ഒടുവിൽ ആശ്വാസ വാർത്ത! ബെംഗളൂരുവിൽ 'എബോള' സംശയം; നിരീക്ഷണത്തിലാക്കിയിരുന്ന യുവതിയുടെ പരിശോധന ഫലം നെഗറ്റീവ്

ഒടുവിൽ ആശ്വാസ വാർത്ത! ബെംഗളൂരുവിൽ 'എബോള' സംശയം; നിരീക്ഷണത്തിലാക്കിയിരുന്ന യുവതിയുടെ പരിശോധന ഫലം നെഗറ്റീവ്


ബെംഗളൂരു: ബെംഗളൂരുവിൽ എബോള വൈറസ് ബാധയെന്ന സംശയത്തെ തുടർന്ന് ആശങ്കയിലായിരുന്ന ആരോഗ്യവകുപ്പിനും ജനങ്ങൾക്കും വലിയ ആശ്വാസം. ബെംഗളൂരുവിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ഉഗാണ്ടൻ യുവതിയുടെ ആദ്യഘട്ട പരിശോധനാ ഫലം നെഗറ്റീവായതായി കർണാടക ആരോഗ്യവകുപ്പ് അറിയിച്ചു. കർണാടക ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവുവാണ് ഈ വിവരം ഔദ്യോഗികമായി പങ്കുവെച്ചത്.

ശരീരവേദന ഉൾപ്പെടെയുള്ള നേരിയ ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് കഴിഞ്ഞ ചൊവ്വാഴ്ചയാണ് 28-കാരിയായ ഉഗാണ്ടൻ സ്വദേശിനിയെ ബെംഗളൂരുവിലെ സർക്കാർ ആശുപത്രിയിലെ പ്രത്യേക ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയത്. എബോള വൈറസ് രോഗബാധ റിപ്പോർട്ട് ചെയ്തിട്ടുള്ള കിഴക്കൻ ആഫ്രിക്കൻ രാജ്യമായ ഉഗാണ്ടയിൽ നിന്നും ദിവസങ്ങൾക്ക് മുൻപാണ് ഇവർ ഇന്ത്യയിലെത്തിയത്. ആദ്യം ഗുജറാത്തിലെ അഹമ്മദാബാദിൽ എത്തിയ യുവതി പിന്നീട് ബെംഗളൂരുവിലേക്ക് വരികയായിരുന്നു.

യുവതിക്ക് എബോള ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ആരോഗ്യവകുപ്പ് ഉടനടി പ്രോട്ടോക്കോൾ പ്രകാരമുള്ള നടപടികൾ സ്വീകരിച്ചു. ഇവരുടെ രക്തസാമ്പിളുകൾ ശേഖരിച്ച് അതീവ സുരക്ഷയോടെ പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് (NIV) അയക്കുകയായിരുന്നു. ഇവിടെ നടത്തിയ വിദഗ്ദ്ധ പരിശോധനയിലാണ് സാമ്പിൾ നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചത്.