വര്‍ഗീയ അധിക്ഷേപം നടത്തിയെന്ന പരാതി: നടന്‍ ടിനി ടോമിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം; നടപടി അന്‍സിബയുടെ സ്വകാര്യ അന്യായത്തില്‍; സ്ത്രീത്വത്തെ അപമാനിക്കല്‍ അടക്കമുള്ള പരാതികള്‍ എല്ലാം അന്വേഷിക്കണമെന്നും കോടതി നിര്‍ദേശം; താരസംഘടനയിലെ തമ്മിലടിയിലെ 'ജിഹാദി' പരാമര്‍ശം നിയമയുദ്ധത്തിലേക്ക്

വര്‍ഗീയ അധിക്ഷേപം നടത്തിയെന്ന പരാതി: നടന്‍ ടിനി ടോമിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം; നടപടി അന്‍സിബയുടെ സ്വകാര്യ അന്യായത്തില്‍; സ്ത്രീത്വത്തെ അപമാനിക്കല്‍ അടക്കമുള്ള പരാതികള്‍ എല്ലാം അന്വേഷിക്കണമെന്നും കോടതി നിര്‍ദേശം; താരസംഘടനയിലെ തമ്മിലടിയിലെ 'ജിഹാദി' പരാമര്‍ശം നിയമയുദ്ധത്തിലേക്ക്


കൊച്ചി: വര്‍ഗീയ അധിക്ഷേപം നടത്തിയെന്ന നടി അന്‍സിബ ഹസന്റെ പരാതിയില്‍ നടന്‍ ടിനി ടോമിനെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച് കോടതി. എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. പൊലീസ് കേസെടുക്കാത്തതിനെ തുടര്‍ന്നാണ് അന്‍സിബ കോടതിയെ സമീപിച്ചത്. സ്ത്രീത്വത്തെ അപമാനിക്കല്‍ അടക്കമുള്ള പരാതികള്‍ എല്ലാം അന്വേഷിക്കണമെന്നും കോടതി നിര്‍ദേശത്തിലുണ്ട്.

ഈ പരാതിയില്‍ കേസ് എടുക്കാന്‍ തെളിവ് ഇല്ലെന്നായിരുന്നു കടവന്ത്ര പൊലീസിന്റെ നിലപാട്. അന്‍സിബയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. ഈ അന്വേഷണത്തില്‍ പൊലീസ് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. ഈ പരാതിയില്‍ മതിയായ തെളിവുകള്‍ ഇല്ല. കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തിലുള്ള പരാതിയാണ്. അതുകൊണ്ട് കേസെടുക്കാനാകില്ല എന്ന നിലപാടിലായിരുന്നു പൊലീസ്. തുടര്‍ന്നാണ് അന്‍സിബ കോടതിയെ സമീപിച്ചത്.

തന്നെ ജിഹാദി എന്ന് വിളിച്ച് അധിക്ഷേപിച്ചു. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ളതാണ് ടിനിയുടെ പ്രവര്‍ത്തികള്‍. താന്‍ ചിലരെ മതം മാറ്റാന്‍ പ്രേരിപ്പിച്ചു എന്ന തരത്തിലുള്ള പരാമര്‍ശങ്ങളും ടിനി ഉന്നയിച്ചിട്ടുണ്ട്. അത് മറ്റുള്ളവരില്‍ നിന്ന് തനിക്ക് അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഇതില്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്നായിരുന്നു അന്‍സിബയുടെ പരാതി.

