എഎംഎംകെയും; പന്ത് വിസികെയുടെ കോർട്ടിൽ; ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ട് തിരുമാളവൻ; സർക്കാരുണ്ടാക്കാൻ ഇനിയും കടമ്പകൾ; പുതുച്ചേരിയിലെ റിസോർട്ടിൽനിന്ന് എം.എൽഎമാർ എടപ്പാടിയുടെ വസതിയിലേക്ക്; തമിഴ്നാട്ടിൽ നാടകീയ നീക്കങ്ങൾ ഇങ്ങനെ

വിജയിയെ കൈവിട്ട് സഖ്യകക്ഷികൾ; അവസാന നിമിഷം പിന്തുണ പിൻവലിച്ച് ഐയുഎംഎല്ലും എഎംഎംകെയും; പന്ത് വിസികെയുടെ കോർട്ടിൽ; ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ട് തിരുമാളവൻ; സർക്കാരുണ്ടാക്കാൻ ഇനിയും കടമ്പകൾ; പുതുച്ചേരിയിലെ റിസോർട്ടിൽനിന്ന് എം.എൽഎമാർ എടപ്പാടിയുടെ വസതിയിലേക്ക്; തമിഴ്നാട്ടിൽ നാടകീയ നീക്കങ്ങൾ ഇങ്ങനെ


ചെന്നൈ: വെള്ളിത്തിരയിൽനിന്ന് തമിഴകത്തിന്റെ മുഖ്യമന്ത്രി പദത്തിലേക്കുള്ള നടൻ വിജയിയുടെ രാഷ്ട്രീയ യാത്രയിൽ നാടകീയ വഴിത്തിരിവ്. ഭൂരിപക്ഷം തെളിയിക്കാൻ ആവശ്യമായ എംഎൽഎമാരുടെ പിന്തുണ ഉറപ്പാക്കാനുള്ള വിജയിയുടെ തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) നീക്കങ്ങൾക്ക് തിരിച്ചടിയേകി ഐയുഎംഎല്ലും (മുസ്‌ലിം ലീഗ്) ടി.ടി.വി. ദിനകരന്റെ അമ്മ മക്കൾ മുന്നേറ്റ കഴകവും (എഎംഎംകെ) പിന്തുണ പിൻവലിച്ചു. ഇതോടെ സർക്കാർ രൂപീകരണത്തിനുള്ള വിജയിയുടെ മൂന്നാം ശ്രമവും അനിശ്ചിതത്വത്തിലായി.

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്ന് സീറ്റുകൾ നേടിയ ഐയുഎംഎല്ലും എഎംഎംകെയും ടിവികെയെ പിന്തുണയ്ക്കില്ലെന്ന് വെള്ളിയാഴ്ച വൈകിട്ടോടെയാണ് വ്യക്തമാക്കിയത്. 234 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് 118 സീറ്റുകളാണ് വേണ്ടത്. നിലവിൽ 108 സീറ്റുകളുള്ള വിജയിക്ക് 10 പേരുടെ പിന്തുണ കൂടി ആവശ്യമാണ്. ഇതിനിടെ ഗവർണർ ആർ.വി. ആർലേക്കർ കർശന നിലപാട് സ്വീകരിച്ചതും വിജയിക്ക് തിരിച്ചടിയായി. നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാമെന്ന വിജയിയുടെ വാദം തള്ളിയ ഗവർണർ, പിന്തുണയ്ക്കുന്ന 118 എംഎൽഎമാരുടെ കത്തുകൾ ഹാജരാക്കാനാണ് നിർദേശിച്ചിരിക്കുന്നത്.

ഇനി എല്ലാവരും ഉറ്റുനോക്കുന്നത് തോൾ തിരുമാളവൻ നയിക്കുന്ന വിടുതലൈ ചിരുതൈകൾ കക്ഷിയെയാണ് (വിസികെ). വിസികെയുടെ രണ്ട് എംഎൽഎമാരുടെ പിന്തുണ ഉറപ്പിക്കാൻ വിജയിയും തിരുമാളവനും ശനിയാഴ്ച കൂടിക്കാഴ്ച നടത്തും. ഡിഎംകെ വിട്ട് വിജയിക്കൊപ്പം ചേരുന്ന കാര്യത്തിൽ വിസികെ ഇതുവരെ വ്യക്തമായ നിലപാട് സ്വീകരിച്ചിട്ടില്ല. ഇടതുപാർട്ടികളായ സിപിഐയും സിപിഎമ്മും സർക്കാരിൽ പങ്കാളികളാകാൻ സമ്മതം മൂളിയെങ്കിലും തിരുമാളവൻ ഉപമുഖ്യമന്ത്രി പദം ആവശ്യപ്പെട്ടതായാണ് സൂചന.

