
മലപ്പുറം: തിരൂരങ്ങാടി കൊളപ്പുറത്ത് ദേശീയപാതയോരത്ത് നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി (Man found dead inside car Malappuram). മൂന്നിയൂർ വെളിമുക്ക് സ്വദേശിയും പ്രവാസിയുമായ യൂസുഫ് (38) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് കാറിനുള്ളിൽ മൃതദേഹം ഉള്ള വിവരം നാട്ടുകാരുടെയും പോലീസിന്റെയും ശ്രദ്ധയിൽപ്പെടുന്നത്.
ദേശീയപാതയ്ക്ക് സമീപം ഏറെ നേരമായി സംശയകരമായ സാഹചര്യത്തിൽ പാർക്ക് ചെയ്തിരുന്ന കാറിനുള്ളിൽ ഇയാൾ അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ട് നാട്ടുകാർ പരിശോധിച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്. ഉടൻ തന്നെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
സംഭവമറിഞ്ഞ് തിരൂരങ്ങാടി പോലീസ് ഉദ്യോഗസ്ഥർ ഉടനടി സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തി. കാറിന്റെ മുൻസീറ്റിൽ സീറ്റ് ബെൽറ്റ് ധരിച്ച നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. ഉള്ളിൽ നിന്നും കാർ ലോക്ക് ചെയ്ത നിലയിലായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ഹൃദയാഘാതമാണോ അതോ മറ്റ് എന്തെങ്കിലും കാരണങ്ങളാണോ മരണത്തിലേക്ക് നയിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടില്ല.
പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വിദഗ്ദ്ധ പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ മരണ കാരണം കൃത്യമായി വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ തിരൂരങ്ങാടി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്
