കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് എടയന്നൂര്‍ ഷുഹൈബിനെ ക്രൂരമായി വെട്ടിനൂറുക്കിയ കൊലയാളി സംഘത്തിന് ഒടുവില്‍ നിയമത്തിന്റെ വന്‍ തിരിച്ചടി. കേസിലെ മുഖ്യപ്രതി ആകാശ് തില്ലങ്കേരി ഉള്‍പ്പെടെയുള്ള സകല പ്രതികളുടെയും ജാമ്യം റദ്ദാക്കിയ കോടതി വിധി പുറത്തുവന്നതോടെ വീണ്ടും ചര്‍ച്ചാകേന്ദ്രമാകുന്നു. കൊലപാതകത്തിന് ശേഷം പ്രതികള്‍ക്ക് ഭരണകക്ഷിയുടെ പിന്‍ബലത്തോടെ ലഭിച്ച സ്വീകാര്യതയും, കേസ് അട്ടിമറിക്കാന്‍ മുന്‍സര്‍ക്കാര്‍ നടത്തിയ നീക്കങ്ങളും, ഒടുവില്‍ ജാമ്യം റദ്ദാക്കപ്പെട്ടതു വരെയുള്ള സംഭവവികാസങ്ങളും കോണ്‍ഗ്രസ് നേതൃത്വവും സൈബര്‍ വിംഗും വലിയ വിജയമായിട്ടാണ് ഉയര്‍ത്തിക്കാട്ടുന്നത്.
'നായ്‌ക്കൊപ്പം കുരച്ചവനും വേട്ടയാടാന്‍ പോയവനും ഇനി അഴിക്കുള്ളിലേക്ക്'; ഷുഹൈബ് വധക്കേസില്‍ പ്രതികളുടെ ജാമ്യം റദ്ദാക്കിയപ്പോള്‍
ഷുഹൈബ് വധക്കേസിലെ മുഴുവന്‍ പ്രതികളുടെയും ജാമ്യം റദ്ദാക്കിയ കോടതി വിധിയെ ആവേശത്തോടെയാണ് യുത്ത് കോണ്‍ഗ്രസും കോണ്‍ഗ്രസ് സൈബര്‍ ടീമും വരവേല്‍ക്കുന്നത്.
നായ്‌ക്കൊപ്പം കുരച്ചോണ്ട് ഇരുന്നവന്റെയും അവന്റെ കൂടെ ശുഹൈബിനെ വേട്ടയാടാന്‍ പോയ തില്ലങ്കേരിയിലെ സകല എണ്ണത്തിന്റെയും ജാമ്യം റദാക്കിയിട്ടുണ്ട്....
വീടാതെ വിടില്ല ഒരു കണക്കും...ഒരാളെ വെട്ടി നുറുക്കി കൊലപ്പെടുത്തി ഒരാള്‍ ഹീറോ ആകുന്നത് അത്ഭുതത്തോടെ നോക്കി നിന്ന ഒന്നാണ്.....
ശുഐബിനെ കൊന്നശേഷം ആകാശ് തില്ലങ്കേരി എന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് സമൂഹമാധ്യമങ്ങളിലെ സിപിഎം പ്രവര്‍ത്തകര്‍ക്കിടയില്‍ ഉണ്ടായ സ്വീകാര്യത ഞെട്ടിക്കുന്നതാണ്..
സമാനതകളില്ലാത്ത വലിയ തോല്‍വിയിലേക്ക് സിപിഎമ്മിനെ നയിച്ചത് ഇതുപോലുള്ള ക്രിമിനല്‍ ഗ്യാങ്ങുകള്‍ പാര്‍ട്ടിക്കാരുടെ ഹീറോ കളാകാന്‍ തുടങ്ങിയതോടെയാണ്..
എന്തുകൊണ്ട് തോറ്റു എന്ന് താത്വികമായ ഫേസ്ബുക്കില്‍ കുറിക്കുന്ന ഫേസ്ബുക്ക് ബുദ്ധിജീവികള്‍ ഈ വക പ്രവണതകള്‍ക്ക് നേരെ കണ്ണടക്കുന്നു..
ഇനി കാലം തിരികെ കറങ്ങട്ടെ...
ഈ കേസിന്റെ വിചാരണ നീട്ടാന്‍ പിണറായി സര്‍ക്കാര്‍ ചെലവാക്കിയ 'പൊതുപണം'86 ലക്ഷം രൂപയാണ്... എന്നതുകൂടി ഈ സമയത്ത് ഓര്‍ക്കണം.-കോണ്‍ഗ്രസ് സൈബര്‍ ടീമിന്റെ പോസ്റ്റ്
'നായ്‌ക്കൊപ്പം കുരച്ചോണ്ട് ഇരുന്നവന്റെയും അവന്റെ കൂടെ ശുഹൈബിനെ വേട്ടയാടാന്‍ പോയ തില്ലങ്കേരിയിലെ സകല എണ്ണത്തിന്റെയും ജാമ്യം റദ്ദാക്കിയിട്ടുണ്ട്. വിടാതെ വിടില്ല ഒരു കണക്കും...' എന്നാണ് മുന്‍ എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചത്.
