
ബെയ്ജിംഗ്: ചൈനയിൽ രണ്ടു മുൻ പ്രതിരോധമന്ത്രിമാർക്കു വധശിക്ഷ. 2018 മുതൽ 2023 വരെ പ്രതിരോധമന്ത്രിയായിരുന്ന വെയ് ഫെംഗെ, ഇദ്ദേഹത്തിന്റെ പിൻഗാമിയായി 2023 മാർച്ച് മുതൽ ഒക്ടോബർ വരെ പദവി വഹിച്ച ലി ഷാംഗ്ഫു എന്നിവർക്ക് അഴിമതിക്കുറ്റത്തിന്റെ പേരിൽ പട്ടാളക്കോടതി വെവ്വേറെ ശിക്ഷ വിധിച്ചുവെന്നാണു ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
വധശിക്ഷ നടപ്പാക്കുന്നത് രണ്ടു വർഷത്തേക്കു മരവിപ്പിച്ചിട്ടുണ്ട്. ചൈനയിലെ രീതി അനുസരിച്ച് ഇക്കാലയളവിലെ നല്ലനടപ്പിന്റെ പേരിൽ ശിക്ഷ ജീവപര്യന്തമായി ഇളവു ചെയ്യാം. ഇങ്ങനെയുണ്ടായാൽ ഇവർക്ക് പരോൾ അനുവദിക്കരുതെന്നു കോടതി നിർദേശിച്ചു. ഇരുവരുടെയും സ്വത്തുക്കൾ കണ്ടുകെട്ടാനും ഉത്തരവുണ്ട്.
സെൻട്രൽ മിലിട്ടറി കമ്മീഷനിൽ അംഗമായിരുന്ന ഇരുവരെയും 2024ൽ കമ്യൂണിസ്റ്റ് പാർട്ടിയിൽനിന്നു പുറത്താക്കിയിരുന്നു. ചൈനയുടെ ആണവ, മിസൈൽ പദ്ധതികൾ നിയന്ത്രിക്കുന്ന റോക്കറ്റ് ഫോഴ്സുമായി ബന്ധപ്പെട്ട അഴിമതിയിലാണ് ഇരുവരും നടപടി നേരിട്ടത്. ഏറോസ്പേസ് എൻജിനിയറായിരുന്ന ലി ഷാംഗ്ഫു മുന്പ് സൈനികസാമഗ്രികൾ വാങ്ങുന്ന വകുപ്പിനും നേതൃത്വം നല്കിയിരുന്നു.
പ്രസിഡന്റ് ഷി ചിൻപിംഗിന്റെ കീഴിൽ പ്രവർത്തിക്കവേ ഇരുവരും അഴിമതിയിലൂടെ ഗുരുതര അച്ചടക്കലംഘനം നടത്തിയെന്ന കുറ്റം തെളിഞ്ഞതായി കോടതി വിലയിരുത്തി. വെയ് ഫെംഗെ കൈക്കൂലി വാങ്ങിയെന്നും ലി ഷാംഗ്ഫു കൈക്കൂലി വാങ്ങിയതിനു പുറമേ കൈക്കൂലി വാഗ്ദാനം ചെയ്തുവെന്നും കോടതി കണ്ടെത്തി.
ചൈനയിൽ രണ്ടു മുൻ പ്രതിരോധ മന്ത്രിമാർക്കു വധശിക്ഷ ലഭിക്കുന്നത് അപൂർവമാണ്. അഴിമതി നിർമാർജനത്തിനു പുറമേ പാർട്ടി നേതൃത്വത്തോടുള്ള വിധേയത്വം ഉറപ്പാക്കുക ലക്ഷ്യമിട്ടുകൂടിയാണു നടപടിയെന്നു പറയുന്നു
