
കോട്ടയം: അലുമിനിയം തോട്ടി ഉപയോഗിച്ച് മാങ്ങ പറിക്കുന്നതിനിടയിൽ വൈദ്യുതാഘാതമേറ്റ് വീട്ടമ്മ മരിച്ചു (Vaikom electrocution death). വൈക്കം ആറാട്ടുകുളങ്ങര ഇടത്തിൽ അനിരുദ്ധന്റെ ഭാര്യ രമണി (64) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 11 മണിയോടെ ഇവരുടെ വീട്ടുപറമ്പിലായിരുന്നു നാടിനെ നടുക്കിയ ദാരുണ സംഭവം നടന്നത്.
വീട്ടുപറമ്പിലെ പ്ലാവിൽ നിന്നും അലുമിനിയം തോട്ടി ഉപയോഗിച്ച് മാങ്ങ പറിക്കുന്നതിനിടെ തോട്ടി അബദ്ധത്തിൽ സമീപത്തുണ്ടായിരുന്ന ഉയർന്ന ശേഷിയുള്ള വൈദ്യുതി ലൈനിൽ തട്ടുകയായിരുന്നു. ഷോക്കേറ്റ രമണിയുടെ നിലവിളി കേട്ട് സമീപത്ത് അയൽവാസിയുമായി സംസാരിച്ചുനിൽക്കുകയായിരുന്ന കാഴ്ച്ചപരിമിതിയുള്ള ഭർത്താവ് അനിരുദ്ധൻ ഓടിയെത്തി ഇവരെ രക്ഷിക്കാൻ ശ്രമിച്ചു. എന്നാൽ അനിരുദ്ധനും ശക്തമായ വൈദ്യുതാഘാതമേറ്റ് ദൂരേക്ക് തെറിച്ചുവീഴുകയായിരുന്നു.
തുടർന്ന് ഓടിക്കൂടിയ നാട്ടുകാരാണ് രമണിയെ തോട്ടിയിൽ നിന്നും വേർപെടുത്തിയത്. ഉടൻ തന്നെ ഇരുവരെയും വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രമണിയുടെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ അനിരുദ്ധൻ ആശുപത്രിയിൽ ചികിത്സയിലാണ്. രമണിയുടെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി
