ശാസ്താംകോട്ട: കേരളത്തിലേക്ക് വൻതോതിൽ എംഡിഎംഎ ഉൾപ്പെടെയുള്ള രാസലഹരികൾ എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളെ ശാസ്താംകോട്ട പോലീസ് ബംഗളൂരുവിൽനിന്നു പിടികൂടി. കൊല്ലം മുണ്ടയ്ക്കൽ അദ്വൈതം വീട്ടിൽ അദ്വൈത, കണ്ണൂർ പറശ്ശിനിക്കടവ് സൽവ മൻസിലിൽ മുഹമ്മദ് സിജാഹ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ബംഗളൂരുവിൽ വ്യാജ പേരിൽ ഫ്ലാറ്റ് എടുത്ത് താമസിക്കുകയായിരുന്നു കമിതാക്കളായ ഇരുവരും. ബംഗളൂരുവിൽ റേഡിയോളജി പഠനത്തിനായി പോയതായിരുന്നു അദ്വൈത.
സിജാഹ് നേരത്തെതന്നെ മൂന്ന് എൻഡിപിഎസ് കേസുകളിൽ പ്രതിയാണ്. തിരുവനന്തപുരം അമരവിളയിൽ 75 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിലും കണ്ണൂർ, ഇരിട്ടി എന്നിവിടങ്ങളിൽ എക്സൈസ് രജിസ്റ്റർ ചെയ്ത ലഹരിക്കേസുകളിലും ഇയാൾ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. വർഷങ്ങളായി കേരളത്തിലേക്ക് വൻതോതിൽ ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാനികളാണ് ഇരുവരും.
കഴിഞ്ഞ ഫെബ്രുവരിയിൽ ഐസിഎസ് ജംഗ്ഷനിൽനിന്ന് എംഡിഎംഎയുമായി ഒരു യുവതി പിടിയിലായതോടെയാണ് അന്വേഷണം ലഹരി മാഫിയയുടെ വേരുകളിലേക്ക് നീണ്ടത്. ഈ കേസിലെ രണ്ടാം പ്രതി ഷംനാദിനെ കസ്റ്റഡിയിൽ വാങ്ങി ബംഗളൂരുവിൽ തെളിവെടുപ്പിന് കൊണ്ടുപോയപ്പോൾ, ഇയാൾക്ക് ലഹരിമരുന്ന് കൈമാറിയ മൂന്നുപേരെ പോലീസ് നേരത്തെ പിടികൂടിയിരുന്നു.
ഇവരെ ചോദ്യം ചെയ്തതിൽനിന്നാണ് കേരളത്തിലേക്കുള്ള ലഹരിമരുന്നിന്റെ ഉറവിടമായ സിജാഹിനെയും അദ്വൈതയെയും കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. ശാസ്താംകോട്ട ഡിവൈഎസ്പി പ്രസാദ്, എസ്എച്ച്ഒ മൃദുൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ എസ്ഐ ശരത് കെ.പി, എഎസ്ഐ ബിജു കെ.ആർ, സിപിഒമാരായ അഖിൽ ചന്ദ്രൻ, ഫൈസൽ, വിപിൻ കുമാർ, വനിത സിപിഒ അഞ്ചു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
