കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രാജിക്കത്ത് കൈമാറി; വികാരാധീനനായി നേതാവ്, രാജ്യസഭാ സീറ്റ് നിരസിച്ചു

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രാജിക്കത്ത് കൈമാറി; വികാരാധീനനായി നേതാവ്, രാജ്യസഭാ സീറ്റ് നിരസിച്ചു


ബംഗളൂരു: കർണാടക മുഖ്യമന്ത്രി പദവിയിൽ നിന്നും സിദ്ധരാമയ്യ ഔദ്യോഗികമായി രാജിവെച്ചു. അടുത്ത മുഖ്യമന്ത്രിയായി ചുമതലയേൽക്കാനൊരുങ്ങുന്ന ഡി.കെ. ശിവകുമാറിനൊപ്പം ഒരേ കാറിലാണ് സിദ്ധരാമയ്യ രാജ്ഭവനിൽ (ലോക്ഭവൻ) എത്തിയത് (Siddaramaiah submits resignation letter Governor secretary). ഗവർണർ തവർചന്ദ് ഗെഹ്ലോട്ട് നിലവിൽ സ്ഥലത്തില്ലാത്തതിനാൽ ഗവർണറുടെ സെക്രട്ടറിക്ക് അദ്ദേഹം രാജിക്കത്ത് കൈമാറുകയായിരുന്നു. ഗവർണർ ഓഫീസിൽ തിരിച്ചെത്തിയ ശേഷം രാജി ഔദ്യോഗികമായി സ്വീകരിക്കും.

രാജി സമർപ്പിച്ചതിന് ശേഷം മാധ്യമപ്രവർത്തകരെ കണ്ട സിദ്ധരാമയ്യ തികച്ചും വികാരാധീനനായാണ് സംസാരിച്ചത്. താൻ ഇനി ദേശീയ രാഷ്ട്രീയത്തിലേക്കില്ലെന്നും പാർട്ടി നേതൃത്വം വാഗ്ദാനം ചെയ്ത രാജ്യസഭാ സീറ്റ് തനിക്ക് ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തുടർന്നും കർണാടക സംസ്ഥാന രാഷ്ട്രീയത്തിൽ തന്നെ സജീവമായി തുടരുമെന്നാണ് സിദ്ധരാമയ്യയുടെ നിലപാട്.

“കർണാടകയിലെ ജനങ്ങളെ സേവിക്കാൻ എനിക്ക് രണ്ട് തവണ മുഖ്യമന്ത്രിയായി അവസരം ലഭിച്ചു. അതിന് സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും മല്ലികാർജുൻ ഖാർഗെക്കും നന്ദി പറയുന്നു. അടുത്ത മുഖ്യമന്ത്രിക്കായി ഞാൻ വഴിയൊരുക്കുകയാണ്. ഭരണഘടനയാണ് എന്റെ മതം; ഒരിക്കലും അധികാരത്തിന്റെയോ പണത്തിന്റെയോ പിറകെ ഞാൻ പോയിട്ടില്ല,” സിദ്ധരാമയ്യ മാധ്യമങ്ങളോട് പറഞ്ഞു.

ഭരണാവസാനത്തിൽ ഡി.കെ. ശിവകുമാറുമായി മുഖ്യമന്ത്രി പദം പങ്കിടണമെന്ന കോൺഗ്രസ് പാർട്ടിക്കുള്ളിലെ മുൻധാരണ പ്രകാരമാണ് ഹൈക്കമാൻഡ് നിർദ്ദേശത്തോടെ സിദ്ധരാമയ്യ പദവി ഒഴിഞ്ഞത്. ഇന്ന് രാവിലെ ബംഗളൂരുവിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ‘കൃഷ്ണ’യിൽ നടന്ന നിർണ്ണായക യോഗത്തിലാണ് താൻ സ്ഥാനം ഒഴിയുകയാണെന്ന വിവരം അദ്ദേഹം സഹപ്രവർത്തകരെ ഔദ്യോഗികമായി അറിയിച്ചത് (നേരത്തെയുള്ള റിപ്പോർട്ടുകളിൽ വസതിയുടെ പേര് ‘കാവേരി’ എന്ന് പരാമർശിച്ചിരുന്നു). സിദ്ധരാമയ്യയുടെ രാജിയോടെ സംസ്ഥാനത്തിന്റെ പുതിയ മുഖ്യമന്ത്രിയായി നിലവിലെ ഡെപ്യൂട്ടി മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ചുമതലയേൽക്കുമെന്ന് ഉറപ്പായി.

രാജി നടപടികൾ പൂർത്തിയാക്കിയ സിദ്ധരാമയ്യ വൈകീട്ടോടെ ഡൽഹിയിലേക്ക് തിരിക്കും. ഡൽഹിയിൽ വെച്ച് അദ്ദേഹം രാഹുൽ ഗാന്ധിയുമായി പ്രത്യേക കൂടിക്കാഴ്ച നടത്തും. ദേശീയ തലത്തിൽ വലിയ പദവികൾ പാർട്ടി വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും സംസ്ഥാന രാഷ്ട്രീയത്തിൽ തുടരാനാണ് അദ്ദേഹത്തിന്റെ തീരുമാനം. സിദ്ധരാമയ്യയുടെ രാജിയോടെ വെള്ളിയാഴ്ച കോൺഗ്രസ് നിയമസഭാകക്ഷി യോഗം (CLP) ചേരുകയും, ഡി.കെ. ശിവകുമാറിനെ പുതിയ നിയമസഭാകക്ഷി നേതാവായി ഔദ്യോഗികമായി തിരഞ്ഞെടുക്കുകയും ചെയ്യും