കള്ളുഷാപ്പിലിരുന്ന് ഭക്ഷണം കഴിച്ചു, പിന്നാലെ ഉടമയുടെ എട്ടു പവന്റെ മാലയും പണവും കവർന്നു; തുമ്പുണ്ടാക്കിയത് 30 കിലോമീറ്ററിലെ സിസിടിവി ദൃശ്യങ്ങൾ; പിടിടയിലായത് ഒട്ടേറെ കേസുകളിലെ പ്രതികൾ

കള്ളുഷാപ്പിലിരുന്ന് ഭക്ഷണം കഴിച്ചു, പിന്നാലെ ഉടമയുടെ എട്ടു പവന്റെ മാലയും പണവും കവർന്നു; തുമ്പുണ്ടാക്കിയത് 30 കിലോമീറ്ററിലെ സിസിടിവി ദൃശ്യങ്ങൾ; പിടിടയിലായത് ഒട്ടേറെ കേസുകളിലെ പ്രതികൾ



മലപ്പുറം: വെങ്ങാട് മൂർക്കനാട് റോഡിലെ കള്ളുഷാപ്പിൽ ഉടമയെ ആക്രമിച്ച് എട്ടു പവന്റെ സ്വർണ്ണമാലയും മൊബൈൽ ഫോണും കവർന്ന കേസിൽ നാലംഗ ക്രിമിനൽ സംഘം പിടിയിൽ. ഒന്നാം പ്രതി തൃത്താല കൂടല്ലൂർ സ്വദേശി മുഹമ്മദ് മുസ്തഫ (28), രണ്ടാം പ്രതി തൊടുപുഴ കുമാരമംഗലം സ്വദേശി അജ്മൽ (30), മൂന്നാം പ്രതി കൂടല്ലൂർ സ്വദേശി ജിഷ്ണു രാജഗോപാൽ (31), നാലാം പ്രതി ആനക്കര സ്വദേശി ഫൈസൽ (43) എന്നിവരെയാണ് കൊളത്തൂർ എസ്.എച്ച്.ഒ എം. ബിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ബംഗളൂരുവിൽ നിന്ന് സാഹസികമായി പിടികൂടിയത്.

ഈ മാസം എട്ടിനായിരുന്നു നാടിനെ നടുക്കിയ കവർച്ച നടന്നത്. പകൽ സമയത്ത് സ്കൂട്ടറിലെത്തിയ പ്രതികൾ ഷാപ്പിലിരുന്ന് ഭക്ഷണം കഴിച്ച ശേഷമാണ് അക്രമം നടത്തിയത്. ഷാപ്പുടമ ദാമോദരന്റെ കഴുത്തിലുണ്ടായിരുന്ന എട്ടു പവന്റെ സ്വർണ്ണമാലയും മേശപ്പുറത്തിരുന്ന പതിനായിരം രൂപ വിലവരുന്ന മൊബൈൽ ഫോണും ഇവർ ബലമായി തട്ടിയെടുത്ത് കടന്നുകളയുകയായിരുന്നു. കവർച്ചയ്ക്ക് ശേഷം എറണാകുളം, മൂന്നാർ, തമിഴ്‌നാട് എന്നിവിടങ്ങളിൽ കറങ്ങി ഒടുവിൽ ബംഗളൂരുവിൽ ഒളിവിൽ കഴിയുമ്പോഴാണ് പ്രതികൾ വലയിലായത്. ഹൈവേകളിലെയും മറ്റും 30 കിലോമീറ്ററോളം ദൂരത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണമാണ് പ്രതികളെ തിരിച്ചറിയാൻ സഹായിച്ചത്.

പിടിയിലായ പ്രതികൾ രാസലഹരി ഉപയോഗിക്കുന്നവരും സ്ഥിരം കുറ്റവാളികളുമാണെന്ന് പോലീസ് വ്യക്തമാക്കി. ഒന്നാം പ്രതി മുസ്തഫയ്ക്ക് കേരളത്തിലെ വിവിധ സ്റ്റേഷനുകളിലായി മോഷണം ഉൾപ്പെടെ പത്തോളം കേസുകളുണ്ട്. രണ്ടാം പ്രതി അജ്മലിനെതിരെ വധശ്രമവും മാലപൊട്ടിക്കലുമടക്കം ഒൻപത് കേസുകളുണ്ട്. കഴിഞ്ഞ രണ്ടു മാസമായി തൊടുപുഴയിൽ നിന്ന് കൂടല്ലൂരിലെത്തി മറ്റ് പ്രതികൾക്കൊപ്പമായിരുന്നു അജ്മലിന്റെ താമസം.

മൂന്നാം പ്രതി ജിഷ്ണുവിന് രണ്ടും നാലാം പ്രതി ഫൈസലിന് മണൽ കടത്തിയതുമായി ബന്ധപ്പെട്ട് ഒരു കേസും നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കൊളത്തൂർ എസ്.എച്ച്.ഒ എം. ബിജുവിന് പുറമെ എ.എസ്.ഐ ജോർജ്, സി.പി.ഒമാരായ നജ്മുദ്ദീൻ, ദിനേശ്, നിസാർ എന്നിവരും പ്രതികളെ പിടികൂടിയ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.