റീല്‍സ് കണ്ട് ലൊക്കേഷന്‍ തേടിയെത്തി; കോടനാട് പാറമടയില്‍ പരസ്യ ചിത്രീകരണത്തിന്റെ ലൊക്കേഷന്‍ നോക്കാനെത്തിയ സംഘം; നീന്താന്‍ ശ്രമിക്കുന്നതിനിടെ ഡല്‍ഹി സ്വദേശിയായ 26 കാരന്‍ പാറമടയില്‍ മുങ്ങിമരിച്ചു

റീല്‍സ് കണ്ട് ലൊക്കേഷന്‍ തേടിയെത്തി; കോടനാട് പാറമടയില്‍ പരസ്യ ചിത്രീകരണത്തിന്റെ ലൊക്കേഷന്‍ നോക്കാനെത്തിയ സംഘം; നീന്താന്‍ ശ്രമിക്കുന്നതിനിടെ ഡല്‍ഹി സ്വദേശിയായ 26 കാരന്‍ പാറമടയില്‍ മുങ്ങിമരിച്ചു



കൊച്ചി: എറണാകുളം പെരുമ്പാവൂരിന് സമീപം കോടനാട്ട് പരസ്യ ചിത്രീകരണത്തിന്റെ ഭാഗമായുള്ള ലൊക്കേഷന്‍ പരിശോധനയ്ക്കിടെ യുവാവ് പാറമടയില്‍ മുങ്ങിമരിച്ചു. ഡല്‍ഹി അംബേദ്കര്‍ നഗര്‍ സ്വദേശിയായ ദിയാന്‍ഷു ജോഷി (26) ആണ് മരിച്ചത്. ഇന്ന് ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെയായിരുന്നു നാടിനെ നടുക്കിയ ഈ അപകടം സംഭവിച്ചത്. കോടനാട്ടെ ആളൊഴിഞ്ഞ പാറമടയില്‍ നീന്താന്‍ ശ്രമിക്കുന്നതിനിടെ യുവാവ് അപകടത്തില്‍പ്പെടുകയായിരുന്നു.

പരസ്യ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ നിന്നെത്തിയ നാലംഗ സംഘത്തില്‍പ്പെട്ടയാളാണ് മരണപ്പെട്ട ദിയാന്‍ഷു ജോഷി. സമൂഹമാധ്യമങ്ങളിലെ റീല്‍സ് ദൃശ്യങ്ങളിലൂടെ കണ്ടാണ് സംഘം ഈ ലൊക്കേഷന്‍ തിരഞ്ഞെത്തിയതെന്നാണ് പ്രാഥമിക സൂചന. അപകടം നടന്ന പാറമട കഴിഞ്ഞ 20 വര്‍ഷമായി യാതൊരുവിധ പ്രവര്‍ത്തനവുമില്ലാതെ കിടക്കുന്നതാണ്. അപകടമേഖലയായതിനാല്‍ ഇവിടേക്ക് ആളുകള്‍ പ്രവേശിക്കുന്നത് അധികൃതര്‍ പൂര്‍ണ്ണമായി നിരോധിച്ചിരുന്നതുമാണ്.

യുവാവ് വെള്ളത്തില്‍ മുങ്ങിത്താഴ്ന്നതിനെ തുടര്‍ന്ന് കൂടെയുണ്ടായിരുന്നവര്‍ ഒച്ചവെച്ച് ആളുകളെ കൂട്ടുകയും ഉടന്‍ തന്നെ പോലീസിലും ഫയര്‍ഫോഴ്‌സിലും വിവരമറിയിക്കുകയുമായിരുന്നു. സംഭവസ്ഥലത്തേക്ക് ഫയര്‍ഫോഴ്‌സ് സംഘം അടിയന്തിരമായി എത്തി നടത്തിയ വിപുലമായ തിരച്ചിലിനൊടുവിലാണ് ദിയാന്‍ഷുവിന്റെ മൃതദേഹം വെള്ളത്തില്‍ നിന്നും പുറത്തെടുത്തത്. തുടര്‍ന്ന് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.