ഷുഹൈബ് വധക്കേസ്: ആകാശ് തില്ലങ്കേരി ഉൾപ്പെടെ മുഴുവൻ പ്രതികളുടെയും ജാമ്യം റദ്ദാക്കി; റിമാൻഡ് ചെയ്യാൻ കോടതി ഉത്തരവ്

ഷുഹൈബ് വധക്കേസ്: ആകാശ് തില്ലങ്കേരി ഉൾപ്പെടെ മുഴുവൻ പ്രതികളുടെയും ജാമ്യം റദ്ദാക്കി; റിമാൻഡ് ചെയ്യാൻ കോടതി ഉത്തരവ് 



കണ്ണൂർ: മട്ടന്നൂർ എടയന്നൂരിലെ യൂത്ത് കോൺഗ്രസ് നേതാവ് എസ്.പി. ഷുഹൈബ് വധക്കേസിൽ വിചാരണ കോടതിയിൽ നിന്ന് അതീവ നിർണ്ണായകമായ നടപടി. ആകാശ് തില്ലങ്കേരി ഉൾപ്പെടെ മുഴുവൻ പ്രതികളുടെയും ജാമ്യം കോടതി റദ്ദാക്കി. ജാമ്യം റദ്ദാക്കിയതിനൊപ്പം പ്രതികളെ അടിയന്തരമായി കസ്റ്റഡിയിലെടുത്ത് റിമാൻഡ് ചെയ്യാനും കോടതി പോലീസിന് കർശന നിർദ്ദേശം നൽകി.(Shuhaib murder case, Court Cancels Bail Of Akash Thillankeri And All Other Accused )

നിലവിലെ കോടതിയിൽ നടക്കുന്ന വിചാരണ തടസ്സപ്പെടുത്താനും വൈകിപ്പിക്കാനും പ്രതികൾ ശ്രമിക്കുന്നു എന്ന് വ്യക്തമാക്കുന്ന സാഹചര്യത്തിലാണ് കോടതിയുടെ ഈ കടുത്ത നടപടി. ഷുഹൈബ് വധക്കേസിന്റെ വിചാരണ നിലവിലെ കോടതിയിൽ നിന്നും മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന് പ്രതികൾ കോടതിയോട് ആവശ്യപ്പെട്ടിരുന്നു.

ഈ നീക്കത്തിന് പിന്നാലെയാണ് കോടതി പ്രതികൾക്ക് നൽകിയിരുന്ന ജാമ്യാനുകൂല്യം റദ്ദാക്കിയത്. കേരളം ഉറ്റുനോക്കുന്ന ഷുഹൈബ് വധക്കേസിൽ കോടതിയിൽ ഔദ്യോഗികമായി വിചാരണ ആരംഭിച്ചിരുന്നു. വിചാരണയുടെ ആദ്യ ഘട്ടത്തിൽ തന്നെ പ്രതികൾക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടത്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ഒന്ന് മുതൽ അഞ്ച് വരെയുള്ള പ്രതികളെ കോടതിയിൽ വെച്ച് പ്രധാന സാക്ഷി കൃത്യമായി തിരിച്ചറിഞ്ഞിരുന്നു.