കിണറ്റിൽ വീണ പന്തെടുക്കാൻ ശ്രമിക്കുന്നതിനിടെ അപകടം; 14 വയസ്സുകാരൻ മരിച്ചു

കിണറ്റിൽ വീണ പന്തെടുക്കാൻ ശ്രമിക്കുന്നതിനിടെ അപകടം; 14 വയസ്സുകാരൻ മരിച്ചു



കണ്ണൂർ: കളിക്കുന്നതിനിടെ കിണറ്റിൽ വീണ പന്തെടുക്കാനുള്ള ശ്രമത്തിനിടെ വിദ്യാർത്ഥി കിണറ്റിൽ വീണ് മരിച്ചു. കാട്ടാമ്പള്ളി സ്വദേശി മുഹമ്മദ് (14) ആണ് മരിച്ചത്. കൊയ്യം മർക്കസിൽ താമസിച്ച് പഠിച്ചുവരികയായിരുന്നു മുഹമ്മദ്.

വെള്ളിയാഴ്ച രാവിലെ എട്ടു മണിയോടെയായിരുന്നു ദാരുണമായ സംഭവം. കൊയ്യം മർക്കസ് പരിസരത്ത് കൂട്ടുകാർക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ പന്ത് സമീപത്തെ കിണറ്റിൽ വീഴുകയായിരുന്നു. പന്തെടുക്കാനായി ശ്രമിക്കുന്നതിനിടെ മുഹമ്മദ് അബദ്ധത്തിൽ കിണറ്റിലേക്ക് വീഴുകയായിരുന്നുവെന്നാണ് വിവരം.

അപകടം നടന്ന ഉടൻ തന്നെ കൂടെയുണ്ടായിരുന്ന കുട്ടികൾ അധ്യാപകരെയും നാട്ടുകാരെയും വിവരമറിയിച്ചു. തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ കുട്ടിയെ അതിവേഗം കിണറ്റിൽ നിന്ന് പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഇപ്പോൾ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.