അതേസമയം കേസെടുത്തതില്‍ പ്രതികരിക്കാന്‍ ടിനി ടോം തയ്യാറായില്ല. സംഭവത്തില്‍ ടിനി ടോമിനെ പൊലീസ് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ടിനി ഈ ആരോപണം നിഷേധിക്കുകയും ചെയ്തിരുന്നു. ബോധപൂര്‍വം കെട്ടിചമച്ചതാണെന്നായിരുന്നു ടിനി ടോമിന്റെ വാദം. അന്‍സിബയ്‌ക്കെതിരെ ടിനി അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയതിനെക്കുറിച്ചോ അന്‍സിബ ആരെയെങ്കിലും മതം മാറ്റാന്‍ ശ്രമിച്ചെന്നു ടിനി പറഞ്ഞതായോ തനിക്കറിയില്ലെന്നാണു ശ്വേത മൊഴി നല്‍കിയതെന്നാണു വിവരം. ടിനി, അന്‍സിബയോടു മോശമായി പെരുമാറുന്നതിനു താന്‍ സാക്ഷിയാണെന്നു നീന കുറുപ്പ് പൊലീസിനു മൊഴി നല്‍കിയതായാണു സൂചന.

ടിനിയുടെയും ശ്വേത മേനോന്റെയും മൊഴിയെടുത്തതിനു പിന്നാലെ സമൂഹ മാധ്യമ കുറിപ്പുമായി അന്‍സിബ രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും ടാഗ് ചെയ്താണ് അന്‍സിബയുടെ കുറിപ്പ്. 'എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ തെറ്റുകള്‍ ചൂണ്ടിക്കാണിച്ചു ധാര്‍മികതയുടെ ഭാഗത്തു നിന്നതിനാലാണു ഞാന്‍ ഇത്രയ്ക്ക് അനുഭവിച്ചതെങ്കില്‍ വരാനിരിക്കുന്ന നടപടികളിലെ പ്രതികാരം എപ്രകാരമായിരിക്കും എന്നു നന്നായി മനസ്സിലാക്കുന്നു. ഒരു പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്താനുള്ള പൊലീസിന്റെ പരിധി, ആ പരാതിയില്‍ കേസെടുക്കാന്‍ തക്കതായ കുറ്റകൃത്യത്തെക്കുറിച്ചു പരാമര്‍ശിച്ചിട്ടുണ്ടോ എന്നു കണ്ടെത്തുക മാത്രമാണ്.

എന്നാല്‍, എഫ്‌ഐആര്‍ റജിസ്റ്റര്‍ പോലും ചെയ്യാതെ പരാതിക്കാരന്റെയും സാക്ഷികളുടെയും ഒരുപടി കൂടി കടന്നു പ്രതികളുടെ വരെ മൊഴിയെടുക്കുന്നു! ഒരു കേസ് പോലും റജിസ്റ്റര്‍ ചെയ്യാതെ എങ്ങനെയാണു പ്രതികളുടെ മൊഴിയെടുക്കുന്നത്? പ്രതികളും സിസ്റ്റവും ചേര്‍ന്നു കാട്ടിക്കൂട്ടുന്ന നാടകങ്ങളില്‍ ഞാന്‍ ഭയപ്പെടുന്നില്ല. കാരണം, വിദൂരതയിലാണെങ്കിലും ആ നീതിദേവതയുടെ മുഖം വളരെ അടുത്തെന്നോണം വ്യക്തമായി കാണാം'' അന്‍സിബ പറയുന്നു.

'എന്റെ ഓരോ തരിയിലും കത്തിയെരിയുന്ന ഈ വേദനയ്ക്ക് വാക്കുകളില്ല. ആദ്യം 'മേത്തച്ചി'യാക്കി, പിന്നെ 'ജിഹാദി'യാക്കി, മതപരിവര്‍ത്തനത്തിന്റെ പേരില്‍ എന്നെ ഒറ്റപ്പെടുത്തി. ജനപ്രതിനിധി മുതല്‍ പലരും ഇതിന് കൂട്ടുനിന്നു. പക്ഷേ, അതെല്ലാം കഴിഞ്ഞ് ആ ജനപ്രതിനിധിയുടെ മകന്‍ എനിക്ക് അയച്ച സന്ദേശം മാത്രം ബാക്കി: 'തളരരുത്'. ചാരുകസേരയില്‍ ഇരുന്ന് അവര്‍ എന്റെ സ്വഭാവഹത്യ നടത്തി. മഹാനടന്‍ മുതല്‍ സഹപ്രവര്‍ത്തകര്‍ വരെ, അവസാനമെന്റെ രണ്ടാനച്ഛന്റെ പേരില്‍ പോലും എന്നെ തേജോവധം ചെയ്തു. ഇപ്പോള്‍ സുഹൃത്തുക്കളിലേക്കും ആ ക്രൂരമായ വിരലുകള്‍ നീളുന്നു', അന്‍സിബ ആരോപിച്ചു.

