ഇരിപ്പിടത്തെച്ചൊല്ലി തർക്കം; വണ്ടിപ്പെരിയാറിൽ വിവാഹസൽക്കാരത്തിനിടെ കൂട്ടത്തല്ല്; കേറ്ററിങ് ജീവനക്കാരും വരന്റെ ബന്ധുക്കളും ഏറ്റുമുട്ടി; കേറ്ററിങ് ഉടമയുടെ മകൻ ഉൾപ്പെടെ 8 പേർക്ക് പരിക്ക്

ഇരിപ്പിടത്തെച്ചൊല്ലി തർക്കം; വണ്ടിപ്പെരിയാറിൽ വിവാഹസൽക്കാരത്തിനിടെ കൂട്ടത്തല്ല്; കേറ്ററിങ് ജീവനക്കാരും വരന്റെ ബന്ധുക്കളും ഏറ്റുമുട്ടി; കേറ്ററിങ് ഉടമയുടെ മകൻ ഉൾപ്പെടെ 8 പേർക്ക് പരിക്ക്



വണ്ടിപ്പെരിയാർ: ഇടുക്കി വണ്ടിപ്പെരിയാരിൽ വിവാഹസൽക്കാരത്തിനിടെ ഇരിക്കാൻ സീറ്റ് ചോദിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കം കലാശിച്ചത് കൂട്ടത്തല്ലിൽ. വണ്ടിപ്പെരിയാറിന് സമീപം ഗ്രാമ്പിയിൽ ഇന്നലെ നടന്ന വിവാഹവിരുന്നിനിടെയാണ് വരന്റെ ബന്ധുക്കളും കേറ്ററിങ് ജീവനക്കാരും തമ്മിൽ ഏറ്റുമുട്ടിയത്. സംഘർഷത്തിൽ കേറ്ററിങ് ഉടമയുടെ മകൻ ഉൾപ്പെടെ എട്ടു പേർക്ക് പരിക്കേറ്റു.

വണ്ടിപ്പെരിയാർ സിഎസ്ഐ പള്ളിയിൽ നടന്ന വിവാഹത്തിന് ശേഷമുള്ള വിരുന്നിനിടെയായിരുന്നു സംഭവം. സൽക്കാരത്തിന്റെ അവസാന ഘട്ടത്തിൽ വരന്റെ സഹോദരിയും ഭർത്താവും മറ്റ് ബന്ധുക്കളും ഭക്ഷണം കഴിക്കാനായി എത്തിയതായിരുന്നു തർക്കത്തിന്റെ തുടക്കം. ഇവർ ഇരിക്കാൻ തുനിഞ്ഞ മേശ കേറ്ററിങ് ജീവനക്കാർ വൃത്തിയാക്കിക്കൊണ്ടിരിക്കുകയായിരുന്നു. തൊട്ടടുത്ത മേശ വൃത്തിയാക്കിയിട്ടുണ്ടെന്നും അവിടേക്ക് മാറണമെന്നും ജീവനക്കാർ ആവശ്യപ്പെട്ടെങ്കിലും ബന്ധുക്കൾ വഴങ്ങിയില്ല. ഇതേച്ചൊല്ലിയുണ്ടായ തർക്കം വാക്കേറ്റത്തിലേക്കും പിന്നീട് കൈയാങ്കളിയിലേക്കും നീങ്ങി.

തർക്കത്തിനിടെ ബന്ധുക്കളിൽ ഒരാൾ അവിടെയിരുന്ന പാത്രമെടുത്ത് കേറ്ററിങ് ഉടമയുടെ മകൻ ജിയോയെ അടിക്കുകയായിരുന്നു. ഇതോടെയാണ് രംഗം വഷളായതും കൂട്ടത്തല്ലുണ്ടായതും. മൂന്ന് കേറ്ററിങ് ജീവനക്കാർക്കും അഞ്ച് ബന്ധുക്കൾക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ വണ്ടിപ്പെരിയാറിലെയും പീരുമേടിലെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് നിലവിൽ കേസെടുത്തിട്ടില്ല. ഇരുവിഭാഗവും തമ്മിൽ ഒത്തുതീർപ്പ് ചർച്ചകൾ പുരോഗമിക്കുന്നതായാണ് വിവരം.