ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയിട്ടും, രാഷ്ട്രീയ തന്ത്രങ്ങളിലെ പരിചയക്കുറവ് നടൻ വിജയ്ക്കും അദ്ദേഹത്തിന്റെ പാർട്ടിയായ തമിഴക വെട്രി കഴകത്തിനും (ടിവികെ) വൻ തിരിച്ചടിയാകുന്നു. 234 അംഗ നിയമസഭയിൽ കേവലഭൂരിപക്ഷത്തിന് 118 സീറ്റുകൾ വേണ്ടയിടത്ത് 108 സീറ്റുകൾ നേടിയാണ് ടിവികെ കരുത്തുകാട്ടിയത്.
എന്നാൽ, സർക്കാരുണ്ടാക്കാൻ അവകാശവാദമുന്നയിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറെ കണ്ട വിജയ്ക്ക് നിരാശനായി മടങ്ങേണ്ടി വന്നത് രാഷ്ട്രീയ ലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ്. രാഷ്ട്രീയ ഉപദേശകരുടെ അഭാവവും നടപടിക്രമങ്ങളിലെ സാങ്കേതിക പിഴവുമാണ് വിജയ്ക്ക് മുഖ്യമന്ത്രി കസേരയിലേക്കുള്ള വഴിയിൽ വിലങ്ങുതടിയായതെന്ന് വിലയിരുത്തപ്പെടുന്നു.
മത്സരിച്ച രണ്ട് സീറ്റുകളിലും വിജയിച്ച വിജയ്, ഒരെണ്ണം രാജിവെക്കുന്നതോടെ പാർട്ടിയുടെ അംഗബലം 107 ആയി കുറയും. ഭൂരിപക്ഷത്തിന് 11 സീറ്റുകളുടെ കുറവുള്ള സാഹചര്യത്തിൽ, അഞ്ച് സീറ്റുകൾ നേടിയ കോൺഗ്രസ് വിജയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതോടെ ടിവികെ-കോൺഗ്രസ് സഖ്യത്തിന്റെ ആകെ എണ്ണം 112 ആയി ഉയർന്നു. എന്നാൽ, ഇവിടെയാണ് വിജയ്ക്ക് തന്ത്രപരമായ പിഴവ് സംഭവിച്ചത്. തൂക്കുമന്ത്രിസഭ നിലവിൽ വരുമ്പോൾ ഏറ്റവും വലിയ ഒറ്റക്കക്ഷിയുടെ നേതാവ് എന്ന നിലയിൽ സ്വന്തം പാർട്ടിയിലെ എംഎൽഎമാരുടെ പിന്തുണയുള്ള കത്ത് മാത്രം നൽകിയിരുന്നെങ്കിൽ ഗവർണർക്ക് വിജയിയെ സർക്കാരുണ്ടാക്കാൻ ക്ഷണിക്കാമായിരുന്നു. തുടർന്ന് സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ നിശ്ചിത സമയം അനുവദിക്കുകയും ചെയ്യുമായിരുന്നു.
എന്നാൽ, തന്റെ കത്തിൽ കോൺഗ്രസ് എംഎൽഎമാരുടെ ഒപ്പ് കൂടി ഉൾപ്പെടുത്തിയതോടെ ഇതൊരു സഖ്യകക്ഷി ഭരണത്തിനുള്ള നീക്കമായി ഗവർണർ ഔദ്യോഗികമായി കണക്കാക്കി. ഒരു സഖ്യം സർക്കാരുണ്ടാക്കാൻ അവകാശവാദം ഉന്നയിക്കുമ്പോൾ സഭയിലെ പകുതിയിലധികം പേരുടെ (118) പിന്തുണ അനിവാര്യമാണ്. വിജയ് ഹാജരാക്കിയ രേഖകളിൽ 112 പേരുടെ പിന്തുണ മാത്രമാണുള്ളത് എന്നതിനാൽ ഗവർണർ ഈ ആവശ്യം തള്ളുകയായിരുന്നു. രണ്ടാമതും ഗവർണറെ കണ്ടെങ്കിലും ഭൂരിപക്ഷം തെളിയിക്കാനാവശ്യമായ മതിയായ രേഖകൾ ഹാജരാക്കാൻ വിജയ്ക്ക് സാധിച്ചില്ലെന്ന് രാജ്ഭവൻ വ്യക്തമാക്കി.
മികച്ച രാഷ്ട്രീയ ഉപദേശകരുടെ അഭാവമാണ് വിജയ്ക്ക് വിനയായതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ പരിഹാസം. കേവലം സാങ്കേതികമായ ഈ പിഴവ് വരുത്തിയില്ലായിരുന്നെങ്കിൽ വിജയ് ഇതിനകം തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമായിരുന്നു. ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയിൽ ലഭിക്കേണ്ടിയിരുന്ന ആനുകൂല്യം വേണ്ടവിധം ഉപയോഗിക്കാൻ കഴിയാതെ പോയത് ടിവികെ ക്യാമ്പിൽ വലിയ നിരാശ പടർത്തിയിട്ടുണ്ട്. തമിഴ് രാഷ്ട്രീയം ഇപ്പോൾ അനിശ്ചിതാവസ്ഥയുടെയും ആകാംക്ഷയുടെയും മുനയിലാണ് നിൽക്കുന്നത്. പഴുതുകളടച്ച രാഷ്ട്രീയ നീക്കങ്ങൾ നടത്താൻ വിജയ് ഇനി ആരെയാകും ആശ്രയിക്കുക എന്നതാണ് രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്നത്.
