തിരുവനന്തപുരം: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ ചൊല്ലിയുള്ള കോണ്‍ഗ്രസിലെ തര്‍ക്കം ഡല്‍ഹിയില്‍ മുറുകുമ്പോഴും, ഭരണത്തില്‍ അര്‍ഹമായ വിഹിതം തേടി ഘടകകക്ഷികള്‍ സമ്മര്‍ദ്ദം ശക്തമാക്കുന്നു. അഞ്ച് മന്ത്രിസ്ഥാനങ്ങള്‍ വേണമെന്ന ആവശ്യത്തില്‍ മുസ്ലിം ലീഗ് ഉറച്ചുനില്‍ക്കുമ്പോള്‍, രണ്ട് മന്ത്രിമാരില്‍ കുറഞ്ഞ ഒത്തുതീര്‍പ്പിനില്ലെന്ന നിലപാടിലാണ് പി.ജെ. ജോസഫ്. ഇതോടെ, രണ്ടാം നിര കക്ഷികള്‍ക്കായി മന്ത്രിസ്ഥാനം വീതിച്ചുനല്‍കുന്ന 'രണ്ടര വര്‍ഷം' ഫോര്‍മുല യുഡിഎഫ് നേതൃത്വം സജീവമായി പരിഗണിക്കുകയാണ്.
യുഡിഎഫിന്റെ വിജയത്തില്‍ സുപ്രധാന പങ്കുവഹിച്ച മുസ്ലിം ലീഗ്, തങ്ങള്‍ക്ക് അഞ്ച് മന്ത്രിസ്ഥാനങ്ങള്‍ ലഭിക്കണമെന്ന ആവശ്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും കാണിക്കുന്നില്ല. 22 സീറ്റുകള്‍ നേടിയ തങ്ങള്‍ക്ക് കഴിഞ്ഞ തവണത്തേക്കാള്‍ മെച്ചപ്പെട്ട പ്രാതിനിധ്യം വേണമെന്നാണ് കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിലുള്ള സംഘം ഹൈക്കമാന്‍ഡ് നിരീക്ഷകരോട് ആവശ്യപ്പെട്ടത്. ഉപമുഖ്യമന്ത്രി പദത്തെക്കുറിച്ച് നിലവില്‍ മിണ്ടാതിരിക്കുന്ന ലീഗ്, അഞ്ച് മന്ത്രിമാരെന്ന ഉറച്ച നിലപാടിലൂടെ വിലപേശല്‍ ശക്തമാക്കുകയാണ്. കേരള കോണ്‍ഗ്രസ് എമ്മിനെ അവരുടെ തട്ടകങ്ങളില്‍ പോലും തറപറ്റിച്ച് ഉജ്ജ്വല വിജയം നേടിയ പി.ജെ. ജോസഫ് പക്ഷം രണ്ട് മന്ത്രിസ്ഥാനങ്ങളാണ് ലക്ഷ്യമിടുന്നത്. ഏഴ് സീറ്റുകള്‍ നേടി മുന്നണിയിലെ മൂന്നാമത്തെ വലിയ കക്ഷിയായ തങ്ങള്‍ക്ക് രണ്ട് മന്ത്രിമാരില്ലാതെ സഭയില്‍ തുടരാനാവില്ലെന്ന് ജോസഫ് വ്യക്തമാക്കിയിട്ടുണ്ട്. മോന്‍സ് ജോസഫിന് പുറമേ പിജെ ജോസഫിന്റെ മകന്‍ കൂടിയായ അപുവും മന്ത്രിയാകും.
ചെറുകക്ഷികളുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ എല്ലാവരെയും തൃപ്തിപ്പെടുത്താന്‍ മന്ത്രിസ്ഥാനം കാലാവധി വെച്ച് വീതിച്ചുനല്‍കാനാണ് യുഡിഎഫിലെ ധാരണ. ഇതിന്റെ ഭാഗമായി ആദ്യ രണ്ടര വര്‍ഷം കേരള കോണ്‍ഗ്രസ് (ജേക്കബ്) പ്രതിനിധിയായ അനൂപ് ജേക്കബും, സിഎംപിയിലെ സി.പി. ജോണും മന്ത്രിമാരാകാനാണ് സാധ്യത. അവസാന രണ്ടര വര്‍ഷം മാണി സി. കാപ്പനും (എന്‍സികെ), ആര്‍എംപിഐയുടെ കെ.കെ. രമയും മന്ത്രിസ്ഥാനം ഏറ്റെടുക്കും. ഒറ്റ അംഗം മാത്രമുള്ള കക്ഷികള്‍ക്കും മുന്നണി വിജയത്തില്‍ തങ്ങളുടേതായ പങ്കുണ്ടെന്ന് അവകാശപ്പെട്ട മാണി സി. കാപ്പനും മറ്റും തുടക്കം മുതല്‍ മന്ത്രിസ്ഥാനത്തിനായി വാദിക്കുന്നുണ്ട്.
മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതില്‍ കോണ്‍ഗ്രസ് കാണിക്കുന്ന കാലതാമസത്തില്‍ ഘടകകക്ഷികള്‍ ഇതിനോടകം അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. ഭരണത്തില്‍ വകുപ്പുകള്‍ പങ്കുവെക്കുന്ന കാര്യത്തില്‍ ഏകദേശ ധാരണയായാല്‍ മാത്രമേ സത്യപ്രതിജ്ഞാ ചടങ്ങുകളിലേക്ക് കടക്കാന്‍ സാധിക്കൂ. കെ.സി. വേണുഗോപാലും വി.ഡി. സതീശനും തമ്മിലുള്ള പോര് ഭരണത്തിന്റെ വേഗത കുറയ്ക്കരുതെന്നാണ് പി.കെ. കുഞ്ഞാലിക്കുട്ടിയും പി.ജെ. ജോസഫും ഒരുപോലെ ആവശ്യപ്പെടുന്നത്. രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി പദ മോഹവുമായി സജീവമായി രംഗത്തുണ്ട്. ഹൈക്കമാന്‍ഡ് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നതിനൊപ്പം തന്നെ ഘടകകക്ഷികളുടെ മന്ത്രിമാരുടെ പട്ടികയും പുറത്തുവരുമെന്നാണ് സൂചന. ഞായറാഴ്ചയോടെ ഡല്‍ഹിയില്‍ നിന്നുള്ള ചിത്രം തെളിയുന്നതോടെ കേരളത്തിലെ മന്ത്രിസഭാ രൂപീകരണത്തിന് അന്തിമ രൂപമാകും.
മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ ഹൈക്കമാന്‍ഡ് നിരീക്ഷകര്‍ എത്തിയപ്പോഴും തങ്ങളുടെ ആവശ്യങ്ങളില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഘടകകക്ഷികള്‍ വ്യക്തമാക്കിയിരുന്നു. യുഡിഎഫിന്റെ ഉജ്ജ്വല വിജയത്തില്‍ തങ്ങളുടെ വോട്ട് ബാങ്ക് വലിയ പങ്കുവഹിച്ചുവെന്നാണ് ലീഗിന്റെ വിലയിരുത്തല്‍. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതില്‍ കോണ്‍ഗ്രസ് കാണിക്കുന്ന കാലതാമസത്തില്‍ ഘടകകക്ഷി നേതാക്കള്‍ ഇതിനോടകം കടുത്ത അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. 'പട നയിച്ചവന്‍ നാട് ഭരിക്കട്ടെ' എന്ന മുദ്രാവാക്യവുമായി അണികള്‍ തെരുവില്‍ ഏറ്റുമുട്ടുമ്പോള്‍ ഭരണത്തിന്റെ ഗൗരവം നഷ്ടപ്പെടുകയാണെന്ന് ലീഗ് നേതൃത്വം ചൂണ്ടിക്കാട്ടുന്നു.
കന്റോണ്‍മെന്റ് ഹൗസില്‍ വി.ഡി. സതീശനുമായി ഘടകകക്ഷി നേതാക്കള്‍ നടത്തിയ കൂടിക്കാഴ്ചകളില്‍ മന്ത്രിപദ വീതംവെപ്പ് ഫോര്‍മുല ചര്‍ച്ചയായതായാണ് വിവരം. ആര്‍ക്കും പരാതിയില്ലാത്ത വിധം അധികാരം പങ്കുവെച്ചാല്‍ മാത്രമേ അഞ്ച് വര്‍ഷം സുഗമമായി ഭരിക്കാന്‍ സാധിക്കൂ എന്ന് കോണ്‍ഗ്രസും കരുതുന്നു. എന്നാല്‍ ഹൈക്കമാന്‍ഡിന്റെ അന്തിമ തീരുമാനം വന്നാല്‍ മാത്രമേ ഈ കാര്യങ്ങളില്‍ ഔദ്യോഗിക സ്ഥിരീകരണമുണ്ടാകൂ. സത്യപ്രതിജ്ഞയ്ക്ക് മുന്‍പായി എല്ലാ തര്‍ക്കങ്ങളും പരിഹരിക്കാനാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്.
