ചെന്നൈ: ഇന്ത്യന്‍ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറിയാണ് ഇപ്പോള്‍ തമിഴ്നാട്ടില്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇലക്ഷന് മുമ്പ്, എല്ലാ സര്‍വേകളിലും തമിഴ്‌നാട്ടില്‍ സ്റ്റാലിനും, ഡിഎംകെയുമാണ് മുന്നിട്ട് നിന്നത്. എക്‌സിറ്റ്‌പോളില്‍ ആക്‌സിസ് മൈ ഇന്ത്യ മാത്രമാണ് ടി വി കെ യുടെ മുന്നേറ്റം പ്രവചിച്ചത്. ദേശീയ മാധ്യമങ്ങള്‍ വരെ രാജ്യത്തെ ഏറ്റവും നല്ല മുഖ്യമന്ത്രിയായി എഴുതിയത്, ഡി എം കെ തലവന്‍ മുത്തുവേല്‍ കരുണാനിധി സ്റ്റാലിന്റെ പേരാണ്. ഒരു വേള ഇന്ത്യാ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായിപ്പോലും സ്റ്റാലിന്‍ പരിഗണിക്കപ്പെട്ടു. തമിഴകത്തെ സാധാരണക്കാരില്‍ വരെ സ്റ്റാലിന് ഒരു ഇമേജ് ഉണ്ട് എന്നത് സത്യമാണ്. സ്റ്റാലിന്‍ കാലത്ത് തമിഴകം വികസനത്തില്‍ കുതിച്ചുയര്‍ന്ന കാലം കൂടിയായിരുന്നു.
പക്ഷേ എന്നിട്ടും ഡിഎംകെക്ക് ഇത്തവണ അടിതെറ്റി. കൊളത്തൂരിലെ തന്റെ പരമ്പാഗത മണ്ഡലത്തില്‍ സ്റ്റാലിന്‍ 8785 വോട്ടിന് തോറ്റുവെന്നത് ഞെട്ടിക്കുന്നതാണ്. ഇന്ത്യന്‍ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറിയാണിതെന്ന് വിലയിരുത്തപ്പെടുന്നു. ഈ ചുരുങ്ങിയ കാലംകൊണ്ട്, ഡിഎംകെയുടെ പരമ്പരാഗത വോട്ടുകളില്‍ ഈ രീതിയില്‍ വിജയ് വിള്ളലുണ്ടാക്കുമെന്ന് ആരും കരുതിയില്ല. എ ഐ ഡി എം കെ- ബിജെപി സഖ്യത്തിന്റെ വോട്ടല്ല, ഡിഎംകെ എന്ന ഏതാണ്ട് കേഡര്‍ സെറ്റപ്പുള്ള പാര്‍ട്ടിയുടെ വോട്ടാണ് വിജയ് പിടിച്ചത്. അതിന് പിന്നില്‍ അവസാന നിമിഷം ടി വി കെ നടത്തിയ ചില പൂഴിക്കടകനുകളാണ്.
തുണച്ചത് സത്രീവോട്ടര്‍മാര്‍
വിജയ് നടത്തിയ വാഗ്ദാനപ്പെരുമഴ മൂലം സ്ത്രീ വോട്ടര്‍മാരിലുണ്ടായ ഷിഫ്റ്റാണ്, ഇപ്പോള്‍ അസാധാരണമായ വിജയത്തിന് കാരണമായി തമിഴ്വോട്ടര്‍മാര്‍ പറയുന്നത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ വധുക്കള്‍ക്ക് ഒരു പവന്‍ സ്വര്‍ണ്ണവും ഒരു പട്ടുസാരിയും നല്‍കുമെന്നതാണ് ഈ വാഗ്ദാനം. ഇത് ബിപിഎല്‍ കൂടുംബങ്ങള്‍ക്കാണ് നല്‍കുന്നത്. എന്നാല്‍ ടി വി കെ പ്രവര്‍ത്തകര്‍ ഇക്കാര്യം മറച്ചുവെച്ചു. വിവാഹിതരാവുന്ന എല്ലാവര്‍ക്കും ഒരു പവന്‍ കിട്ടുമെന്ന് അവര്‍ പ്രചരിപ്പിച്ചു. എന്ന് മാത്രമല്ല, തിരഞ്ഞെടുപ്പിന്റെ അവസാന ദിനങ്ങളില്‍, ടി വി കെക്ക് അധികാരം കിട്ടിയാല്‍ ഇത് 5 പവനായി ഉയര്‍ത്തുമെന്നും പ്രവര്‍ത്തകര്‍ വ്യാപകമായി പ്രചരിപ്പിച്ചു. ഇത് അടക്കം വനിതകള്‍ക്കിടയില്‍ ഒരു രഹസ്യ തരംഗമായി മാറി.
