പ്രിയദർശിനി സൗജന്യ യാത്ര; ഏഴ് കോടിയിലേറെ ദിവസവും സ്ത്രീകളുടെ കൈകളിലേക്ക്, കുടുംബ ബജറ്റിനെ ശക്തിപ്പെടുത്തുന്നുവെന്ന് മന്ത്രി


പ്രിയദർശിനി സൗജന്യ യാത്ര; ഏഴ് കോടിയിലേറെ ദിവസവും സ്ത്രീകളുടെ കൈകളിലേക്ക്, കുടുംബ ബജറ്റിനെ ശക്തിപ്പെടുത്തുന്നുവെന്ന് മന്ത്രി


തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ പ്രിയദർശിനി സൗജന്യ യാത്രാപദ്ധതി കെഎസ്ആർടിസിക്ക് വരുമാന ബാധ്യതയുണ്ടാക്കുന്നുണ്ടെങ്കിലും സാധാരണക്കാരായ സ്ത്രീകളുടെ കുടുംബ ബജറ്റിനെ അത് വലിയ രീതിയിൽ സഹായിക്കുന്നുണ്ടെന്ന് ഗതാഗത മന്ത്രി സി പി ജോൺ. നിയമസഭയിൽ ധനാഭ്യർഥന ചർച്ചയ്ക്ക് മറുപടി നൽകുകയായിരുന്നു മന്ത്രി. പദ്ധതി പ്രാബല്യത്തിൽ വന്നതോടെ കെഎസ്ആർടിസി ബസുകളിലെ സ്ത്രീ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മുൻപ് പ്രതിദിനം 10 ലക്ഷം സ്ത്രീകൾ യാത്ര ചെയ്തിരുന്ന സ്ഥാനത്ത് നിലവിലത് 15 ലക്ഷമായി ഉയർന്നു. ഇതുവഴി കെഎസ്ആർടിസിക്ക് ദിനംപ്രതി രണ്ടര കോടിയോളം രൂപയുടെ ബാധ്യതയുണ്ടാകുന്നുണ്ട്. എങ്കിലും സാമ്പത്തികമായ കാഴ്ചപ്പാടിൽ പരിശോധിക്കുമ്പോൾ ദിവസേന ഏഴ് കോടിയിലധികം രൂപ സാധാരണക്കാരായ സ്ത്രീകളുടെ കൈകളിൽ നേരിട്ട് എത്തിക്കാൻ ഈ പദ്ധതിയിലൂടെ സാധിക്കുന്നുണ്ട്. പദ്ധതിക്കായി 600 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിരിക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.വരുന്നൂ സമഗ്ര ഗതാഗത നയം സംസ്ഥാനത്ത് സമഗ്രമായ ഒരു ഗതാഗത നയം രൂപീകരിക്കുന്നതിനുള്ള ആലോചനയിലാണ് സർക്കാരെന്ന് മന്ത്രി പറഞ്ഞു. പുതിയ നയത്തിൽ വാഹനങ്ങൾക്കൊപ്പം കാൽനട യാത്രക്കാരുടെ സുരക്ഷയ്ക്കും വലിയ പ്രാധാന്യം നൽകും. റോഡ് മുറിച്ചുകടക്കുമ്പോഴുണ്ടാകുന്ന അപകടങ്ങൾ കുറയ്ക്കുന്നതിനായി പ്രധാന ജങ്ഷനുകളിലെ സീബ്രാ ലൈനുകളുടെ വീതി വർധിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. കെഎസ്ആർടിസിയുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി 93 ഡിപ്പോകളിലും എംഎൽഎമാരുടെ നേതൃത്വത്തിൽ ജനകീയ മാനേജ്മെന്റ് കമ്മിറ്റികൾ രൂപീകരിക്കും. ആശുപത്രി മാനേജ്മെന്റ് കമ്മിറ്റികളുടെ മാതൃകയിലായിരിക്കും ഇവയുടെ പ്രവർത്തനം. കൂടാതെ ഗ്രാമവണ്ടികളുടെ എണ്ണം നിലവിലെ 58ൽ നിന്നും 500 ആയി ഉയർത്താൻ രാഷ്ട്രീയ ഭേദമന്യേ മുഴുവൻ എംഎൽഎമാരും സഹകരിക്കണമെന്നും മന്ത്രി നിയമസഭയിൽ ആവശ്യപ്പെട്ടു.മലിനീകരണം തടയാൻ വാഹന സെൻസസ് വായുമലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി കർശന നടപടികൾ സ്വീകരിക്കുമെന്നും ഇതിനായി സംസ്ഥാനത്തെ വാഹനങ്ങളുടെ കൃത്യമായ വിവരങ്ങൾ ശേഖരിക്കാൻ ഗതാഗത വകുപ്പിന്റെ നേതൃത്വത്തിൽ വാഹന സെൻസസ് നടത്തുമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. അന്തരീക്ഷ മലിനീകരണ സർട്ടിഫിക്കറ്റുകളുമായി ബന്ധപ്പെട്ട് ഇതര സംസ്ഥാനങ്ങളിൽ നടക്കുന്ന തരത്തിലുള്ള ക്രമക്കേടുകൾ കേരളത്തിൽ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.