കൊലക്കേസ് പ്രതിക്ക് ഹീറോ പരിവേഷം
ഒരാളെ വെട്ടി നുറുക്കി കൊലപ്പെടുത്തിയ ശേഷം സോഷ്യല്‍ മീഡിയയില്‍ കൊലയാളികള്‍ ഹീറോ പരിവേഷം നേടുന്നത് മലയാളി സമൂഹം അത്ഭുതത്തോടെയാണ് നോക്കിനിന്നത്. കൊലപാതകത്തിന് ശേഷം ഒന്നാം പ്രതി ആകാശ് തില്ലങ്കേരിക്ക് സോഷ്യല്‍ മീഡിയയിലെ ഒരുവിഭാഗം സിപിഎം പ്രവര്‍ത്തകര്‍ക്കിടയില്‍ ലഭിച്ച സ്വീകാര്യത ഞെട്ടിക്കുന്നതായിരുന്നു. ഇത്തരം ക്രിമിനല്‍ സംഘങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ ഹീറോ ചമയാന്‍ തുടങ്ങിയതാണ് സിപിഎമ്മിനെ സമാനതകളില്ലാത്ത വലിയ തോല്‍വികളിലേക്ക് നയിച്ചതെന്ന് കോണ്‍ഗ്രസ് സൈബര്‍ ടീം കുറ്റപ്പെടുത്തുന്നു. എന്തുകൊണ്ട് തോറ്റു എന്ന് ഫേസ്ബുക്കില്‍ താത്വിക അവലോകനം നടത്തുന്ന പാര്‍ട്ടി ബുദ്ധിജീവികള്‍ ഇത്തരം പ്രവണതകള്‍ക്ക് നേരെ കണ്ണടയ്ക്കുകയാണെന്നും, ഈ കേസിന്റെ വിചാരണ നീട്ടിക്കൊണ്ടുപോകാന്‍ മാത്രം പിണറായി സര്‍ക്കാര്‍ ജനങ്ങളുടെ 86 ലക്ഷം രൂപയോളം പൊതുപണം വക്കീല്‍ ഫീസിനത്തില്‍ ധൂര്‍ത്തടിച്ചു എന്നും കോണ്‍ഗ്രസ് ഓര്‍മ്മിപ്പിക്കുന്നു.
ഇരന്നു വാങ്ങിയ തിരിച്ചടി: പാര്‍ട്ടി രഹസ്യങ്ങള്‍ പുറത്താക്കിയ ഫേസ്ബുക്ക് പോസ്റ്റുകള്‍
തുടക്കത്തില്‍ പാര്‍ട്ടിയുടെ തണലില്‍ ജാമ്യത്തിലിറങ്ങി ആര്‍ഭാട ജീവിതം നയിച്ച ആകാശ് തില്ലങ്കേരിയും കൂട്ടരും പില്‍ക്കാലത്ത് പ്രാദേശിക പാര്‍ട്ടി നേതൃത്വവുമായി തെറ്റിയതോടെയാണ് കഥ മാറിയത്. 'കൊല്ലാന്‍ തീരുമാനിച്ചാല്‍ പിന്നെ ഉമ്മ വെച്ച് വിടണമായിരുന്നോ?' എന്ന് ചോദിച്ച് കൊലപാതകത്തെ പരസ്യമായി ന്യായീകരിച്ച ജിജോ തില്ലങ്കേരിയെപ്പോലെയുള്ള സുഹൃത്തുക്കള്‍ പ്രതികള്‍ക്കുണ്ടായിരുന്നു.