60 വയസ്സിന് താഴെയുള്ള എല്ലാ കുടുംബനാഥകളായ സ്ത്രീകള്‍ക്കും പ്രതിമാസം 2,500 രൂപ വീതം ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കുമെന്നും വിജയ് പറയുന്നു. ഓരോ കുടുംബത്തിനും വര്‍ഷത്തില്‍ ആറ് എല്‍.പി.ജി സിലിണ്ടറുകള്‍ സൗജന്യമായി നല്‍കും. പെണ്‍കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ അമ്മമാര്‍ക്കോ രക്ഷിതാക്കള്‍ക്കോ വര്‍ഷത്തില്‍ 15,000 രൂപ ധനസഹായം നല്‍കും. സ്വയംസഹായ സംഘങ്ങള്‍ നടത്തുന്ന സ്ത്രീകള്‍ക്ക് അഞ്ച് ലക്ഷം രൂപ വരെ പലിശരഹിത വായ്പ ലഭ്യമാക്കും. പുതുതായി ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് സ്വര്‍ണ്ണ മോതിരവും ബേബി കിറ്റും നല്‍കുന്ന 'തായ് മാമന്‍ തങ്ക മോതിരം' പദ്ധതിയും വാഗ്ദാനത്തിലുണ്ട്.ഈ പദ്ധതികളെ 'അണ്ണന്‍ ശീര്‍ തിട്ടം' (സഹോദരന്റെ സമ്മാനം) എന്ന പേരിലാണ് വിജയ് അവതരിപ്പിച്ചിരിക്കുന്നത്. ഡി.എം.കെ, എ.ഐ.എ.ഡി.എം.കെ തുടങ്ങിയ മുന്നണികള്‍ നല്‍കുന്ന വാഗ്ദാനങ്ങളെക്കാള്‍ വലിയ തുകകളും ആനുകൂല്യങ്ങളും വിജയ് പ്രഖ്യാപിച്ചത് സ്ത്രീകള്‍ട്ടിടയില്‍ വലിയ ചലനം സൃഷ്ടിച്ചിരുന്നു. ഇത് ഒരു നിശബ്ദ തരംഗമായി എന്നാണ് ഇപ്പോഴുള്ള വിലയിരുത്തല്‍.
യുവാക്കളും വിജയ്യെ തുണച്ചു
ഇന്ത്യയില്‍തന്നെ ഏറ്റവും ആരാധകരുള്ള നടനാണ് വിജയ്. യുവാക്കളുടെ വോട്ടുകളും വിജയിലേക്ക് ഒഴുകി. യുവജനങ്ങളുടെയും ആദ്യമായി വോട്ട് ചെയ്യുന്നവരുടെയും വോട്ടുകള്‍ വലിയ തോതില്‍ ടി.വി.കെ.യിലേക്ക് മാറിയെന്ന് ഇലക്ഷനുശേഷം തമിഴ്മാധ്യമങ്ങള്‍ പറയുന്നു. അഞ്ച് വര്‍ഷത്തെ ഭരണത്തിന് ശേഷം സ്വാഭാവികമായുണ്ടാകുന്ന ഭരണവിരുദ്ധ വികാരം ഇത്തവണ ഡി.എം.കെ.ക്ക് ശക്തമായ വെല്ലുവിളിയായി. ക്രമസമാധാന നിലയിലെ വീഴ്ചകള്‍, മയക്കുമരുന്ന് മാഫിയയുടെ സ്വാധീനം തുടങ്ങിയവ വിജയ് ഉയര്‍ത്തിക്കാട്ടി. സര്‍ക്കാരിലെ പ്രമുഖ മന്ത്രിമാര്‍ക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളും കേസുകളും ജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കി. വോട്ടെണ്ണല്‍ വേളയില്‍ 31 മന്ത്രിമാര്‍ വരെ പിന്നിലായത് ഇതിന്റെ സൂചനയാണ്.
