ഫിറ്റ്നസിന്റെ പേരില്‍ ജിമ്മിലും ബാത്ത്‌റൂമിലും കൊണ്ടുപോയി പീഡിപ്പിച്ചു; നഗ്‌നചിത്രങ്ങള്‍ പകര്‍ത്തി ഭീഷണി; പീഡനം താങ്ങാനാവാതെ അതിജീവിത ആത്മഹത്യയ്ക്കും ശ്രമിച്ചു; ക്രിക്കറ്റ് കോച്ച് മനുവിന് നാലാമത്തെ കേസില്‍ 28 വര്‍ഷം കഠിനതടവ്; ആകെ ശിക്ഷ 127 വര്‍ഷം; മുന്‍പില്‍ ഇനിയും രണ്ട് കേസുകള്‍ കൂടി

തിരുവനന്തപുരം: ക്രിക്കറ്റ് പരിശീലനത്തിനെത്തിയ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ നിരന്തരം പീഡിപ്പിച്ച കേസില്‍ പ്രതിയായ വള്ളക്കടവ് ശ്രീവരാഹം സ്വദേശി മനു എം (40) ന് നാലാമത്തെ കേസിലും കനത്ത ശിക്ഷ. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിര്‍ള പ്രതിക്ക് 28 വര്‍ഷം കഠിന തടവും 54,000 രൂപ പിഴയും വിധിച്ചു. പ്രോസിക്യൂഷന്റെ ശക്തമായ വാദങ്ങള്‍ അംഗീകരിച്ച കോടതി, പ്രതി മുന്‍പ് ശിക്ഷിക്കപ്പെട്ട മൂന്ന് കേസുകളുടെ കാലാവധി കഴിഞ്ഞതിന് ശേഷം മാത്രമേ ഈ നാലാമത്തെ കേസിലെ തടവുശിക്ഷ ആരംഭിക്കാവൂ എന്ന് പ്രത്യേകം ഉത്തരവിട്ടു.
ഇതോടെ നാല് കേസുകളിലായി ഈ പ്രതിക്ക് ലഭിച്ച ആകെ ശിക്ഷ 127 വര്‍ഷം തടവും 2.23 ലക്ഷം രൂപ പിഴയുമാണ്. ഇതില്‍ വിവിധ വകുപ്പുകള്‍ പ്രകാരം ഒന്നിച്ച് 42 വര്‍ഷത്തെ തടവ് ശിക്ഷ പ്രതി അനുഭവിച്ചാല്‍ മതിയാകും.
ഫിറ്റ്നസിന്റെ പേരില്‍ ക്രൂരത; നഗ്‌നചിത്രങ്ങള്‍ പകര്‍ത്തി ഭീഷണി
2018 ജൂണിലാണ് ഇരയായ പെണ്‍കുട്ടി മനുവിന്റെ കീഴില്‍ ക്രിക്കറ്റ് കോച്ചിങ്ങിനായി എത്തുന്നത്. ആദ്യത്തെ കുറച്ചുദിവസങ്ങള്‍ക്ക് ശേഷം കുട്ടിയെ പ്രത്യേക പരിശീലനത്തിനെന്ന് വ്യാജേന ജിമ്മിലേക്കും, ഫിറ്റ്‌നസ് പരിശോധനയുടെ ഭാഗമാണെന്ന് വിശ്വസിപ്പിച്ച് ബാത്ത്‌റൂമിലേക്കും കൂട്ടിക്കൊണ്ടുപോയി പ്രതി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. ഇതിലൊതുങ്ങാതെ, ഫിറ്റ്‌നസ് വിലയിരുത്താനെന്ന പേരില്‍ കുട്ടിയുടെ നഗ്‌നചിത്രങ്ങളും പ്രതി മൊബൈലില്‍ പകര്‍ത്തി.
തുടര്‍ച്ചയായ പീഡനങ്ങളെത്തുടര്‍ന്ന് കടുത്ത വിഷാദ രോഗത്തിലായ പെണ്‍കുട്ടി 2021-ഓടെ ക്രിക്കറ്റ് പരിശീലനം നിര്‍ത്തി. ക്രൂരത താങ്ങാനാവാതെ കുട്ടി ഒരിക്കല്‍ ആത്മഹത്യയ്ക്കും ശ്രമിച്ചു. തുടര്‍ന്ന് വീട്ടുകാര്‍ മുന്‍കൈ എടുത്ത് മനോരോഗ വിദഗ്ദ്ധന്റെ സഹായത്തോടെ കുട്ടിയെ ചികിത്സയ്ക്ക് വിധേയയാക്കുകയായിരുന്നു. കുട്ടിയുടെ കരിയറും ക്രിക്കറ്റ് ഭാവിയും തകര്‍ക്കുമെന്ന് പ്രതി നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതിനാല്‍ ഈ വിവരങ്ങള്‍ പുറത്തുപറയാന്‍ പെണ്‍കുട്ടി ഭയപ്പെട്ടു.
വര്‍ഷങ്ങള്‍ക്ക് ശേഷം ടൂര്‍ണമെന്റ് ഗ്രൗണ്ടില്‍ വെച്ച് പിടിവീണു
2024-ല്‍ തിരുവനന്തപുരത്ത് വെച്ച് നടന്ന പെണ്‍കുട്ടികളുടെ ക്രിക്കറ്റ് ടൂര്‍ണമെന്റാണ് വഴിത്തിരിവായത്. കളി കാണാനെത്തിയ ഇരയായ കുട്ടി, വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതിയായ കോച്ച് മനുവിനെ അവിടെ വെച്ച് വീണ്ടും കണ്ടു. ഭയം നിയന്ത്രിക്കാനാവാതെ കുട്ടി നിലവിളിക്കുകയും ബഹളം വെക്കുകയും ചെയ്തതോടെയാണ് വര്‍ഷങ്ങളായി മൂടിവെക്കപ്പെട്ട പീഡനവിവരം പുറംലോകം അറിയുന്നത്. ഈ പെണ്‍കുട്ടി ധൈര്യം സംഭരിച്ച് പരാതി നല്‍കിയതോടെ, മനുവിന്റെ കെണിയില്‍ പെട്ടിരുന്ന മറ്റ് കുട്ടികളും പരാതികളുമായി മുന്നോട്ടുവന്നു.
തുടര്‍ന്ന് പ്രതിക്കെതിരെ മൊത്തം ആറ് പോക്‌സോ കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ നാല് കേസുകളിലെ വിചാരണ പൂര്‍ത്തിയാവുകയും പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തി കോടതി ശിക്ഷിക്കുകയുമായിരുന്നു. ബാക്കിയുള്ള രണ്ട് കേസുകളുടെ ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ടുകള്‍ ലഭിച്ച ശേഷം അവയുടെ വിസ്താരം ആരംഭിക്കും.
പ്രൊസീക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രൊസീക്യൂട്ടര്‍ ആര്‍.എസ്. വിജയ് മോഹന്‍ കോടതിയില്‍ ഹാജരായി. കന്റോണ്‍മെന്റ് പോലീസ് ഇന്‍സ്‌പെക്ടര്‍ പ്രജീഷ് ശശി, സബ് ഇന്‍സ്‌പെക്ടര്‍മാരായ ഷെഫിന്‍ എസ്., നിതിന്‍ നളന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഈ കേസില്‍ ശാസ്ത്രീയമായ അന്വേഷണം നടത്തി പ്രതിയെ കുടുക്കിയത്.
