ബംഗാളിൽ സുവേന്ദു അധികാരിയുടെ പി.എ വെടിയേറ്റ് മരിച്ചു

ബംഗാളിൽ സുവേന്ദു അധികാരിയുടെ പി.എ വെടിയേറ്റ് മരിച്ചു 


കൊൽക്കത്ത: പശ്ചിമ ബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് ചന്ദ്രനാഥ് രഥ് വെടിയേറ്റ് മരിച്ചു (Suvendu Adhikari PA Killed). നോർത്ത് 24 പർഗാനാസിലെ മധ്യാഗ്രാമിൽ വെച്ചായിരുന്നു ആക്രമണം. കാറിൽ സഞ്ചരിക്കുകയായിരുന്ന ചന്ദ്രനാഥിന് നേരെ നാല് റൗണ്ട് വെടിയുതിർക്കുകയായിരുന്നു. തലയ്ക്കും നെഞ്ചിനും ഗുരുതരമായി പരിക്കേറ്റ അദ്ദേഹം സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. കൊലപാതകത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസ് ആണെന്ന് ബിജെപി ആരോപിച്ചു. സംഭവത്തിൽ അഭിഷേക് ബാനർജിയുടെ പങ്ക് അന്വേഷിക്കണമെന്ന് സുവേന്ദു അധികാരി ആവശ്യപ്പെട്ടു. അക്രമികളുടെ വാഹനം കണ്ടെത്തിയതായും അന്വേഷണം പുരോഗമിക്കുന്നതായും ഡിജിപി അറിയിച്ചു. അതേസമയം, കുറ്റവാളികളെ ഉടൻ കണ്ടെത്തണമെന്നും കേസിൽ സിബിഐ അന്വേഷണം വേണമെന്നും തൃണമൂൽ കോൺഗ്രസും ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം , സംസ്ഥാനത്ത് സർക്കാരിന്റെ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെ മുഖ്യമന്ത്രി സ്ഥാനം ഒഴിയാൻ മമത ബാനർജി വിസമ്മതിക്കുന്നത് ബംഗാളിനെ കടുത്ത ഭരണഘടനാ പ്രതിസന്ധിയിലേക്ക് നയിക്കുന്നു. തന്നെ ഗവർണർ പുറത്താക്കട്ടെ എന്ന നിലപാടിൽ മമത ഉറച്ചുനിൽക്കുകയാണ്. ഇതോടെ ഗവർണർ ആർ.എൻ. രവി ഇന്ന് വൈകുന്നേരത്തോടെ മമതയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കിയേക്കും എന്നാണ് സൂചന. ആർട്ടിക്കിൾ 164 പ്രകാരം സർക്കാരിനെ പിരിച്ചുവിടാൻ ഗവർണർക്ക് അധികാരമുണ്ട്.

മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ മനോജ് കുമാർ അഗർവാളുമായി ഗവർണർ ഇന്നലെ അടിയന്തര കൂടിക്കാഴ്ച നടത്തിയിരുന്നു. പരാജയപ്പെട്ടാലും പോരാട്ടം തുടരുമെന്നും നിയമസഭയുടെ ആദ്യ ദിനം തൃണമൂൽ എംഎൽഎമാർ കറുത്ത വസ്ത്രം ധരിച്ച് പ്രതിഷേധിക്കുമെന്നും മമത വ്യക്തമാക്കി.

ബംഗാളിൽ പുതിയ സർക്കാർ രൂപീകരണത്തിനായി ബിജെപി നിയമസഭാ കക്ഷി യോഗം നാളെ ചേരും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ യോഗത്തിൽ പങ്കെടുക്കും. ശനിയാഴ്ച പുതിയ മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.