തായ്‌വാൻ അതിർത്തിയിൽ ചൈനീസ് പ്രകോപനം തുടരുന്നു: യുദ്ധക്കപ്പലുകളും വിമാനങ്ങളും നിലയുറപ്പിക്കുന്നു

തായ്‌വാൻ അതിർത്തിയിൽ ചൈനീസ് പ്രകോപനം തുടരുന്നു: യുദ്ധക്കപ്പലുകളും വിമാനങ്ങളും നിലയുറപ്പിക്കുന്നു 

തായ്‌പേയ്: തായ്‌വാന് ചുറ്റും ചൈനീസ് സൈന്യം പ്രകോപനപരമായ നീക്കങ്ങൾ തുടരുന്നതായി റിപ്പോർട്ട്. കണക്കുകൾ പ്രകാരം 8 യുദ്ധക്കപ്പലുകളും 2 സൈനിക വിമാനങ്ങളും 4 ഔദ്യോഗിക കപ്പലുകളും തായ്‌വാൻ പരിധിയിൽ കണ്ടെത്തിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.(Chinese provocations continue on Taiwan border, Warships and aircraft are stationed)

ചൈനയുടെ ഒരു സൈനിക വിമാനം തായ്‌വാന്റെ തെക്കുകിഴക്കൻ വ്യോമ പ്രതിരോധ മേഖലയിലേക്ക് അതിക്രമിച്ചു കയറി. തായ്‌വാൻ സൈന്യം സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും എക്‌സിലൂടെ പുറത്തുവിട്ട പ്രസ്താവനയിൽ മന്ത്രാലയം വ്യക്തമാക്കി.

ശനിയാഴ്ച ഇതിലും വലിയ സൈനിക സന്നാഹമാണ് ചൈനയുടെ ഭാഗത്തുനിന്നുണ്ടായത്. അന്ന് 17 വിമാനങ്ങളും 7 യുദ്ധക്കപ്പലുകളും അതിർത്തിയിൽ കണ്ടെത്തിയിരുന്നു. ഇതിൽ 15 വിമാനങ്ങളും ഇരുരാജ്യങ്ങളെയും വേർതിരിക്കുന്ന മധ്യരേഖ ലംഘിച്ചതായും റിപ്പോർട്ടുണ്ട്. തായ്‌വാൻ തങ്ങളുടെ അവിഭാജ്യ ഘടകമാണെന്ന ചൈനയുടെ അവകാശവാദമാണ് നിലവിലെ സംഘർഷങ്ങൾക്ക് അടിസ്ഥാനം.