'കൂടെപ്പിറന്ന നാല് സഹോദരങ്ങള്‍ കൂടി എനിക്കുണ്ട് എന്ന ചിന്ത പോലും അവര്‍ക്ക് എന്നെ തകര്‍ക്കാന്‍ തടസ്സമായില്ല. ലക്ഷങ്ങള്‍ ഒഴുക്കി പി.ആര്‍. ഏജന്‍സികളെക്കൊണ്ട് അവര്‍ എനിക്കെതിരെ ഗൂഢാലോചന മെനയുന്നു. ഇനിയും അവര്‍ ആക്രമിക്കും, ഇനിയും അവര്‍ എന്നെ വേട്ടയാടും. എനിക്കറിയാം. പക്ഷേ, എന്റെ സംഘടനയില്‍ ഞാന്‍ ചോദിച്ച, ഉത്തരമില്ലാത്ത ആ ചോദ്യങ്ങള്‍ വായുവില്‍ അലയുന്നുണ്ട്. അവ എന്നെന്നേക്കുമായി മൗനമാക്കപ്പെടില്ല', അന്‍സിബ വ്യക്തമാക്കി.

'ജീവന്‍ തന്നെ അപകടത്തിലാണെന്ന് അറിഞ്ഞിട്ടും ഞാന്‍ പൊരുതാന്‍ തീരുമാനിച്ചത്, എന്റെ ഒടുവിലത്തെ ആശ്രയം ഈ രാജ്യത്തിന്റെ നിയമം മാത്രമായതുകൊണ്ടാണ്. നീതി പുലരുമെന്ന ഉറച്ച വിശ്വാസത്തോടെ, ഈ ക്രൂരതകള്‍ക്കെതിരെ ഞാന്‍ ഇന്ന് പാലാരിവട്ടം പോലീസ് സ്റ്റേഷനില്‍ ഔദ്യോഗികമായി പരാതി നല്‍കിയിട്ടുണ്ട്. സത്യം വെളിച്ചത്തു വരിക തന്നെ ചെയ്യും. ഈ ഇരുളിലും എന്നെ മുന്നോട്ട് നയിക്കുന്നത് ആ നീതിയിലുള്ള വിശ്വാസം മാത്രമാണ്', അവര്‍ കൂട്ടിച്ചേര്‍ത്തു.

സാമൂഹികമാധ്യമങ്ങളില്‍ വ്യാജവും അശ്ലീലം നിറഞ്ഞതുമായ വീഡിയോ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് അന്‍സിബ കൊച്ചി പാലാരിവട്ടം പോലീസില്‍ പരാതി നല്‍കിയിരുന്നു. രാജിവെച്ച അമ്മ പ്രസിഡന്റ് ശ്വേതാ മേനോന്‍, വൈസ് പ്രസിഡന്റ് ലക്ഷ്മിപ്രിയ എന്നിവര്‍ക്കെതിരെയാണ് പരാതി. അമ്മ ഭാരവാഹിത്വം രാജിവെച്ചു പോകേണ്ടിവന്നതിലെ വ്യക്തിവൈരാഗ്യം മൂലം ലക്ഷ്മിപ്രിയയും ശ്വേതാ മേനോനും ചേര്‍ന്ന് തന്നെ വ്യക്തിഹത്യ ചെയ്യാനും സ്ത്രീത്വത്തെ അധിക്ഷേപിക്കാനുമായി വ്യാജമായ കാര്യങ്ങള്‍ കെട്ടിച്ചമച്ച് പ്രചരിപ്പിക്കുകയാണെന്ന് അന്‍സിബ ആരോപിച്ചു.