
ന്യൂചണ്ഡിഗഡ്: ഐ.പി.എല്ലിലെ നിര്‍ണായകമായ രണ്ടാം ക്വാളിഫയര്‍ പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ഫൈനല്‍ കാണാതെ പുറത്തായതിന് പിന്നാലെ ക്യാപ്റ്റന്‍ റിയാന്‍ പരാഗും യുവതാരം വൈഭവ് സൂര്യവംശിയും തമ്മിലുള്ള തര്‍ക്കം സമൂഹമാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചയാകുന്നു. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത 15-കാരനായ വൈഭവ് സൂര്യവംശി സെഞ്ചുറിക്ക് വെറും നാല് റണ്‍സ് അകലെ 96 റണ്‍സില്‍ പുറത്തായി ഡഗ് ഔട്ടിലേക്ക് മടങ്ങിയെത്തിയപ്പോഴാണ് പരാഗ് താരത്തിന് നേരെ തിരിഞ്ഞത്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് വൈഭവ് തൊണ്ണൂറുകളില്‍ വെച്ച് ഒരേ രീതിയില്‍ വിക്കറ്റ് തുലച്ചു മടങ്ങുന്നത്. ഇതിന്റെ ദേഷ്യത്തില്‍ തത്സമയ സംപ്രേക്ഷണത്തിനിടെ ക്യാപ്റ്റന്‍ റിയാന്‍ പരാഗ് യുവതാരത്തോട് ദേഷ്യപ്പെട്ട് വിരല്‍ ചൂണ്ടി സംസാരിക്കുന്ന ദൃശ്യങ്ങളാണ് ക്രിക്കറ്റ് പ്രേമികളെ ചൊടിപ്പിച്ചിരിക്കുന്നത്. ഹൃദയം തകര്‍ന്ന് വെള്ളം കുടിച്ചുകൊണ്ട് നിന്ന വൈഭവിനോട് പരാഗ് ആക്രോശിക്കുമ്പോള്‍, മറുപടിയൊന്നും പറയാനാകാതെ താരം കൈകൊണ്ട് മുഖം മറയ്ക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്.
എലിമിനേറ്ററില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ 29 പന്തില്‍ 97 റണ്‍സെടുത്തു പുറത്തായ വൈഭവ്, ഗുജറാത്തിനെതിരെ 47 പന്തില്‍ 96 റണ്‍സിലാണ് വീണത്. രണ്ട് തവണയും ഒരേപോലെ തേര്‍ഡ്മാനില്‍ ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്. ടീമിനെ തകര്‍ച്ചയില്‍ നിന്ന് ഒറ്റയ്ക്ക് കരകയറ്റിയ ഒരു കൗമാരക്കാരനോട് പരസ്യമായി ദേഷ്യപ്പെട്ട ക്യാപ്റ്റന്റെ അപക്വമായ പെരുമാറ്റത്തിനെതിരെ ആരാധകര്‍ രൂക്ഷമായാണ് പ്രതികരിക്കുന്നത്. മത്സരത്തില്‍ വെറും 11 റണ്‍സെടുത്തു പുറത്തായ പരാഗിന്, സീസണിലുടനീളം ടീമിന്റെ ടോപ് സ്‌കോററായ വൈഭവിനെ ശകാരിക്കാന്‍ എന്തവകാശമാണുള്ളതെന്നാണ് ആരാധകരുടെ ചോദ്യം. മത്സരത്തിനിടെ ഫീല്‍ഡ് ചെയ്യുമ്പോള്‍ വേറെ എങ്ങോട്ടോ നോക്കിനിന്ന വൈഭവിനെ പരാഗ് പരസ്യമായി വിരട്ടിയിരുന്നു. എന്നാല്‍, പവലിയനില്‍ വെച്ച് പരാഗ് വൈഭവിനെ ശകാരിച്ചതല്ലെന്നും വിക്കറ്റ് കളഞ്ഞതിനെ തുടര്‍ന്ന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി ആശ്വസിപ്പിക്കാന്‍ ശ്രമിച്ചതാണെന്നുമാണ് രാജസ്ഥാന്‍ ക്യാമ്പുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ഓപ്പണര്‍ യശസ്വി ജയ്സ്വാളും (1) ധ്രുവ് ജുറേലും (7) ആദ്യ രണ്ട് ഓവറുകളില്‍ തന്നെ പുറത്തായി. റണ്ണൊഴുക്കാന്‍ തുടക്കത്തില്‍ പിച്ചുകള്‍ അനുവദിക്കാതിരുന്ന മുള്ളന്‍പൂരിലെ കളിഭൂമിയില്‍ മുഹമ്മദ് സിറാജിന്റെയും കാഗിസോ റബാഡയുടെയും പന്തുകളെ ക്ഷമയോടെ നേരിട്ടാണ് വൈഭവ് ഇന്നിങ്‌സ് കെട്ടിപ്പടുത്തത്. നേരിട്ട 13-ാം പന്തിലാണ് താരം ആദ്യ സിക്സര്‍ നേടിയത്. പിന്നീട് സിറാജിന്റെ ഒരോവറില്‍ 21 റണ്‍സ് അടിച്ചെടുത്ത് വൈഭവ് കളി തിരിച്ചുപിടിച്ചു. 46 റണ്‍സില്‍ നില്‍ക്കെ സായ് സുദര്‍ശന്‍ കൈവിട്ട ജീവനദാനത്തിന്റെ പിന്തുണയോടെ 31 പന്തില്‍ താരം കരിയറിലെ ആറാം അര്‍ധസെഞ്ചുറി തികച്ചു. തുടര്‍ന്ന് രവീന്ദ്ര ജഡേജയെ സാക്ഷിനിര്‍ത്തി വെറും 15 പന്തില്‍ നിന്നാണ് അടുത്ത 46 റണ്‍സ് താരം അടിച്ചുകൂട്ടിയത്. ടെന്നിസ് എല്‍ബോ പ്രശ്‌നം കാരണം എട്ടാം ഓവറില്‍ ജഡേജ റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങിയെങ്കിലും അവസാന ഓവറുകളില്‍ ഡോനവന്‍ ഫെറേറയ്ക്കൊപ്പം (11 പന്തില്‍ 38 റണ്‍സ്) വീണ്ടുമെത്തി രാജസ്ഥാന്‍ സ്‌കോര്‍ ഉയര്‍ത്തി. ഒടുവില്‍ 18-ാം ഓവറില്‍ റബാഡയുടെ ഷോര്‍ട്ട് ബോളില്‍ അപ്പര്‍ കട്ടിന് ശ്രമിച്ച് പ്രസിദ്ധ് കൃഷ്ണയ്ക്ക് ക്യാച്ച് നല്‍കി 96 റണ്‍സില്‍ വൈഭവ് പുറത്താകുമ്പോള്‍ ടീം സ്‌കോര്‍ 172-ല്‍ എത്തിയിരുന്നു. 8 ഫോറും 7 സിക്‌സറുമടങ്ങുന്നതായിരുന്നു ആ പോരാട്ടം.
സെഞ്ചുറി നഷ്ടമായെങ്കിലും ഗ്യാലറിയിലെ ആരാധകര്‍ എഴുന്നേറ്റുനിന്ന് കൈയടിച്ചാണ് 15-കാരനെ യാത്രയാക്കിയത്. മത്സരത്തിന് ശേഷമുള്ള സമ്മാനദാനച്ചടങ്ങില്‍ റിയാന്‍ പരാഗ് വൈഭവിനെ വാനോളം പുകഴ്ത്തുകയും ചെയ്തു. വൈഭവ് വെറുതെ കണ്ണടച്ച് ബാറ്റ് വീശുകയല്ലെന്നും സാഹചര്യം മനസിലാക്കി കണക്കുകൂട്ടലുകളോടെയാണ് കളിക്കുന്നതെന്നും ഇത്രയും ചെറിയ പ്രായത്തില്‍ അവന്‍ ഇത് ചെയ്യുന്നത് അത്ഭുതമാണെന്നും പരാഗ് പറഞ്ഞു. താരം ഉടന്‍ തന്നെ ഇന്ത്യന്‍ ജേഴ്സി അണിയുമെന്നാണ് പ്രതീക്ഷയെന്നും ക്യാപ്റ്റന്‍ കൂട്ടിച്ചേര്‍ത്തു. മത്സരത്തില്‍ ശുഭ്മന്‍ ഗില്ലിന്റെ മാസ്മരിക സെഞ്ച്വറിയുടെ (104) കരുത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് 8 പന്തുകള്‍ ബാക്കിനില്‍ക്കെ 7 വിക്കറ്റിന് രാജസ്ഥാനെ പരാജയപ്പെടുത്തി ഫൈനലിലേക്ക് യോഗ്യത നേടി. നാളെ അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ നടക്കുന്ന കലാശപ്പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ നേരിടും.