നടന്‍ വിജയ് ഉന്നയിച്ച ഏറ്റവും വലിയ ആരോപണം അഴിമതിയായിരുന്നു. നിലവിലെ ഭരണകൂടം അഴിമതിയുടെയും കൊള്ളയുടെയും കേന്ദ്രമാണെന്ന് വിജയ് ആവര്‍ത്തിച്ച് ആരോപിച്ചു. 'സ്റ്റാലിന്റെ യഥാര്‍ത്ഥ സുഹൃത്തുക്കള്‍ അഴിമതിയും കോഴയുമാണ്' എന്ന് വെല്ലൂര്‍ സമ്മേളനത്തില്‍ അദ്ദേഹം പരിഹസിച്ചിരുന്നു. തമിഴ്‌നാട് ഒരു കുടുംബത്തിന്റെ നിയന്ത്രണത്തിലാണെന്നും, കുടുംബവാഴ്ച ജനാധിപത്യത്തിന് വിരുദ്ധമാണെന്നും അദ്ദേഹം വിമര്‍ശിച്ചു. ഉദയനിധി സ്റ്റാലിന്റെ രാഷ്ട്രീയ വളര്‍ച്ചയെ ലക്ഷ്യം വെച്ചായിരുന്നു ഈ ആരോപണങ്ങള്‍. 2021ലെ തിരഞ്ഞെടുപ്പില്‍ നല്‍കിയ പല വാഗ്ദാനങ്ങളും ,വൈദ്യുതി ബില്‍ കുറയ്ക്കുക തുടങ്ങിയവ പാലിക്കുന്നതില്‍ സ്റ്റാലിന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് വിജയ് ചൂണ്ടിക്കാട്ടി. ഡി.എം.കെ. മോഡല്‍ 'ഉള്‍ട്ടാ മോഡല്‍' ആണെന്നും അദ്ദേഹം പരിഹസിച്ചു.
സംസ്ഥാനത്ത് കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതായും സ്ത്രീകള്‍ക്ക് സുരക്ഷയില്ലെന്നും വിജയ് ആരോപിച്ചു. കഞ്ചാവ് മാഫിയയുടെ വളര്‍ച്ചയും കച്ചവടക്കാരുടെ പീഡനങ്ങളും അദ്ദേഹം തന്റെ പ്രസംഗങ്ങളില്‍ പ്രധാനമായും ഉന്നയിച്ചു. തന്റെ റാലികള്‍ തടയാന്‍ സ്റ്റാലിന്‍ പോലീസ് സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുന്നുവെന്നും, സുരക്ഷ നിഷേധിക്കാന്‍ ശ്രമിക്കുന്നുവെന്നും വിജയ് ആരോപിച്ചു.ഡി.എം.കെ.യെ 'തിന്മയുടെ ശക്തി' എന്നാണ് വിജയ് വിശേഷിപ്പിച്ചത്. ഈ രീതിയിലുള്ള വിജയിന്റെ കാമ്പയില്‍ ഒരു രഹസ്യതരംഗമായി മാറുകയാണെന്ന്, മാധ്യമങ്ങള്‍ക്കുപോലും പ്രവചിക്കാന്‍ പറ്റിയില്ല
