജി വിദ്യാർത്ഥിനിയായ ഐശ്വര്യ (22), ഹോസ്റ്റലിൽ നിന്ന് കോഴിക്കോട് പുറമേരിയിലെ വീട്ടിലേക്ക് വരികയായിരുന്നു. ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിന് നേരെ ഫറോക്കിനും കടലുണ്ടിക്കും ഇടയിൽ വെച്ചാണ് കല്ലേറുണ്ടായത്. ജനൽ വഴി തെറിച്ചുവന്ന കല്ല് ഐശ്വര്യയുടെ മുഖത്ത് ശക്തിയായി പതിക്കുകയായിരുന്നു.
കല്ലേറിൽ ഐശ്വര്യയുടെ താടിയെല്ല് തകരുകയും ഇടതുവശത്തെ രണ്ട് പല്ലുകൾ നഷ്ടമാവുകയും ചെയ്തു. ചുണ്ടിന് ആഴത്തിൽ മുറിവേറ്റ ഐശ്വര്യ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ദീർഘകാലം ചികിത്സയിലായിരുന്നു. സംഭവം നടന്ന് 20 ദിവസം കഴിഞ്ഞിട്ടും ശരിയായി ഭക്ഷണം കഴിക്കാനോ സംസാരിക്കാനോ കഴിയാത്ത അവസ്ഥയിലാണ് ഈ വിദ്യാർത്ഥിനി. പരിക്കിനെത്തുടർന്ന് ഐശ്വര്യക്ക് സർവകലാശാല പരീക്ഷകളും നഷ്ടമായി.
ട്രെയിനുകൾക്ക് നേരെയുള്ള കല്ലേറ് വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ റെയിൽവേ പോലീസ് നടത്തിയ ഊർജ്ജിത അന്വേഷണത്തിനൊടുവിലാണ് പ്രതിയെ കടലുണ്ടിയിൽ നിന്ന് പിടികൂടിയത്. സമാനമായ രീതിയിൽ മുൻപും ഇയാൾ അതിക്രമങ്ങൾ നടത്തിയിട്ടുണ്ടോ എന്ന് പോലീസ് പരിശോധിച്ചു വരികയാണ്.
