13കാരിയുടെ വ്യാജ പീഡന പരാതി; കസ്റ്റഡിയിലെടുത്ത യുവാവ് ആശുപത്രിയിൽ, കേസിൽ ദുരൂഹത നീക്കാൻ പൊലീസ്
പത്തനംതിട്ട: പത്തനംതിട്ടയിലെ 13കാരിയുടെ വ്യാജ പീഡന പരാതിയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത് മർദ്ദിച്ചെന്ന ആരോപണം ഉന്നയിച്ച യുവാവ് ആശുപത്രിയിൽ. ഹൃദ്രോഗിയായ യുവാവ് ശ്വാസതടസ്സവും നെഞ്ചുവേദനയും അനുഭവപ്പെട്ടതോടെയാണ് ചികിത്സ തേടിയത്. 20കാരനായ യുവാവ് നിലവിൽ അടൂർ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം, 13 കാരിയുടെ വ്യാജപരാതിക്ക് പിന്നിലെ ദുരൂഹതനീക്കാൻ വിശദമായ അന്വേഷണത്തിനൊരുങ്ങുകയാണ് പൊലീസ്. പ്രണയ നൈരാശ്യം കൊണ്ടുമാത്രം സഹപാഠി ഉൾപ്പെടെ പത്ത് പേർക്ക് എതിരെ പീഡന പരാതി ഉയർത്തുമോ എന്ന സംശയമാണുള്ളത്. കേസിന്റെ പേരിൽ കസ്റ്റഡിയിലെടുത്തവരെ പൊലീസ് മർദ്ദിച്ചെന്ന ആക്ഷേപവുമായി രക്ഷിതാക്കൾ ഉൾപ്പെടെ രംഗത്തുവന്നിട്ടുണ്ട്.13 കാരിയുടെ മൊഴിയെ തുടർന്ന് 11 പേരെയാണ് രണ്ട് പോക്സോ കേസുകളായി പ്രതിചേർത്തത്. വ്യാജ പരാതിക്ക് പിന്നിൽ പ്രണയനൈരാശ്യമെന്ന് പൊലീസ് പറയുന്നുണ്ടെങ്കിലും ദുരൂഹത ഏറെയുണ്ട്. പ്രണയംതകർന്നതിന്‍റെ പേരിൽ സഹപാഠിയെയും സുഹൃത്തുക്കളെയും പോക്സോ കേസിൽ കുടുക്കാമെന്ന കുബുദ്ധി പെൺകുട്ടിക്ക് എവിടെ നിന്നുകിട്ടി. മറ്റാരുടെയെങ്കിലും പ്രേരണയുണ്ടോ എന്ന കാര്യം പൊലീസ് വിശദമായി അന്വേഷിക്കും. അതിനു ശേഷമാകും കേസുകൾ അവസാനിപ്പിക്കാനുള്ള റഫർ ചാർജ്ജ് കോടതിയിൽ കൊടുക്കുക. പെൺകുട്ടിയെ വീണ്ടും കൗൺസിലിങ് നടത്താനാണ് പൊലീസിൻ്റെ തീരുമാനം