ട്രംപിന് സൗദിയുടെ ഷോക്ക്! പത്തിമടക്കി അമേരിക്ക; ഹോര്‍മുസ് തുറക്കാനുള്ള 'പ്രോജക്ട് ഫ്രീഡം' നിര്‍ത്തിവച്ചു; വ്യോമപാത തരില്ലെന്ന് എംബിഎസ്; യുഎസ് യുദ്ധവിമാനങ്ങള്‍ക്ക് അനുമതിയില്ല; അറബ് രാജ്യങ്ങളെ പിണക്കി അമേരിക്കയുടെ കളി നടപ്പില്ല; ഗള്‍ഫില്‍ ട്രംപിന് അടിതെറ്റുന്നു; യുഎസിന്റെ പിന്മാറ്റം വന്‍പരാജയമെന്ന് ഇറാനും

ട്രംപിന് സൗദിയുടെ ഷോക്ക്! പത്തിമടക്കി അമേരിക്ക; ഹോര്‍മുസ് തുറക്കാനുള്ള 'പ്രോജക്ട് ഫ്രീഡം' നിര്‍ത്തിവച്ചു; വ്യോമപാത തരില്ലെന്ന് എംബിഎസ്; യുഎസ് യുദ്ധവിമാനങ്ങള്‍ക്ക് അനുമതിയില്ല; അറബ് രാജ്യങ്ങളെ പിണക്കി അമേരിക്കയുടെ കളി നടപ്പില്ല; ഗള്‍ഫില്‍ ട്രംപിന് അടിതെറ്റുന്നു; യുഎസിന്റെ പിന്മാറ്റം വന്‍പരാജയമെന്ന് ഇറാനും



വാഷിങ്ടണ്‍: ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണത്തെച്ചൊല്ലി ഇറാനുമായി നിലനില്‍ക്കുന്ന തര്‍ക്കത്തില്‍ അമേരിക്കയ്ക്ക് വന്‍ തിരിച്ചടി. സൗദി അറേബ്യയുടെ ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതത്തിന് സുരക്ഷ ഉറപ്പാക്കാനായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച 'പ്രോജക്ട് ഫ്രീഡം' എന്ന സൈനിക പദ്ധതി യുഎസ് അപ്രതീക്ഷിതമായി നിര്‍ത്തിവെച്ചു. അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ക്ക് തങ്ങളുടെ പ്രിന്‍സ് സുല്‍ത്താന്‍ വ്യോമതാവളം ഉപയോഗിക്കാനോ സൗദി വ്യോമപാതയിലൂടെ പറക്കാനോ അനുമതി നല്‍കില്ലെന്ന് റിയാദ് വ്യക്തമാക്കിയതോടെയാണ് ട്രംപ് പദ്ധതി ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതനായതെന്ന് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എന്‍ബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും ട്രംപും തമ്മില്‍ നടത്തിയ ചര്‍ച്ചകളിലും ഈ ഭിന്നത പരിഹരിക്കാനായില്ല.

ഫെബ്രുവരി 28-ന് യുഎസും ഇസ്രായേലും ഇറാനെതിരെ സംഘര്‍ഷം ആരംഭിച്ചതിന് പിന്നാലെയാണ് തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചുപൂട്ടിയത്. ലോകത്തെ എണ്ണ വിതരണത്തിന്റെ 20 ശതമാനത്തോളം തടസ്സപ്പെട്ടതോടെ ആഗോളതലത്തില്‍ രൂക്ഷമായ ഊര്‍ജ്ജ പ്രതിസന്ധിയാണ് ഉണ്ടായത്. ഇതിനെ മറികടക്കാനാണ് ട്രംപ് 'പ്രോജക്ട് ഫ്രീഡം' കൊണ്ടുവന്നതെങ്കിലും സഖ്യകക്ഷികളെ വിശ്വാസത്തിലെടുക്കാതെ ഏകപക്ഷീയമായാണ് നീങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. സൗദിയെ കൂടാതെ ഒമാന്‍, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളെയും കൃത്യമായി അറിയിക്കാതെയാണ് ട്രംപ് പദ്ധതി പ്രഖ്യാപിച്ചത്. പാക്കിസ്ഥാന്റെയും മറ്റ് രാജ്യങ്ങളുടെയും അഭ്യര്‍ത്ഥന മാനിച്ചും ഇറാനുമായുള്ള കരാറില്‍ പുരോഗതിയുള്ളതിനാലുമാണ് പദ്ധതി താല്‍ക്കാലികമായി നിര്‍ത്തുന്നതെന്നാണ് ട്രംപിന്റെ ഔദ്യോഗിക വിശദീകരണം.

