തൃശൂരില്‍ എട്ടുവയസുകാരന്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവം; ആല്‍ജോയുടെ വീട്ടില്‍ പാമ്പിന് കൂടാരമോ? ഇന്നലെ മാത്രം വീട്ടിനുള്ളില്‍ കണ്ടെത്തിയത് രണ്ട് പാമ്പുകളെ; അഞ്ചാമത്തെ പാമ്പിനെ കണ്ടെത്തിയത് ശുചിമുറിയില്‍; ശംഖുവരയന്‍ ഇനത്തില്‍ പെട്ട വിഷപാമ്പുകള്‍; വീടിന്റെ ഒരു ഭാഗം പൊളിച്ച് പരിശോധന നടത്തുന്നു

ഇന്നലെ മാത്രം രണ്ട് പാമ്പുകളെയാണ് വീട്ടില്‍ നിന്ന് കണ്ടെത്തിയത്. അഞ്ച് പാമ്പിനെയാണ് ഇതുവരെ വീട്ടില്‍ നിന്ന് പിടികൂടിയത്. ശംഖുവരയന്‍ ഇനത്തില്‍ പെട്ട പാമ്പിനെയാണ് കണ്ടെത്തിയത്. ഉറക്കത്തിനിടെയാണ് എട്ടുവയസുകാരനായ ആല്‍ജോ പാമ്പ് കടിയേറ്റ് മരിച്ചത്. അല്‍ജോയുടെ സഹോദരന്‍ അനോഷിനും പാമ്പ് കടിയേറ്റിരുന്നു. അനോഷിന്റെ ആരോഗ്യനിലയില്‍ ശുഭകരമായ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ പ്രതികരിച്ചു. കുട്ടിയെ നിലവില്‍ വെന്റിലേറ്ററില്‍ നിന്നും മാറ്റിയിട്ടുണ്ട്. പിന്നാലെ, അനോഷ് മാതാപിതാക്കളോട് സംസാരിക്കുകയും ചെയ്തു. കുട്ടിയെ തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.
അതേസമയം ആല്‍ജോയുടെ മരണം പാമ്പു കടിച്ചതു മൂലമാണെന്ന് സ്ഥിരീകരിച്ച് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ആല്‍ജോയുടെ പിന്‍ഭാഗത്ത് രണ്ട് അടയാളങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. ഇത് പാമ്പുകടിയേറ്റതിന്റെ സൂചനയാണെന്നാണ് പ്രാഥമികനിഗമനം. അതേസമയം പാമ്പിന്‍വിഷം പോസ്റ്റ്മോര്‍ട്ടത്തില്‍ സ്ഥിരീകരിക്കാന്‍ കഴിയില്ല. വിഷാംശം സ്ഥിരീകരിക്കാന്‍ ആന്തരികാവയവങ്ങള്‍ രാസപരിശോധനക്കയച്ചിട്ടുണ്ട്. കുട്ടിയുടെ കൈത്തണ്ടയില്‍ കടിയേറ്റതിന് സമാനമായ പാടുണ്ടെന്നായിരുന്നു പോലീസിന്റെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്.
ഇന്നലെ കായംകുളം ചേരാവള്ളി സ്വദേശിയും പാമ്പ് കടിയേറ്റ് മരിച്ചിരുന്നു. രാത്രി ഏഴരയോടെയാണ് സംഭവം. ബന്ധുവിന്റെ വിവാഹ ചടങ്ങിന് പോയപ്പോഴാണ് കടിയേറ്റത്. പറമ്പില്‍ പാര്‍ക്ക് ചെയ്ത സ്‌കൂട്ടര്‍ എടുക്കാന്‍ പോയപ്പോഴായിരുന്നു സംഭവം. ഉടന്‍ തന്നെ കായംകുളം താലൂക്ക് ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
തിരുവനന്തപുരത്ത് രണ്ടിടങ്ങളിലായി രണ്ട് പേര്‍ക്ക് ഇന്നലെ പാമ്പ് കടിയേറ്റിരുന്നു. പോത്തന്‍കോട് വേങ്ങോട് സ്വദേശി ദുര്‍ഗ്ഗക്കാണ് പാമ്പ് കടിയേറ്റത്. വര്‍ക്കലയില്‍ ആശാ വര്‍ക്കര്‍ക്കും കടിയേറ്റു. വീടിന്റെ അടുക്കളഭാഗത്ത് നിന്നാണ് ആശാ വര്‍ക്കര്‍ ഷംനക്ക് പാമ്പ് കടിയേറ്റത്. ഇരുവരും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി.
