വിജയിയെ വെട്ടാന്‍ എഐഎഡിഎംകെയ്ക്ക് വേണ്ടി പുതിയ നീക്കവുമായി ടി ടി വി ദിനകരന്‍; എടപ്പാടിയെ മുഖ്യമന്ത്രിയാക്കാന്‍ ഗവര്‍ണര്‍ക്ക് കത്ത്! വിജയിയെ പിന്തുണയ്ക്കുമെന്ന് കരുതിയ എഎംഎംകെയ്ക്ക് ഒരേയൊരു എംഎല്‍എ മാത്രം; തമിഴ് മണ്ണില്‍ ദളപതിയുടെ സത്യപ്രതിജ്ഞ തുലാസിലായിരിക്കെ ഉപമുഖ്യമന്ത്രി പദത്തിനായി വിലപേശി വി സി കെ; ടിവികെയെ പിന്തുണയ്ക്കില്ലെന്ന് ലീഗും; സസ്‌പെന്‍സ് തുടരുന്നു

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തില്‍ ക്ലൈമാക്‌സ് സീനിനെ വെല്ലുന്ന അപ്രതീക്ഷിത ട്വിസ്റ്റുകള്‍. മുഖ്യമന്ത്രി കസേര സ്വപ്നം കണ്ട് സത്യപ്രതിജ്ഞയ്ക്ക് തയ്യാറെടുത്ത വിജയിന്റെ തമിഴക വെട്രി കഴകത്തെ (ടിവികെ) ഞെട്ടിച്ചുകൊണ്ട് എഎംഎംകെ നേതാവ് ടി.ടി.വി ദിനകരന്‍ രംഗത്തെത്തി. എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണമെന്ന് ആവശ്യപ്പെട്ട് ദിനകരന്‍ ഗവര്‍ണര്‍ക്ക് കത്ത് നല്‍കി. മന്നാര്‍ഗുഡിയില്‍ നിന്നുള്ള എഎംഎംകെ എംഎല്‍എ എസ്. കാമരാജ് എടപ്പാടിയെ പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കിയ കത്താണ് പുറത്തുവന്നത്.
നേരത്തെ വിജയിനെ പിന്തുണയ്ക്കുമെന്ന് കരുതിയിരുന്ന ദിനകരന്‍ നിലപാട് മാറ്റിയത് ടിവികെ ക്യാമ്പിനെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. തങ്ങള്‍ എന്‍ഡിഎയില്‍ തന്നെ തുടരുമെന്നും വിജയിനെ പിന്തുണയ്ക്കില്ലെന്നും ദിനകരന്‍ ആവര്‍ത്തിച്ചു. ഇതോടെ തമിഴ്‌നാട്ടില്‍ ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിപ്പിക്കാനുള്ള തന്ത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്.
വിസികെയുടെ വിലപേശല്‍; ഉപമുഖ്യമന്ത്രി പദം വേണം
മറുഭാഗത്ത് സഖ്യകക്ഷിയായ വിസികെ വിജയിന് മുന്നില്‍ കടുത്ത നിബന്ധനകള്‍ വെച്ചിരിക്കുകയാണ്. പാര്‍ട്ടി നേതാവ് തോള്‍ തിരുമാവളവനെ ഉപമുഖ്യമന്ത്രിയാക്കണമെന്നാണ് അവരുടെ ആവശ്യം. എന്നാല്‍ നഗരവികസന വകുപ്പ് നല്‍കാമെന്ന ഉറപ്പിലാണ് വിജയ് നില്‍ക്കുന്നത്. ഈ തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ വിസികെയുടെയും മുസ്ലീം ലീഗിന്റെയും (ഐയുഎംഎല്‍) പിന്തുണ കത്തുകള്‍ ഇതുവരെ വിജയിന് ലഭിച്ചിട്ടില്ല.
മുസ്ലീം ലീഗിന്റെ യുടേണ്‍
നേരത്തെ ടിവികെയെ പിന്തുണയ്ക്കുമെന്ന് അറിയിച്ചിരുന്ന മുസ്ലീം ലീഗ് നിലപാട് മാറ്റി. തങ്ങള്‍ ടിവികെയെ പിന്തുണയ്ക്കില്ലെന്നും ഇപ്പോഴും ഡിംഎംകെ സഖ്യത്തിനൊപ്പമാണെന്നും ലീഗ് പ്രഖ്യാപിച്ചു. ടിവികെയെ പിന്തുണച്ച് ലീഗ് കത്തയച്ചായി നേരത്തെ റിപ്പോര്‍ട്ട് വന്നിരുന്നു.
രാജ്ഭവനില്‍ വിജയ്; കയ്യിലുള്ളത് 116 പേര്‍ മാത്രം
വെള്ളിയാഴ്ച വൈകുന്നേരം ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറെ സന്ദര്‍ശിച്ച വിജയ് 116 എംഎല്‍എമാരുടെ ഒപ്പുകള്‍ ഹാജരാക്കി. എന്നാല്‍ കേവല ഭൂരിപക്ഷത്തിന് വേണ്ട 118 എന്ന മാന്ത്രിക സംഖ്യ തികയ്ക്കാന്‍ വിജയിനായില്ല. രണ്ട് കത്തുകളുടെ കുറവ് ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ അനുമതി നീട്ടിക്കൊണ്ടുപോവുകയാണ്. ഇതോടെ നാളെ (മെയ് 9) രാവിലെ 11 മണിക്ക് നടക്കുമെന്ന് കരുതിയ സത്യപ്രതിജ്ഞ അനിശ്ചിതത്വത്തിലായി. ലോഗ് ഭവന്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന പ്രകാരം ഭൂരിപക്ഷം ഉറപ്പാക്കാതെ വിജയിനെ മുഖ്യമന്ത്രിയായി വാഴിക്കില്ലെന്ന നിലപാടിലാണ് ഗവര്‍ണര്‍.
എടപ്പാടിയെ പിന്തുണയ്ക്കുന്ന എംഎല്‍എ കാമരാജ് ഇപ്പോള്‍ എഐഎഡിഎംകെ അംഗങ്ങള്‍ക്കൊപ്പം പുതുച്ചേരിയിലെ റിസോര്‍ട്ടിലാണെന്നും വിവരമുണ്ട്. അവസാന നിമിഷം എംഎല്‍എമാരെ ചാക്കിട്ടുപിടിക്കാനുള്ള നീക്കങ്ങള്‍ തമിഴ്‌നാട്ടില്‍ ശക്തമായതോടെ ദളപതിയുടെ രാഷ്ട്രീയ അരങ്ങേറ്റം അഗ്‌നിപരീക്ഷയായി മാറുകയാണ്.