നേരത്തെ, വിജയിക്കൊപ്പം ചേരുന്നതിനെക്കുറിച്ച് വിസികെയും ഇടതുപക്ഷവും ബുധനാഴ്ച മുഖ്യമന്ത്രി എം.കെ. സ്റ്റാലിനുമായി ചർച്ച നടത്തിയിരുന്നു. സഖ്യം മാറുന്നതിൽ എതിർപ്പില്ലെന്നും സ്വന്തം താല്പര്യപ്രകാരം തീരുമാനമെടുക്കാമെന്നും സ്റ്റാലിൻ പച്ചക്കൊടി കാട്ടിയതോടെയാണ് ടിവികെ ചർച്ചകൾ സജീവമാക്കിയത്. കോൺഗ്രസിന്റെ അഞ്ച് സീറ്റും ഇടതുപക്ഷത്തിന്റെ നാല് സീറ്റും വിസികെയുടെ രണ്ട് സീറ്റും ചേർന്നാൽ വിജയിക്ക് 119 പേരുടെ പിന്തുണ ലഭിക്കുമായിരുന്നു. എന്നാൽ അവസാന നിമിഷം ഐയുഎംഎല്ലും എഎംഎംകെയും പിന്മാറിയതും വിസികെയുടെ ഇരട്ടത്താപ്പും വിജയിയെ പ്രതിസന്ധിയിലാക്കി.

തിങ്കളാഴ്ച (മെയ് 10) നിലവിലെ നിയമസഭയുടെ കാലാവധി അവസാനിക്കും. അതിനുള്ളിൽ പുതിയ സർക്കാർ അധികാരമേറ്റില്ലെങ്കിൽ സംസ്ഥാനം വീണ്ടും തിരഞ്ഞെടുപ്പിലേക്ക് നീങ്ങേണ്ടി വരും. വിജയത്തിന്റെ വക്കിലെത്തി നിൽക്കുന്ന വിജയിക്ക് ഇത് രാഷ്ട്രീയമായി വലിയ തിരിച്ചടിയാകും. അതിനാൽ ഇന്നത്തെ ചർച്ചകൾ താരത്തിന്റെ രാഷ്ട്രീയ ഭാവിയിൽ നിർണ്ണായകമാകും.

അതേസമയം, പുതുച്ചേരിയിലെ റിസോർട്ടിൽ താമസിപ്പിച്ചിരുന്ന മുപ്പതോളം എഐഎഡിഎംകെ എംഎൽഎമാർ ചെന്നൈയിൽ തിരിച്ചെത്തി. എടപ്പാടി കെ. പളനിസാമിയുടെ വസതിയിലെത്തിയ ഇവർ പാർട്ടി അധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തി. മൂന്ന് ദിവസത്തെ റിസോർട്ട് താമസത്തിന് ശേഷമാണ് എംഎൽഎമാർ മടങ്ങിയെത്തിയത്.ഏപ്രിൽ 23-ന് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയ വിജയ്‌യുടെ തമിഴക വെട്രി കഴകം (ടിവികെ) സർക്കാർ രൂപീകരിക്കാനുള്ള നീക്കങ്ങൾ സജീവമാക്കുന്നതിനിടെയാണ് എംഎൽഎമാരെ അയൽ സംസ്ഥാനത്തേക്ക് മാറ്റിയത്.

