കൊച്ചി: കൊച്ചി ശാസ്ത്ര-സാങ്കേതിക സര്‍വ്വകലാശാലയില്‍ (കുസാറ്റ്) നിന്ന് വീണ്ടും ഒരു ദുരന്തവാര്‍ത്ത കൂടി പുറത്തുവരികയാണ്. ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ ബി.ടെക് വിദ്യാര്‍ത്ഥിയാണ് ക്യാമ്പസില്‍ ജീവനൊടുക്കുന്നത്. സ്‌കൂള്‍ ഓഫ് എന്‍ജിനീയറിംഗിലെ നാലാം വര്‍ഷ സിവില്‍ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിനിയായ കെ.എസ്. ദര്‍ശനയെ (21) ആണ് വാടകമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ക്യാമ്പസിനെ നടുക്കിയ ഈ സംഭവത്തില്‍ വൈസ് ചാന്‍സലര്‍ അടിയന്തര റിപ്പോര്‍ട്ട് തേടിയിരിക്കുകയാണ്. സൗത്ത് പുതുവൈപ്പ് കോമത്തുരുത്ത് സ്വദേശികളായ ഓട്ടോറിക്ഷാ ഡ്രൈവര്‍ സുദര്‍ശന്റെയും ഷൈജയുടെയും മകള്‍ കെഎസ് ദര്‍ശന (21) ആണ് മരിച്ചത്.
സംഭവത്തില്‍ വൈസ് ചാന്‍സലര്‍ ഡോ. എം ജുനൈദ് ബുഷിരി റിപ്പോര്‍ട്ട് തേടി. ചീഫ് സെക്യൂരിറ്റി ഓഫിസര്‍ സിബിച്ചന്‍ ജോസഫിനാണ് അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. പരീക്ഷ ഉണ്ടായിരുന്നെങ്കിലും ദര്‍ശന പരീക്ഷ എഴുതാനെത്തിയിരുന്നില്ലെന്ന് അധ്യാപകര്‍ അറിയിച്ചു. പരീക്ഷ കഴിഞ്ഞ് ഒപ്പം താമസിക്കുന്ന വിദ്യാര്‍ഥിനി മുറിയിലെത്തിയപ്പോള്‍ വാതില്‍ അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു.
പലവട്ടം വിളിച്ചിട്ടും പ്രതികരണമില്ലാതിരുന്നതോടെ സമീപവാസികളുടെ സഹായത്തോടെ വാതില്‍ പൊളിച്ച് അകത്ത് കയറി. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അടുത്ത മാസം പരീക്ഷയുള്ളതിനാല്‍ കൂട്ടുകാരികളോടൊപ്പം ഹോസ്റ്റലില്‍ താമസിച്ച് പഠിക്കണമെന്ന് പറഞ്ഞാണ് ഒരാഴ്ച മുന്‍പ് വീട്ടില്‍ നിന്ന് പോയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. വ്യക്തിപരമായ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി അറിവില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഒരാഴ്ചയ്ക്കിടെ ജീവനൊടുക്കുന്ന രണ്ടാമത്തെ കുസാറ്റ് ബി.ടെക് വിദ്യാര്‍ഥിയാണ് ദര്‍ശന. ഏപ്രില്‍ 22ന് ബി ടെക് ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് മൂന്നാം വര്‍ഷ വിദ്യാര്‍ഥിയായ ഹരിപ്പാട് സ്വദേശി ഡി ധനുഷും മരിച്ചിരുന്നു. ഈ രണ്ട് വിദ്യാര്‍ഥികള്‍ മരിച്ച പശ്ചാത്തലത്തില്‍ സര്‍വകലാശാലയില്‍ പ്രത്യേക ആലോചനാ യോഗം വിളിച്ചു. വൈസ് ചാന്‍സലര്‍ ഡോ. എം ജുനൈദ് ബുഷിരിയുടെ നേതൃത്വത്തില്‍ അധ്യാപകരും ഉന്നത ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുക്കുന്ന യോഗം 5ന് സെനറ്റ് ഹാളില്‍ നടക്കും.
വൈസ് ചാന്‍സലറുടെ നേതൃത്വത്തില്‍ അധ്യാപകരും ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന യോഗത്തില്‍ ക്യാമ്പസിലെ വിദ്യാര്‍ത്ഥികളുടെ മാനസികാരോഗ്യം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചയാകും
