ആലുവയിൽ ഉറങ്ങിക്കിടന്ന കുട്ടിയെ എടുത്തുകൊണ്ടുപോയി പീഡിപ്പിച്ച കേസ്; പ്രതി ക്രിസ്റ്റിൽ രാജിന് രണ്ട് ഇരട്ട ജീവപര്യന്തം

ആലുവയിൽ ഉറങ്ങിക്കിടന്ന കുട്ടിയെ എടുത്തുകൊണ്ടുപോയി പീഡിപ്പിച്ച കേസ്; പ്രതി ക്രിസ്റ്റിൽ രാജിന് രണ്ട് ഇരട്ട ജീവപര്യന്തം



ആലുവയിൽ മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ എടുത്തു കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതി ക്രിസ്റ്റിൽ രാജിന് രണ്ട് ഇരട്ട ജീവപര്യന്തം ശിക്ഷ. തിരുവനന്തപുരം ചെങ്കൽ സ്വദേശിയായ ഇയാൾ എട്ടു വയസുള്ള കുട്ടിയെയാണ് അതിക്രൂരമായി പീഡിപ്പിച്ചത്. മറ്റു വകുപ്പുകളിലായി 35 വർഷം കഠിന തടവും പെരുമ്പാവൂർ അതിവേഗ പോക്സോ കോടതി പ്രതിക്കെതിരെ വിധിച്ചു.

2023 സെപ്റ്റംബർ ഏഴിന് ആയിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. പൊലീസിനെ കണ്ട് പുഴയിൽ ചാടിയ പ്രതിയെ ചുമട്ടു തൊഴിലാളികളുടെ സഹായത്തോടെയാണ് പിടികൂടിയത്. പോക്സോ അടക്കം നിരവധി കേസുകളിൽ പ്രതിയാണ് ക്രിസ്റ്റിൽ രാജ്.


അതേസമയം പെരുമ്പാവൂരിൽ അഞ്ച് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ പ്രതിയായ മധ്യവയസ്കനെതിരെയും പെരുമ്പാവൂർ അതിവേഗ പോക്സോ കോടതി ശിക്ഷ വിധിച്ചു. ബിഹാർ മുജ്താപൂർ സ്വദേശി നജീർ മിയാന് (55) 72 വർഷം കഠിനതടവും ഒരു ലക്ഷത്തി തൊണ്ണൂറായിരം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്.

പെരുമ്പാവൂർ കോട്ടച്ചിറയിലെ പ്ലൈവുഡ് കമ്പനിയിൽ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ഇയാള്‍ പ്ലൈവുഡ് കമ്പനിയിൽ ജോലി ചെയ്യുന്ന പിതാവിനെ അന്വേഷിച്ച് എത്തിയ പെൺകുട്ടിയെയാണ് പീഡിപ്പിച്ചത്. മിഠായി വാങ്ങിത്തരാമെന്ന് പറഞ്ഞു കൂട്ടിക്കൊണ്ടുപോയി കുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.