കോഴിക്കോട് എടച്ചേരിയെ നടുക്കിയ ജമീല കൊലക്കേസിലെ പ്രതി 25 വർഷങ്ങൾക്ക് ശേഷം പിടിയിൽ. എടച്ചേരി പൊലീസിന്റെ അതിവിദഗ്ദ്ധമായ നീക്കത്തിനൊടുവിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഭർത്താവ് ഹമീദ് കാസർഗോഡ് ആദൂരിൽ നിന്നാണ് പിടിയിലായത്. ഒരു നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തിയ കൊലപാതകത്തിന് രണ്ടര പതിറ്റാണ്ടിന് ശേഷം, പ്രതി ആരാണെന്ന ചോദ്യത്തിനാണ് ഇതോടെ ഉത്തരമായത്
2001 ആഗസ്റ്റ് മാസമായിരുന്നു എടച്ചേരിയെ നടുക്കിയ ക്രൂരമായ കൊലപാതകത്തിലെ പ്രതി ഒടുവിൽ നിയമത്തിന്റെ പിടിയിൽ ആവുന്നത്. എടച്ചേരി സ്വദേശിനി ജമീലയെ തലയ്ക്കടിച്ചും കഴുത്ത് ഞെരിച്ചും കൊലപ്പെടുത്തിയ ശേഷം നാടുവിട്ടതാണു ഭർത്താവ് ഹമീദ് . കാസർഗോഡ് ജില്ലയിലെ ആദൂർ സ്റ്റേഷൻ പരിധിയിൽ നിന്നാണ് എടച്ചേരി പൊലീസ് സംഘം ഇയാളെ അതിസാഹസികമായി പിടികൂടിയത്. മാതാവിൻ്റെ കൊലപാതകം ഹൃദയസ്തഭനം ആക്കി തീർത്ത് മറ്റൊരു യുവതിയെ വിവാഹം ചെയ്യാൻ ആണ് പിതാവ് ശ്രമിച്ചതെന്ന് മകൻ പറഞ്ഞു
കാസർഗോഡ് ആദൂരിൽ ആർക്കും സംശയം തോന്നാത്ത വിധം ഒരു സാധാരണ മത്സ്യവിൽപ്പനക്കാരനായി ജീവിച്ചു വരികയായിരുന്നു ഹമീദ്. മറ്റൊരു വിവാഹം കഴിച്ച്, മൂന്ന് കുട്ടികളുമായി കാസർഗോഡ് ജീവിക്കുമ്പോഴാണ് ഇയാൾ പൊലീസ് പിടിയിലാവുന്നത്. ഇത്രയും കാലം പൊലീസിനെ വെട്ടിച്ച് ഒളിവിൽ കഴിഞ്ഞ ഇയാളെ പിടികൂടുക എന്നത് അന്വേഷണ സംഘത്തിന് വലിയ വെല്ലുവിളിയായിരുന്നു. ഒടുവിൽ പ്രതിയുടെ പഴയ ഫോട്ടോയും നിലവിലെ സൂചനകളും കേന്ദ്രീകരിച്ച് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ നീക്കമാണ് ലക്ഷ്യം കണ്ടത്. പിടിയിലായ ഹമീദിനെ വടകര കോടതിയിൽ ഹാജരാക്കി

