തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യം വാങ്ങാനും ഉപയോഗിക്കാനുമുള്ള പ്രായപരിധി നിബന്ധന കൂടുതല്‍ കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. മദ്യം വാങ്ങാന്‍ 23 വയസ്സ് പൂര്‍ത്തിയാകണമെന്ന നിലവിലെ നിയമം ലംഘിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാന്‍ 'നോ ഐഡി നോ എന്‍ട്രി' (No ID No Entry) എന്ന കര്‍ണാടക മോഡല്‍ കേരളത്തിലും നടപ്പാക്കാനാണ് ആലോചന. ഇതുമായി ബന്ധപ്പെട്ട് എക്സൈസ് വകുപ്പ് തയ്യാറാക്കിയ ഫയല്‍ എക്സൈസ് മന്ത്രിയുടെ പരിശോധനയ്ക്ക് ശേഷം ഇപ്പോള്‍ മുഖ്യമന്ത്രിയുടെ അന്തിമ പരിഗണനയിലാണ്.
സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യത്തിന്റെ വില്‍പന യുവാക്കളെ ലക്ഷ്യമിട്ടാണെന്ന കനത്ത ആരോപണങ്ങള്‍ പ്രതിപക്ഷമുള്‍പ്പെടെ ഉയര്‍ത്തുന്നതിനിടെയാണ് പ്രായപരിധി കര്‍ശനമാക്കാനുള്ള ഈ സുപ്രധാന നീക്കം. ആദ്യകാലങ്ങളില്‍ കേരളത്തില്‍ മദ്യം വാങ്ങാനുള്ള പ്രായപരിധി 18 വയസ്സായിരുന്നു. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഇത് 21 വയസ്സായും, പിന്നീട് ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് 23 വയസ്സായും ഉയര്‍ത്തി നിയമം പരിഷ്‌കരിച്ചിരുന്നു. എന്നാല്‍ 23 വയസ്സിന് താഴെയുള്ളവര്‍ക്ക് മദ്യം നല്‍കരുത് എന്ന നിയമം ഉണ്ടെങ്കിലും പലയിടങ്ങളിലും ഇത് കൃത്യമായി നടപ്പാക്കപ്പെടുന്നില്ലെന്ന വിലയിരുത്തലിലാണ് പുതിയ കര്‍ണാടക മോഡല്‍ കൊണ്ടുവരുന്നത്.
ഈ പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ മദ്യശാലകളിലും ബാറുകളിലും എത്തുന്നവരുടെ പ്രായത്തില്‍ നേരിയ സംശയം തോന്നിയാല്‍ പോലും പ്രായം തെളിയിക്കുന്ന ഔദ്യോഗിക തിരിച്ചറിയല്‍ രേഖ ആവശ്യപ്പെടാന്‍ അധികൃതര്‍ക്ക് നിയമപരമായ അധികാരമുണ്ടാകും. പ്രായപൂര്‍ത്തിയാകാത്തവരും 23 വയസ്സ് തികയാത്തവരും മദ്യശാലകളിലേക്ക് പ്രവേശിക്കുന്നത് തടയാന്‍ കര്‍ശനമായ ചില നിര്‍ദ്ദേശങ്ങളാണ് സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്നത്. സര്‍ക്കാര്‍ അംഗീകൃത പ്രായം തെളിയിക്കുന്ന രേഖകള്‍ ഇല്ലാത്ത ഒരാളെയും പബ്ബുകളിലോ ബാറുകളിലോ പ്രവേശിപ്പിക്കാന്‍ പാടില്ല. പ്രവേശന കവാടത്തിലും ഒപ്പം മദ്യം ഓര്‍ഡര്‍ ചെയ്യുന്ന സമയത്തും കര്‍ശനമായ പരിശോധന ഉറപ്പാക്കണം. കൂടാതെ മദ്യശാലകളുടെ കവാടങ്ങളിലെ സിസിടിവി സംവിധാനങ്ങള്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അതിലെ ദൃശ്യങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തണം.
ഈ നിബന്ധനകളില്‍ എന്തെങ്കിലും തരത്തിലുള്ള നിയമലംഘനം കണ്ടെത്തിയാല്‍ ബാര്‍ ഉടമകള്‍, മാനേജര്‍മാര്‍, ലൈസന്‍സ് കൈവശമുള്ളവര്‍ എന്നിവര്‍ക്കെതിരെ നേരിട്ട് കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കും. കര്‍ണാടകയില്‍ കുട്ടികളുടെ സുരക്ഷയും ഭാവിയും മുന്‍നിര്‍ത്തി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, റസിഡന്റ് വെല്‍ഫെയര്‍ അസോസിയേഷനുകള്‍, സിറ്റിസണ്‍ ഗ്രൂപ്പുകള്‍ എന്നിവരുമായി സഹകരിച്ചാണ് പോലീസ് ഈ നിയമം കര്‍ശനമായി നടപ്പാക്കുന്നത്. ഇതേ മാതൃക പിന്തുടര്‍ന്ന് വാണിജ്യ ലാഭത്തിനായി ആരെയും നിയമം ലംഘിക്കാന്‍ അനുവദിക്കില്ലെന്ന കടുത്ത നിലപാടിലേക്ക് കേരളവും നീങ്ങുകയാണ്.
