
തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്റെ വിമര്‍ശനങ്ങളോട് പ്രതികരിച്ച് മൂവാറ്റുപുഴ നിയുക്ത എം.എല്‍.എ മാത്യു കുഴല്‍നാടന്‍. ഉണ്ണിത്താന്‍ പറഞ്ഞത് അംഗീകരിക്കുന്നതായും വിഷയത്തില്‍ ഇനി പ്രതികരിക്കാനില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അദ്ദേഹം പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവാണെന്ന് പറഞ്ഞ മാത്യു കുഴല്‍നാടന്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്റെ മുന്നില്‍ താന്‍ അല്‍പ്പന്‍ തന്നെയാണെന്നും കൂട്ടിച്ചേര്‍ത്തു. ഇതിന് ഇക്കാരണത്താല്‍ മറുപടി പറയാന്‍ ആഗ്രഹിക്കുന്നില്ല. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞത് മുഴുവന്‍ കേട്ടുവെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു. പ്രത്യേക സാഹചര്യത്തിലാണ് ലീഗിനെ കുറിച്ച് നടത്തിയ പരാമര്‍ശം. അഭിപ്രായം പറയാന്‍ ആര്‍ക്കും സ്വാതന്ത്ര്യമുണ്ട്. മുഖ്യമന്ത്രി ചര്‍ച്ചകള്‍ തെരുവിലേക്ക് വലിച്ചു വയ്ക്കരുതെന്നും നേതാക്കളുടെ ബാനറുകള്‍ വലിച്ചു കീറുന്നത് കോണ്‍ഗ്രസ് പ്രവര്‍ത്തിക്ക് ചേര്‍ന്നതല്ലെന്നും മാത്യു കുഴല്‍നാടന്‍ അഭിപ്രായപ്പെട്ടു.
കോണ്‍ഗ്രസിന്റെ ആഭ്യന്തര വിഷയങ്ങളില്‍ ലീഗ് ഇടപെടേണ്ട എന്ന മാത്യു കുഴല്‍നാടന്റെ പ്രസ്താവന ചൂണ്ടിക്കാട്ടി അദ്ദേഹത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉണ്ണിത്താന്‍ നടത്തിയത്. ലീഗിന്റെ അവകാശത്തെപ്പറ്റി ചോദിക്കാന്‍ അയാള്‍ക്കെന്താണ് അധികാരമെന്ന് ചോദിച്ച ഉണ്ണിത്താന്‍, അല്‍പന് ഐശ്വര്യം കിട്ടിയാല്‍ അര്‍ധരാത്രിയും കുടപിടിക്കുമെന്നും പരിഹസിച്ചിരുന്നു. 'രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവാണ്. അദ്ദേഹം പറഞ്ഞത് അംഗീകരിക്കുന്നു. ഞാന്‍ അദ്ദേഹത്തിന്റെ മുമ്പില്‍ അല്‍പനും നിസ്സാരനുമാണ്. ഉണ്ണിത്താന്‍ പറഞ്ഞതിനോട് പ്രതികരിക്കാനുള്ള വലിപ്പം എനിക്കില്ല. പ്രതികരിക്കാന്‍ ആഗ്രഹിക്കുന്നില്ല. വിഷയത്തില്‍ ഇനി സംസാരിക്കാനില്ല. അത് അടഞ്ഞ അധ്യായമാണ്' -കുഴല്‍നാടന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
മുഖ്യമന്ത്രി ആരാകണമെന്ന അഭിപ്രായം ആര്‍ക്കുമാകാമെന്നും എന്നാല്‍ തെരുവില്‍ ഫ്‌ലക്‌സ് വലിച്ചുകീറുന്നതിലേക്ക് കൊണ്ടുവരുന്നത് അംഗീകരിക്കാനാകില്ലെന്നും കുഴല്‍നാടന്‍ വ്യക്തമാക്കി. ഘടകകക്ഷികളുടെ മന്ത്രിസ്ഥാനത്തില്‍ കോണ്‍ഗ്രസ് ഇടപെടാത്തതുപോലെ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിസ്ഥാനത്തില്‍ ഘടകകക്ഷികള്‍ ഇടപെടേണ്ട കാര്യമില്ലമെന്നായിരുന്നു മാത്യു കുഴല്‍നാടന്‍ കഴിഞ്ഞദിവസം പറഞ്ഞത്. ലീഗിന്റെ പിന്തുണ വി.ഡി.സതീശനാണല്ലോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തോടായിരുന്നു പ്രതികരണം.