'പ്രോജക്ട് ഫ്രീഡം' നേരിട്ട വെല്ലുവിളികള്‍

ഈ പദ്ധതിയിലൂടെ യുഎസ് പതാക ഘടിപ്പിച്ച രണ്ട് കപ്പലുകള്‍ (അലയന്‍സ് ഫെയര്‍ഫാക്‌സ്, സിഎസ് ആന്തം) കടലിടുക്ക് കടന്നതായി യുഎസ് അവകാശപ്പെടുമ്പോഴും ഇറാന്‍ ഇത് നിഷേധിച്ചു.പദ്ധതി പ്രഖ്യാപിച്ചതിന് പിന്നാലെ ഇറാന്‍ ആക്രമണം ശക്തമാക്കി. യുഎഇയിലെ ഫുജൈറ എണ്ണ തുറമുഖത്തിന് നേരെ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ വന്‍ തീപിടുത്തമുണ്ടായി. കൂടാതെ സിഎംഎ സിജിഎം (CMA CGM) കമ്പനിയുടെ കപ്പലിന് നേരെയും ആക്രമണമുണ്ടായി.

അതേസമയം, ട്രംപിന്റെ പിന്മാറ്റത്തെ അമേരിക്കയുടെ വന്‍ പരാജയമായാണ് ഇറാന്‍ കാണുന്നത്. അമേരിക്കന്‍ നാവികശക്തി ഉപയോഗിച്ച് ജലപാത തുറക്കാനുള്ള ശ്രമങ്ങള്‍ ഫലിക്കില്ലെന്ന് വന്നതോടെ ട്രംപ് പിന്‍വാങ്ങുകയാണെന്ന് ഇറാന്‍ ഔദ്യോഗിക മാധ്യമങ്ങള്‍ പരിഹസിച്ചു. ഇറാന്‍ ലക്ഷ്യങ്ങള്‍ക്കെതിരായ 'ഓപ്പറേഷന്‍ എപിക് ഫ്യൂറി' വിജയിച്ചുവെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ അവകാശപ്പെടുമ്പോഴും, വെടിനിര്‍ത്തല്‍ ലംഘിച്ച് പത്തിലധികം തവണ ഇറാന്‍ സൈന്യം യുഎസ് സേനയെ ആക്രമിച്ചതായി ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ജനറല്‍ ഡാന്‍ കെയ്ന്‍ വെളിപ്പെടുത്തി. യുഎഇ ലക്ഷ്യമാക്കി ഇറാന്‍ തൊടുത്തുവിട്ട 15 മിസൈലുകളും നാല് ഡ്രോണുകളും തകര്‍ത്തതോടെ മേഖലയില്‍ യുദ്ധം വീണ്ടും ആളിക്കത്തുകയാണെന്ന ഭീതിയും നിലനില്‍ക്കുന്നുണ്ട്.

ഒമാന്‍, ഖത്തര്‍, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങളെയും പദ്ധതി പ്രഖ്യാപിച്ച ശേഷമാണ് അമേരിക്ക വിവരം അറിയിച്ചത്. ഇത് മേഖലയിലെ നയതന്ത്ര ബന്ധങ്ങളില്‍ വിള്ളലുണ്ടാക്കിയിരുന്നു. ഹോര്‍മുസ് കടലിടുക്ക് തങ്ങളുടെ നിയന്ത്രണത്തിലാണെന്നും ഇനിയും പോരാട്ടം തുടങ്ങിയിട്ടേയുള്ളൂവെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കുമ്പോള്‍, ഇറാന്റെ നീക്കങ്ങള്‍ 'കടല്‍ക്കൊള്ള'യാണെന്നാണ് മാര്‍ക്കോ റൂബിയോ വിശേഷിപ്പിച്ചത്. ഇറാന്റെ ഉന്നത നേതൃത്വത്തിന് 'ചിത്തഭ്രമമാണെന്നും' അവരുടെ തുറമുഖങ്ങള്‍ക്കെതിരായ ഉപരോധം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. കടല്‍ മൈനുകളും ഡ്രോണുകളും ഉപയോഗിച്ച് കടലിടുക്ക് അടച്ചിടാനുള്ള ഇറാന്റെ ശ്രമങ്ങളെ വാണിജ്യ കപ്പലുകള്‍ക്ക് സൈനിക അകമ്പടി നല്‍കി പ്രതിരോധിക്കാനാണ് അമേരിക്കയുടെ നീക്കം. എന്നാല്‍ പ്രാദേശിക പങ്കാളിയായ സൗദി അറേബ്യയുടെ സഹകരണം ഇല്ലാതെ വ്യോമപാത ഉപയോഗിക്കാന്‍ കഴിയില്ലെന്നത് നിലവില്‍ ട്രംപിനെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.