എംഎൽഎമാർക്കിടയിൽ കൂറുമാറ്റമോ വോട്ട് ചോർച്ചയോ ഉണ്ടാകുന്നത് തടയാനാണ് ഈ നീക്കമെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന. സി. വിജയഭാസ്കർ, കെ.പി. അൻപഴകൻ, ബി. വളർമതി തുടങ്ങിയ മുതിർന്ന നേതാക്കൾ പളനിസാമിയുടെ വസതിയിലെ ചർച്ചകളിൽ പങ്കെടുത്തു. സംസ്ഥാനത്തെ മാറിമറിയുന്ന രാഷ്ട്രീയ സാഹചര്യങ്ങൾ വിലയിരുത്താനും ഭാവിപരിപാടികൾ തീരുമാനിക്കാനുമായി പളനിസാമി എംഎൽഎമാരുടെ യോഗം വിളിച്ചേക്കും.

സർക്കാർ രൂപീകരണത്തിനായി ഗവർണറെ കണ്ട വിജയ് വ്യാജ കത്തുകളാണ് ഹാജരാക്കിയതെന്ന സഖ്യകക്ഷിയായ അമ്മ മക്കൾ മുന്നേറ്റ കഴകത്തിന്റെ (എഎംഎംകെ) ആരോപണവും യോഗത്തിൽ ചർച്ചയായേക്കും. സർക്കാർ രൂപീകരണത്തിനായി നീക്കം നടത്തുന്ന വിജയിയുടെ ടിവികെയെ വിമർശിച്ച് ഡിഎംകെ. ഗവർണറെ സമീപിക്കുന്നതിന് മുമ്പ് വിജയ് മറ്റ് രാഷ്ട്രീയ പാർട്ടികളുടെ പിന്തുണ ഉറപ്പാക്കാനാണ് ശ്രമിക്കേണ്ടതെന്ന് ഡിഎംകെ നേതാവ് ടി.കെ.എസ് ഇളങ്കോവൻ പറഞ്ഞു.

വിഷയത്തിൽ പ്രതികരിക്കവെ ഇളങ്കോവൻ പറഞ്ഞത് ഇങ്ങനെ: "വിജയ് ആദ്യം മറ്റ് പാർട്ടികളുമായി ചർച്ച നടത്തി പിന്തുണ ഉറപ്പാക്കണം, അതിനുശേഷം മാത്രമേ ഗവർണറെ സമീപിക്കാവൂ. എഎംഎംകെ എംഎൽഎമാർ ടിവികെയെ പിന്തുണയ്ക്കുന്നില്ലെങ്കിൽ പിന്നെ എന്തിനാണ് അവരുടെ പേരിൽ പിന്തുണക്കത്ത് നൽകിയത്? വ്യാജക്കത്ത് നൽകിയെന്ന പരാതിയിൽ പോലീസ് അന്വേഷണം നടക്കുന്നുണ്ട്, അതിന്റെ ഫലം എന്താകുമെന്ന് നമുക്ക് നോക്കാം."

തമിഴ്‌നാട് രാഷ്ട്രീയം വർഷങ്ങളായി കാണാത്ത വിധത്തിലുള്ള 'കുതിരക്കച്ചവട' ശ്രമങ്ങൾക്കാണ് ഇപ്പോൾ സാക്ഷ്യം വഹിക്കുന്നതെന്ന് ഡിഎംകെ എംപിയും മുതിർന്ന അഭിഭാഷകനുമായ പി. വിൽസൺ പറഞ്ഞു. പുതിയ സർക്കാർ അധികാരമേൽക്കുന്നതിന് മുമ്പ് തന്നെ ഇത്തരം നാടകങ്ങൾ നടക്കുന്നത് ദൗർഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തമിഴ്‌നാട് രാഷ്ട്രീയത്തിൽ തങ്ങൾ 'മാറ്റം' കൊണ്ടുവരുമെന്ന് പറഞ്ഞവർ എന്താണ് ഉദ്ദേശിച്ചതെന്ന് ഇപ്പോൾ മനസ്സിലാകുന്നുവെന്ന് വിൽസൺ എക്സിൽ കുറിച്ചു. വർഷങ്ങളായി തമിഴ്‌നാട് കാണാത്ത തരം കുതിരക്കച്ചവട ശ്രമങ്ങളാണ് ഇവിടെ നടക്കുന്നത്. ചുമതലയേൽക്കുന്നതിന് മുമ്പ് തന്നെ ഇതാണ് അവസ്ഥയെന്നും അദ്ദേഹം പരിഹസിച്ചു