'ഇവിടെ ഒരു കോണ്‍ഗ്രസിന്റെ നേതാവ് ചോദിച്ചു, കോണ്‍ഗ്രസിന്റെ കാര്യങ്ങളില്‍ ഇടപെടാന്‍ ലീഗിന് എന്ത് അവകാശം എന്ന്. അല്‍പന് ഐശ്വര്യം കിട്ടിയാല്‍ അര്‍ധരാത്രിയും കുടപിടിക്കുമെന്നൊരു ചൊല്ലുണ്ട്. അത് ചോദിക്കാന്‍ അയാള്‍ക്കെന്താണ് അവകാശം. നമുക്കറിയാം, രാഹുല്‍ ഗാന്ധി വയനാട്ടില്‍നിന്നാണ് ജയിച്ചത്. ഇന്ന് പ്രിയങ്ക ഗാന്ധി വയനാട്ടില്‍ എം.പിയാണ്. ഞാന്‍ കാസര്‍കോട്ടെ എം.പിയാണ്. സുധാകരന്‍ കണ്ണൂര്‍ എം.പിയാണ്. ഷാഫി പറമ്പില്‍ വടകര എം.പിയാണ്. അനില്‍കുമാര്‍ വണ്ടൂര്‍ എം.പിയാണ്. ഞങ്ങള്‍ക്ക് ആര്‍ക്കെങ്കിലും പറയാന്‍ പറ്റുമോ കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളില്‍ അഭിപ്രായം പറയാന്‍ പറ്റില്ല എന്നുള്ളത്. കാരണം ലീഗ് യു.ഡി.എഫിന്റെ ടീമില്‍പെട്ട ആളുകളാണ്. അവര്‍ക്ക് വ്യക്തമായ അഭിപ്രായമുണ്ട്, അവര്‍ക്കത് പറയാം, രഹസ്യമായും പറയാം പരസ്യമായും പറയാം. അതൊക്കെ പറയാനുള്ള അവകാശം അവര്‍ക്കുണ്ട്' -രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.
എല്ലാ ന്യൂനപക്ഷ വിഭാഗങ്ങളും ഒറ്റക്കെട്ടായി സഹായിച്ചതുകൊണ്ടാണ് യു.ഡി.എഫിന് ഈ ഭൂരിപക്ഷം കിട്ടിയത്. അതുകൊണ്ട് അവര്‍ക്കൊക്കെ അവരുടെ ആഗ്രഹങ്ങള്‍ രഹസ്യമായും പരസ്യമായും പറയാനുള്ള അവകാശമുണ്ട്. കേരളത്തില്‍ യു.ഡി.എഫ് അധികാരത്തില്‍വരണമെന്ന് ആഗ്രഹിച്ച മുഴുവന്‍ ആളുകള്‍ക്കും മുഖ്യമന്ത്രിയെ കുറിച്ച് അഭിപ്രായം പറയാനുള്ള അവകാശമുണ്ട്, സ്വാതന്ത്ര്യമുണ്ട്. ആ സ്വാതന്ത്ര്യം ആരെങ്കിലും ഉപയോഗിക്കുമ്പോള്‍, അസഹിഷ്ണുത കാണിച്ചിട്ട് യാതൊരു കാര്യവുമില്ല. അസഹിഷ്ണുത കാണിക്കുന്ന ആളുകളുടെ പാരമ്പര്യമൊക്കെ നമുക്ക് അറിയാന്‍ പറ്റും. ആരെങ്കിലും ഒരു അഭിപ്രായം പറഞ്ഞാല്‍ അതിനെ കൊച്ചാക്കുന്ന പ്രവണത ശരിയല്ല. അതൊന്നും അംഗീകരിക്കില്ലെന്നും ഉണ്ണിത്താന്‍ പ്രതികരിച്ചു. മാത്യു കുഴല്‍നാടന്റെ പ്രസ്താവനക്കെതിരെ എ.ഐ.സി.സി നിരീക്ഷകരോട് ലീഗ് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. യു.ഡി.എഫിന്റെ കെട്ടുറപ്പിനെ ബാധിക്കുന്ന പ്രസ്താവനകള്‍ ഉണ്ടാകരുതെന്നും ഇക്കാര്യം ഹൈകമാന്‍ഡ് ഉറപ്പുവരുത്തണമെന്നും ലീഗ് ആവശ്യപ്പെട്ടു.
