ബംഗളൂരുവിൽ ലൈംഗികാതിക്രമം ചെറുക്കുന്നതിനിടെ ആക്രണത്തിനിരയായ തൃശ്ശൂർ സ്വദേശിനി മരിച്ചു, പ്രതിയെ തിരഞ്ഞ് പോലീസ്

ബെംഗളൂരു: ലൈംഗികാതിക്രമം ചെറുക്കുന്നതിനിടെ ആക്രണത്തിനിരയായ തൃശ്ശൂർ സ്വദേശിനി മരിച്ചു. വാടാനപ്പള്ളി പത്താംകല്ല് സ്വദേശിനി(47)യാണ് മരിച്ചത്.
നായ്ക്കളെ പരിചരിക്കാൻ ബെംഗളൂരുവിലേക്ക് ജോലിക്ക് പോയ യുവതിക്കു നേരെ ഈ മാസം മൂന്നിനാണ് ആക്രമണമുണ്ടായത്. പ്രതി ബെംഗളൂരുവിലെ മലയാളിയായ ദീപക് കൃഷ്ണക്കായി തൃശ്ശൂർ ഈസ്റ്റ് പോലീസ് തിരച്ചിൽ നടത്തിവരികയാണ്.
താൻ യുവതിയെ ആക്രമിച്ചെന്ന് പറയുന്ന ദീപക് കൃഷ്ണയുടെ വീഡിയോ വീഡിയോ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. യുവതിയുടെ താൻ ആക്രമിച്ചെന്നും അവരെ ആംബുലൻസിൽ കൊണ്ടുപോയിട്ടുണ്ട് എന്നുമെല്ലാം ഇയാൾ വീഡിയോയിൽ പറയുന്നുണ്ട്.
ജോലിക്കായി മറ്റ് രണ്ടുപേർക്കൊപ്പമാണ് യുവതി ബെംഗളൂരുവിലേക്ക് പോയത്. ബെംഗളൂരുവിൽ ദീപക്കിന്റെ വീട്ടിലേക്ക് നായ്ക്കളെ നോക്കാൻ പോയപ്പോഴാണ് യുവതിക്ക് നേരെ ലൈംഗികാതിക്രമമുണ്ടായത്. അക്രമം ചെറുത്ത യുവതിയുടെ തലയ്ക്കും കഴുത്തിനും ദീപക് ക്രൂരമായി മർദിക്കുകയായിരുന്നു. ആക്രമണത്തിൽ യുവതിയുടെ തലച്ചോറിനുൾപ്പെടെ ക്ഷതം സംഭവിച്ചിട്ടുണ്ട്.
യുവതിക്കൊപ്പമുണ്ടായിരുന്ന രണ്ടുപേർ വിവരം പോലീസിൽ അറിയിച്ചതോടെ വാടാനപ്പള്ളി പോലീസ് ഇടപെട്ടാണ് യുവതിയെ ബെംഗളൂരുവിൽനിന്ന് തൃശ്ശൂരിലേക്ക് കൊണ്ടുവന്നത്. കഴിഞ്ഞ ദിവസം യുവതിയുടെ നില അതീവ ഗുരുതരാവസ്ഥയിൽ ആയതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ചൊവ്വാഴ്ച രാത്രിയോടെയാണ് മരണം സംഭവിച്ചത്