എന്നാല്‍ പാര്‍ട്ടിയുടെ സംരക്ഷണം കുറഞ്ഞതോടെ ആകാശ് തില്ലങ്കേരി ഫേസ്ബുക്കിലൂടെ നടത്തിയ വെളിപ്പെടുത്തലുകള്‍ സിപിഎമ്മിനെ വലിയ പ്രതിരോധത്തിലാക്കി. തങ്ങള്‍ പാര്‍ട്ടിക്ക് വേണ്ടിയാണ് കൊലപാതകം നടത്തിയതെന്നും, കൊലപാതകത്തിന് ആഹ്വാനം ചെയ്തവര്‍ക്ക് സഹകരണ സ്ഥാപനങ്ങളില്‍ ജോലികിട്ടിയപ്പോള്‍ നടപ്പാക്കിയ തങ്ങള്‍ക്ക് പട്ടിണിയും പടിയടച്ച് പിണ്ഡം വെക്കലുമാണ് പ്രതിഫലമെന്നുമായിരുന്നു ആകാശിന്റെ പരസ്യമായ തുറന്നുപറച്ചില്‍. ഡെമ്മി പ്രതികളെ നല്‍കി കേസ് ഒതുക്കാമെന്ന് പാര്‍ട്ടി ഉറപ്പുനല്‍കിയിരുന്നതായും പ്രതികള്‍ വെളിപ്പെടുത്തിയിരുന്നു. ഈ പരസ്യ വെല്ലുവിളികളും ക്രിമിനല്‍ പശ്ചാത്തലവും തന്നെയാണ് ഇപ്പോള്‍ പ്രതികളുടെ ജാമ്യം റദ്ദാക്കുന്നതിലേക്ക് കാര്യങ്ങളെത്തിച്ചത്.
അന്ന് തട്ടുകടയില്‍ നടന്നത് അതിക്രൂരമായ 'ഇറച്ചിവെട്ട്'
2018 ഫെബ്രുവരി 12-ന് രാത്രി 10.50-ഓടെയാണ് കേരളത്തെ നടുക്കിയ ആ ക്രൂരത അരങ്ങേറിയത്. മട്ടന്നൂര്‍ തെരുവിലെ തട്ടുകടയില്‍ സുഹൃത്തുക്കളായ ഫര്‍സിന്‍, റിയാസ്, നൗഷാദ് എന്നിവര്‍ക്കൊപ്പം ചായ കുടിച്ചുകൊണ്ടിരിക്കുകയായിരുന്നു യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി എടയന്നൂര്‍ സ്വദേശി എസ്.പി. ഷുഹൈബ്. ഒരു കാര്‍ പതിയെ കൊണ്ട് ചവിട്ടി നിര്‍ത്തിയപ്പോഴേ, ഷുഹൈബ് അപകടം മണത്തു. ജീവന് ഭീഷണിയുണ്ടായിരുന്നത് കൊണ്ടാവണം, ക്വട്ടേഷന്‍ ടീമാണോ എന്ന് ഷുഹൈബ് പതിയെ സുഹൃത്തുക്കളോട് ചോദിച്ചു.
പെട്ടെന്ന് ഫോര്‍ രജിസ്‌ട്രേഷന്‍ കാറിലെത്തിയ അക്രമിസംഘം ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. തുടര്‍ന്ന് വാളുകളുമായി ഷുഹൈബിനെ വളഞ്ഞു. നിലത്തിരുന്ന് ഇറച്ചിവെട്ടുന്നതുപോലെയാണ് അക്രമികള്‍ ഷുഹൈബിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചതെന്ന് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ സാക്ഷ്യപ്പെടുത്തുന്നു. രണ്ടുപേര്‍ ചേര്‍ന്ന് നിരവധി തവണയാണ് കാലുകളില്‍ വെട്ടിയത്. ഒരാള്‍ ഇരുന്നും രണ്ടാമന്‍ കുനിഞ്ഞുനിന്നും വെട്ടുകയായിരുന്നു. ബെഞ്ചുകൊണ്ട് തടയാന്‍ ശ്രമിച്ചതിനാലാണ് അരയ്ക്ക് മുകളിലേക്ക് വെട്ടേല്‍ക്കാതിരുന്നത്. തടയാന്‍ ചെന്ന സുഹൃത്ത് നൗഷാദിനും വെട്ടേറ്റു. നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും വീണ്ടും ബോംബെറിഞ്ഞ് ഭീതി പരത്തി സംഘം മട്ടന്നൂര്‍ ഭാഗത്തേക്ക് കടന്നുകളയുകയായിരുന്നു. ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്‍പ് തന്നെ ചോര വാര്‍ന്ന് ഷുഹൈബ് മരണത്തിന് കീഴടങ്ങി.
ചോരയും പോരാട്ടവും നിറഞ്ഞ ഷുഹൈബ് വധക്കേസിന്റെ നാള്‍വഴികള്‍
2018 ഫെബ്രുവരി 12: മട്ടന്നൂരിലെ തട്ടുകടയില്‍ വെച്ച് എസ്.പി ഷുഹൈബ് വെട്ടേറ്റു കൊല്ലപ്പെടുന്നു. സുഹൃത്തുക്കള്‍ക്ക് പരിക്ക്.
ഫെബ്രുവരി 13: എടയന്നൂര്‍ സ്‌കൂളിലെ തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ്. കൊലപാതകത്തില്‍ പങ്കില്ലെന്ന് സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജന്‍.
ഫെബ്രുവരി 14: ഷുഹൈബിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി സി.പി.എം മുന്‍പ് നടത്തിയ പ്രകടനത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. പ്രതികളെ പിടിക്കാന്‍ കോണ്‍ഗ്രസ് നേതാവ് സതീശന്‍ പാച്ചേനിയുടെ ഉപവാസം. പ്രത്യേക പോലീസ് അന്വേഷണ സംഘം രൂപീകരിച്ചു.
ഫെബ്രുവരി 17: കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് ഷുഹൈബിന്റെ പിതാവ് മുഹമ്മദ്. കെ. സുധാകരന്‍ നിരാഹാര സമരത്തിലേക്ക്.
ഫെബ്രുവരി 18: മുഖ്യപ്രതികളായ ആകാശ് തില്ലങ്കേരി, റിജിന്‍ രാജ് എന്നിവര്‍ പോലീസില്‍ കീഴടങ്ങുന്നു. പ്രതികള്‍ മുഖ്യമന്ത്രി പിണറായി വിജയനും പി. ജയരാജനുമൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നതോടെ പ്രതിരോധത്തിലായി പാര്‍ട്ടി. കൊന്നത് സി.പി.എമ്മുകാര്‍ തന്നെയെന്ന് ഡി.ജി.പി രാജേഷ് ദിവാന്‍ സ്ഥിരീകരിച്ചു.
ഫെബ്രുവരി 19: കെ. സുധാകരന്റെ അനിശ്ചിതകാല നിരാഹാര സമരം കണ്ണൂരില്‍ ആരംഭിച്ചു. കൊലയാളി സംഘം സഞ്ചരിച്ച വാഗണ്‍ആര്‍ കാര്‍ പോലീസ് കണ്ടെത്തി.
ഫെബ്രുവരി 22: കേസ് സി.ബി.ഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ഷുഹൈബിന്റെ മാതാപിതാക്കള്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കുന്നു.
ഫെബ്രുവരി 24 - മാര്‍ച്ച് 5: ഗൂഢാലോചനയില്‍ പങ്കെടുത്തവര്‍ ഉള്‍പ്പെടെ അസ്‌കര്‍, അന്‍വര്‍, അഖില്‍, ജിതിന്‍, രജത്, സഞ്ജയ്, സംഗീത്, ദീപ് ചന്ദ്, ബിജു എന്നിങ്ങനെ കൊലപാതകത്തില്‍ നേരിട്ടും അല്ലാതെയും പങ്കെടുത്ത 11 സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റിലായി. കൊലയ്ക്കുപയോഗിച്ച വാളുകളും മഴുവും കണ്ടെടുത്തു.
ഫെബ്രുവരി 26: സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കുന്നു. പ്രതിപക്ഷം സഭ സ്തംഭിപ്പിച്ചു.
ഫെബ്രുവരി 27: പിതാവിന്റെ ഹരജി പരിഗണിക്കവെ പൊലീസിനെതിരേ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. 'ഒരു മനുഷ്യനെ ചെയ്തത് കണ്ടില്ലേ' എന്ന് കോടതി ചോദ്യം ചെയ്യുന്നു. ഒന്‍പതാം ദിവസം കെ. സുധാകരന്‍ സമരം അവസാനിപ്പിച്ചു.
2018 മാര്‍ച്ച് 7: പോലീസിന്റെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന കുടുംബത്തിന്റെ വാദം അംഗീകരിച്ച്, ഷുഹൈബ് വധക്കേസ് സി.ബി.ഐക്ക് വിട്ടുകൊണ്ട് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ നിര്‍ണായക ഉത്തരവ് പുറപ്പെടുവിക്കുന്നു.
തുടര്‍ന്ന് ഈ സി.ബി.ഐ അന്വേഷണ ഉത്തരവിനെതിരെ സുപ്രീം കോടതിയില്‍ വരെ പോയി കോടിക്കണക്കിന് രൂപയുടെ പൊതുപണം ചിലവഴിച്ചാണ് സര്‍ക്കാര്‍ സ്റ്റേ വാങ്ങിയതും വിചാരണ വൈകിപ്പിച്ചതും. എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം, ജാമ്യവ്യവസ്ഥകള്‍ ലംഘിച്ച് വീണ്ടും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട പ്രതികളുടെ സകല ജാമ്യവും റദ്ദാക്കപ്പെട്ടതോടെ ഷുഹൈബിന്റെ കുടുംബത്തിനും കോണ്‍ഗ്രസ് പ്രസ്ഥാനത്തിനും ഇത് നിയമപോരാട്ടത്തിലെ വലിയൊരു വിജയമായി മാറിയിരിക്കുകയാണ്
