
പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കുണ്ടായ കനത്ത തിരിച്ചടിക്ക് പിന്നാലെ സിപിഎം നേതൃത്വത്തിനെതിരെ വിമര്‍ശനങ്ങളുമായി മുതിര്‍ന്ന നേതാവ് പാലോളി മുഹമ്മദ് കുട്ടി. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണങ്ങള്‍ പാര്‍ട്ടി വിശദമായി പരിശോധിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാഗത്ത് വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് തിരുത്താന്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി പരാജയപ്പെട്ടെങ്കിലും പിണറായി വിജയന്‍ തന്നെ പ്രതിപക്ഷ നേതാവാകണമെന്നും ആ പദവിക്ക് ഏറ്റവും അര്‍ഹന്‍ അദ്ദേഹമാണെന്നും പാലോളി വ്യക്തമാക്കി.
പാര്‍ട്ടി കോട്ടകളിലുണ്ടായ തോല്‍വി ഗൗരവകരമാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, തളിപ്പറമ്പില്‍ പി.കെ. ശ്യാമളയെ സ്ഥാനാര്‍ത്ഥിയാക്കിയത് വലിയ തിരിച്ചടിയായെന്ന് തുറന്നുപറഞ്ഞു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ ഭാര്യയെ തന്നെ മത്സരിപ്പിച്ചത് ജനങ്ങള്‍ക്കിടയില്‍ തെറ്റായ വികാരം ഉണ്ടാക്കാന്‍ കാരണമായി. ശ്യാമള കഴിവുള്ള നേതാവാണെങ്കിലും 'സെക്രട്ടറിയുടെ ഭാര്യ' എന്ന ലേബല്‍ തിരഞ്ഞെടുപ്പില്‍ പ്രതികൂലമായി ബാധിച്ചു. ആദ്യഘട്ടത്തില്‍ തന്നെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ അഭിപ്രായ വ്യത്യാസങ്ങള്‍ ഉയര്‍ന്നപ്പോള്‍ അത് പരിഗണിച്ച് ശ്യാമളയെ ഒഴിവാക്കണമായിരുന്നുവെന്ന് അദ്ദേഹം നിരീക്ഷിച്ചു.
പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണത്തിലും നേതൃത്വത്തിന് വീഴ്ച പറ്റിയതായി പാലോളി കുറ്റപ്പെടുത്തി. വിഷയം ചര്‍ച്ച ചെയ്ത് കൃത്യസമയത്ത് പരിഹരിക്കണമായിരുന്നു. തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാതിരുന്നത് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി. വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ പാര്‍ട്ടി സെക്രട്ടറിക്ക് പാളിച്ചകള്‍ സംഭവിച്ചിട്ടുണ്ട്. എന്നാല്‍ കോടിയേരി ബാലകൃഷ്ണനെ മുന്‍നിര്‍ത്തി നിലവിലെ സെക്രട്ടറിയെ അനാവശ്യമായി കുറ്റപ്പെടുത്തുന്നത് ശരിയായ രീതിയല്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ 'പാര്‍ട്ടി കമ്മിറ്റികളില്‍ നിര്‍ഭയമായി അഭിപ്രായം പറയാം' എന്ന പ്രസ്താവനയെയും പാലോളി മുഹമ്മദ് കുട്ടി വിമര്‍ശിച്ചു. പാര്‍ട്ടിയില്‍ സഖാക്കള്‍ക്ക് എക്കാലത്തും വെട്ടിത്തുറന്ന് അഭിപ്രായം പറയാനുള്ള വേദിയുണ്ടെന്നും നിലവില്‍ ആരും അഭിപ്രായം പറയാന്‍ ഭയപ്പെടുന്ന സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. പിന്നെയെന്തിനാണ് ഗോവിന്ദന്‍ മാസ്റ്റര്‍ ഇങ്ങനെയൊരു പ്രസ്താവന നടത്തിയതെന്ന് മനസ്സിലാകുന്നില്ലെന്നും ഇത് പാര്‍ട്ടി വേദികളെക്കുറിച്ച് തെറ്റായ ധാരണ നല്‍കുമെന്നും അദ്ദേഹം പ്രതികരിച്ചു.
യുവാക്കള്‍ നേതൃത്വത്തിലേക്ക് വരുന്നത് നല്ലതാണെങ്കിലും അത് മാത്രമാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമെന്ന് താന്‍ കരുതുന്നില്ലെന്നും പാലോളി പറഞ്ഞു. ഭരണവിരുദ്ധ വികാരം സംസ്ഥാനത്തുണ്ടായിട്ടില്ലെങ്കിലും എന്തുകൊണ്ടാണ് ഈ തോല്‍വി സംഭവിച്ചതെന്ന് പാര്‍ട്ടി ആഴത്തില്‍ പരിശോധിക്കണം. തെറ്റുകള്‍ തിരുത്തി മുന്നോട്ട് പോകാനാണ് നേതൃത്വം ശ്രമിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവില്‍ നിന്ന് തന്നെ ഇത്തരമൊരു പരസ്യ വിമര്‍ശനം ഉയര്‍ന്നത് സിപിഎമ്മിനുള്ളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിമാറുകയാണ്.
